Main Home | Feedback | Contact Mangalam
Ads by Google

എല്‍.ഡി.എഫ്‌. നേടി, താമര വിരിഞ്ഞു; യു.ഡി.എഫ്‌. നിലംപരിശായി

mangalam malayalam online newspaper

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരത്തില്‍ യു.ഡി.എഫ്‌. കടപുഴകി. 91 സീറ്റും മൂന്നില്‍രണ്ടിന്‌ അടുത്തെത്തിയ ഭൂരിപക്ഷവുമായി ഇനി ഇടതു ജനാധിപത്യ മുന്നണിയുടെ ഭരണകാലം. നിയമസഭയില്‍ മൂന്നാം മുന്നണിയുടെ സാന്നിധ്യമറിയിച്ച്‌ നേമം ബി.ജെ.പി. നേതാവ്‌ ഒ. രാജഗോപാലിനെ തെരഞ്ഞെടുത്തു. മുന്നണി സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച്‌ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്‌ തലയെടുപ്പു കാട്ടി.
നാലു മന്ത്രിമാരും നിയമസഭാ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമടക്കം ഭരണമുന്നണിയിലെ ഒട്ടേറെ പ്രമുഖര്‍ മണ്ണുകപ്പിയതിനു പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണറെ കണ്ട്‌ രാജി സമര്‍പ്പിക്കും. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനെപ്പോലും വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടി വന്‍വീഴ്‌ചയിലൂടെ പ്രതിപക്ഷത്തായ മുന്നണിയുടെ നേതൃസ്‌ഥാനം ഏല്‍ക്കില്ലെന്നാണു സൂചന. മുഖ്യമന്ത്രിയെ നിശ്‌ചയിക്കുക എന്ന കടമ്പ കടക്കാനായി സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്നു ചേരും.
പതിനാലു ജില്ലകളില്‍ പത്തിലും എല്‍.ഡി.എഫിന്റെ തേരോട്ടമാണു കണ്ടത്‌. കൊല്ലം ജില്ലയിലെ മുഴുവന്‍ സീറ്റും സ്വന്തമാക്കിയ അവര്‍ തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഒരു സീറ്റ്‌ മാത്രമാണ്‌ യു.ഡി.എഫിനു വിട്ടുകൊടുത്തത്‌. കൊല്ലം, ഇടുക്കി, കോഴിക്കോട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഒരാളെപ്പോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. വോട്ടിങ്‌ യന്ത്രത്തിന്റെ തകരാര്‍ മൂലം ഫലമറിയാന്‍ വൈകിയ വടക്കാഞ്ചേരി മാത്രമാണ്‌ തൃശൂരില്‍ കോണ്‍ഗ്രസിന്‌ ആശ്വാസമായത്‌. ആഞ്ഞടിച്ച ഇടതുതരംഗത്തിലും മുന്നണിയിലെ നവാഗതരായ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‌ ഒരു സീറ്റ്‌ പോലും കിട്ടിയില്ല. നിയമസഭയ്‌ക്കു പുറത്ത്‌ ആര്‍.എസ്‌.പിയും ജെ.ഡി.യുവും സി.എം.പി(ജോണ്‍)യും ഇവര്‍ക്കു കൂട്ടിനുണ്ടാകും. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതെപോയ ബി.ഡി.ജെ.എസിന്റെ രാഷ്‌ട്രീയ പ്രസക്‌തി ചോദ്യംചെയ്യപ്പെടും. അവര്‍ തോല്‍പ്പിക്കാന്‍ ആഗ്രഹിച്ച സ്‌ഥാനാര്‍ഥികള്‍ക്കു ജനം നല്‍കിയതു വന്‍ വിജയം.
സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ തകര്‍പ്പന്‍ വിജയം കണ്ട ധര്‍മടത്ത്‌ ഫലപ്രഖ്യാപനത്തിനു പിന്നാലെ അക്രമമുണ്ടായി. ഒരാള്‍ കൊല്ലപ്പെട്ടു. അക്രമമുണ്ടായതിനെത്തുടര്‍ന്ന്‌ കാസര്‍ഗോഡ്‌ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. 140 അംഗ നിയമസഭയിലെ അംഗബലം 67-ല്‍ നിന്ന്‌ 91 ആയി വര്‍ധിപ്പിച്ചാണ്‌ ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തുന്നത്‌. 