Main Home | Feedback | Contact Mangalam
Ads by Google

ആനയെഴുന്നള്ളിപ്പ്‌: കുപ്രചാരണം നടത്തുന്നതായി പൂരം സംഘാടകര്‍

mangalam malayalam online newspaper

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ ആനയെഴുന്നള്ളിപ്പ്‌ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കു പുറകിലുള്ളവരെ തിരിച്ചറിയണമെന്ന്‌ പൂരം സംഘാടകര്‍. ഡോക്‌ടര്‍മാര്‍ പരിശോധിച്ചു ഫിറ്റ്‌ സര്‍ട്ടിഫിക്കറ്റിനുശേഷമേ ആനകളെ പൂരത്തിന്‌ എഴുന്നള്ളിക്കാറുള്ളൂവെന്നു ദേവസ്വം ഭാരവാഹികളായ സി. വിജയന്‍, എ. രാമചന്ദ്രപിഷാരടി എന്നിവര്‍ പറഞ്ഞു.
ആനകളെ പീഡിപ്പിക്കുന്നുവെന്ന്‌ മൃഗസംരക്ഷണബോര്‍ഡ്‌ പരിശോധനാടീം അംഗങ്ങള്‍ എന്ന പേരില്‍ നാലുപേര്‍ ഒപ്പിട്ട്‌ സുപ്രീംകോടതിയില്‍ നല്‍കിയ പരാതി പൂരം സംഘാടകരെ കരുതിക്കൂട്ടി കരിവാരിത്തേക്കാന്‍ വേണ്ടിയാണ്‌.
അഞ്ചുദിവസത്തെ പരിശീലനം കൊണ്ട്‌ മൃഗസംരക്ഷണ ബോര്‍ഡിന്റെ ഓണററി വെല്‍ഫെയര്‍ ഓഫീസറാകാമെന്നും ബോര്‍ഡിന്റെ മൂന്ന്‌ അംഗങ്ങളും ഇത്തരക്കാരാണെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി.
വിദേശസഹായം പറ്റി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി ബന്ധപ്പെട്ടവരാണ്‌ മൂന്നുപേരും. ഗജക്ഷേമബോര്‍ഡിന്റെ ചുമതല ആനകളടക്കമുള്ളവയുടെ ക്ഷേമവും സ്‌നേഹസമീപനവും സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും സ്‌റ്റാറ്റ്യൂട്ടറി സ്‌ഥാപനങ്ങള്‍ക്ക്‌ ഉപദേശം നല്‍കലുമാണെന്ന്‌ ഹൈക്കോടതിയില്‍ കഴിഞ്ഞ 14 ന്‌ മൃഗക്ഷേമബോര്‍ഡ്‌ അഭിഭാഷകന്‍ വ്യക്‌തമാക്കിയതാണ്‌. കീഴ്‌വഴക്കമനുസരിച്ച്‌ മൃഗസംരക്ഷണ ബോര്‍ഡിന്‌ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്‌ ആദ്യം അവരുടെ വെബ്‌സൈറ്റിലാണ്‌ പ്രസിദ്ധീകരിക്കേണ്ടത്‌.
എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌ വിദേശത്ത്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ഉള്ള പെറ്റ എന്ന സംഘടനയുടെ സൈറ്റിലാണ്‌. അതേസമയം വനം-പരിസ്‌ഥിതി വകുപ്പിന്റെ അധികാരപത്രവുമായി രണ്ടുപേര്‍ വന്ന്‌ എല്ലായിടത്തും പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിട്ടുണ്ട്‌. അത്‌ സുപ്രീംകോടതിയിലും സമര്‍പ്പിക്കുമെന്നാണ്‌ അറിയുന്നത്‌.
അവരുടെ റിപ്പോര്‍ട്ട്‌ കോടതിയിലെത്തിയിട്ടില്ല. അവരുടെ നിയമനത്തിനുശേഷമാണ്‌ മൃഗസംരക്ഷണ ബോര്‍ഡിന്റെ പ്രാതിനിധ്യം അവകാശപ്പെട്ട്‌ മറ്റൊരു ടീം എത്തിയത്‌.
മൃഗസംരക്ഷണബോര്‍ഡിന്‌ തൃശൂര്‍ പൂരത്തോടുമാത്രമാണ്‌ എതിര്‍പ്പ്‌. മറ്റൊരു ഉത്സവത്തിനും ഇത്തരം തടസവാദങ്ങളുന്നയിച്ചു കണ്ടിട്ടില്ല. ആനകള്‍ക്ക്‌ ശ്രദ്ധയോടെ പരിചരണം നല്‍കുന്ന മറ്റൊരു ഉത്സവവും കേരളത്തിലില്ലെന്നും സംഘാടകര്‍ അവകാശപ്പെട്ടു. ഫിറ്റ്‌നസ്‌ ഇല്ലാത്ത ആനകളെ തിരിച്ചയക്കുന്ന പതിവ്‌ തൃശൂര്‍ പൂരത്തിന്‌ മുമ്പേയുള്ളതാണ്‌. മുറിവുകളും മുറിപ്പാടുകളും തിരിച്ചറിയാന്‍ കഴിയാത്തവരാണ്‌ മുഴകളെ കുറിച്ച്‌ ആരോപണമുന്നയിക്കുന്നത്‌.
ആനകളുടെ നഖങ്ങളിലെ വിള്ളലുകള്‍ സാധാരണമാണ്‌. അനുബന്ധ പഴുപ്പില്ലെങ്കില്‍ അത്‌ രോഗമായി കണക്കാക്കാറുമില്ല. ആനകള്‍ക്ക്‌ നനഞ്ഞ പ്രതലമൊരുക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നേരത്തെ നടപ്പാക്കിയിട്ടുണ്ട്‌.
ഇരുമ്പുകൊണ്ടുള്ള അങ്കൂസ്‌ ഉപയോഗിക്കുന്നില്ലെന്നും ദേവസ്വങ്ങള്‍ വിശദീകരിച്ചു. ബോര്‍ഡ്‌ എന്ന പേരില്‍ രംഗത്തിറങ്ങിയിരിക്കുന്നവര്‍ ആനകളെ അവരുടെ ലൈസന്‍സിന്‌ വിധേയമാക്കിയെടുക്കാനാണ്‌ നോക്കുന്നതെന്നും ആരോപിച്ചു. ജില്ലാമോണിറ്ററിങ്‌ കമ്മിറ്റി അംഗം പരാതിയുണ്ടെങ്കില്‍ യോഗത്തില്‍ ഉന്നയിക്കാതെ തെരുവില്‍ വിലപിക്കുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളതെന്നും ചോദിച്ചു.
ചാനല്‍ചര്‍ച്ചകളില്‍ ആനകളെ ഉത്സവങ്ങളില്‍നിന്നു നിരോധിക്കണമെന്നു സ്‌ഥിരമായി വാദിക്കുന്ന വ്യക്‌തിയാണ്‌ ഇദ്ദേഹമെന്നും ചൂണ്ടിക്കാട്ടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top