74 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന്റേത്‌ 47 ആയി കുറഞ്ഞു. 58 സീറ്റുള്ള സി.പി.എമ്മാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി. അഞ്ചു സ്വതന്ത്രരെ തങ്ങളുടെ അക്കൗണ്ടില്‍ വിജയിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. 22 സീറ്റുമായി കോണ്‍ഗ്രസ്‌ രണ്ടാമത്തെ വലിയ കക്ഷി. സി.പി.ഐ. 19 സീറ്റും മുസ്ലിം ലീഗ്‌ 18 സീറ്റും നേടി. കേരളാ കോണ്‍ഗ്രസ്‌ എം. ആറു സീറ്റില്‍ ഒതുങ്ങി. അനൂപ്‌ ജേക്കബിന്റേതാണ്‌ യു.ഡി.എഫിന്റെ ശേഷിക്കുന്ന സീറ്റ്‌. ഇടതുമുന്നണിയില്‍ ജെ.ഡി.എസ.്‌ മൂന്നും എന്‍.സി.പി. രണ്ടും സീറ്റില്‍ വിജയിച്ചു. കേരളാ കോണ്‍ഗ്രസ്‌ ബി, സി.എം.പി(അരവിന്ദാക്ഷന്‍), ആര്‍.എസ്‌.പി(എല്‍), കോണ്‍ഗ്രസ്‌(എസ്‌) എന്നിവര്‍ ഓരോ സീറ്റ്‌ നേടി.ഏറെക്കാലമായി കൊതിപ്പിച്ച നേമം സീറ്റ്‌ സ്വന്തമാക്കിയാണ്‌ ബി.ജെ.പി. നിയമസഭയിലേക്കു കടന്നുവരുന്നത്‌. അവിടെ യു.ഡി.എഫ്‌. മൂന്നാം സ്‌ഥാനത്തേക്ക്‌ കൂപ്പുകുത്തി. ഏഴിടങ്ങളില്‍ രണ്ടാം സ്‌ഥാനത്തെത്തിയും എന്‍.ഡി.എ. കരുത്ത്‌ പ്രഖ്യാപിച്ചു. റീ കൗണ്ടിങ്ങിനു ശേഷമാണ്‌ മഞ്ചേശ്വരത്ത്‌ എന്‍.ഡി.എ. പരാജയം സമ്മതിച്ചത്‌. മുന്നണി സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച പി.സി. ജോര്‍ജിന്‌ വലിയ ഭൂരിപക്ഷമാണു പൂഞ്ഞാര്‍ സമ്മാനിച്ചത്‌. തിളക്കമാര്‍ന്ന വിജയത്തിനിടയിലും ഇത്‌ ഇടതുമുന്നണിക്കു കനത്ത പ്രഹരമായി. ജോര്‍ജിനെ തഴഞ്ഞ്‌ ഇടതു സ്‌ഥാനാര്‍ഥിയാക്കിയ പി.സി. ജോസഫ്‌ മൂന്നാം സ്‌ഥാനത്തായി. തൊടുപുഴയില്‍ പി.ജെ. ജോസഫ്‌ നേടിയ 45,587 ആണ്‌ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ഏറ്റവും കുറവ്‌ ഏറ്റവുമൊടുവില്‍ ഫലം പ്രഖ്യാപിക്കപ്പെട്ട വടക്കാഞ്ചേരിയില്‍. അവിടെ 43 വോട്ടിനാണ്‌ അനില്‍ അക്കര വിജയിച്ചത്‌.തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ കാല്‍ നൂറ്റാണ്ട്‌ സ്വന്തം അക്കൗണ്ടിലെഴുതിയ കെ. ബാബുവിനു മേല്‍ യുവനേതാവ്‌ എം. സ്വരാജ്‌ നേടിയ വിജയമാണ്‌ ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി. അഴിമതിവിരുദ്ധ തെരഞ്ഞെടുപ്പു യുദ്ധത്തിന്റെ കേന്ദ്രബിന്ദു എന്നാണ്‌ ബാര്‍ കോഴ ആരോപണത്തിന്റെ നിഴലിലായിരുന്ന എക്‌െസെസ്‌ മന്ത്രി കെ. ബാബുവിനെതിരായ പോരാട്ടത്തെ സി.പി.എം. വിശേഷിപ്പിച്ചിരുന്നത്‌. ഏറ്റവും വലിയ നേട്ടമായി യു.ഡി.എഫ്‌. അവതരിപ്പിച്ച മദ്യനയത്തിന്റെ ബാക്കിപത്രമായി ഈ തോല്‍വി.

കക്ഷിനില

എല്‍.ഡി.എഫ്‌. 91

സി.പി.എം.- 58
സി.പി.ഐ. - 19
ഇടതുസ്വതന്ത്രര്‍ - 5
ജെ.ഡി.(എസ്‌.)- 3
എന്‍.സി.പി - 2
കേരളാകോണ്‍. ബി - 1
ആര്‍.എസ്‌പി(എല്‍)- 1
സി.എം.പി (എ)- 1
കോണ്‍.(എസ്‌.)- 1
ഐ.എന്‍.എല്‍.- 0

യു.ഡി.എഫ്‌. 47

കോണ്‍ഗ്രസ്‌ - 22
മുസ്ലീം ലീഗ്‌ - 18
കേരളാ കോണ്‍(എം) - 6
കേരളാ കോണ്‍(ജെ) - 1
ആര്‍.എസ്‌.പി - 0
ജെ.ഡി.(യു) - 0
സി.എം.പി(ജോണ്‍) - 0

എന്‍.ഡി.എ. 1

മറ്റുള്ളവര്‍ 1

പി.സി. ജോര്‍ജ്‌ (സ്വത.)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top