Main Home | Feedback | Contact Mangalam
Ads by Google

സ്‌പീക്കര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌

mangalam malayalam online newspaper

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യ പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നു കേരള നിയമസഭയുടെ സ്‌പീക്കറായി എത്തുന്ന രണ്ടാമത്തെ വ്യക്‌തിയാണ്‌ പി. ശ്രീരാമകൃഷ്‌ണന്‍. എം. വിജയകുമാറാണ്‌ ഈ സ്‌ഥാനത്തിന്‌ അര്‍ഹനായ മറ്റൊരാള്‍. രണ്ടാമത്തെ നിയമസഭാ പ്രവേശത്തില്‍ ശ്രീരാമകൃഷ്‌ണന്‍ സ്‌പീക്കറായെങ്കില്‍ വിജയകുമാറിന്‌ അതു ലഭിച്ചത്‌ മൂന്നാം ഊഴത്തിലായിരുന്നുവെന്ന്‌ മാത്രം.
ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാപ്രസിഡന്റായിരുന്ന ശ്രീരാമകൃഷ്‌ണന്‍ കഴിഞ്ഞ തവണയാണ്‌ നിയമസഭയില്‍ ആദ്യമായി എത്തിയത്‌. സി.പി.എം. സംസ്‌ഥാനസമിതി അംഗം കൂടിയാണ്‌ പി. ശ്രീരാമകൃഷ്‌ണന്‍.
പി.ഗോവിന്ദന്‍നായരുടെയും പി. ശ്രീലതയുടെയും മകനായി 1967 ല്‍ പെരിന്തല്‍മണ്ണയിലാണ്‌ ശ്രീരാമകൃഷ്‌ണന്‍ ജനിച്ചത്‌. ആദ്യ കാല കമ്യൂണിസ്‌റ്റ്‌ നേതാവായ അച്‌ഛനില്‍ നിന്നാണ്‌ മകനും വിപ്ലവവീര്യം പകര്‍ന്നുകിട്ടിയത്‌. പന്ത്രണ്ടാം വയസില്‍ ദേശാഭിമാനി ബാലസംഘം സെക്രട്ടറി പദമെത്തി. എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റ്‌ അംഗം, ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യ പ്രസിഡന്റ്‌, സംസ്‌ഥാന യുവജന ക്ഷേമബോര്‍ഡ്‌ ചെയര്‍മാന്‍, ഏഷ്യാ പസഫിക്ക്‌ വേള്‍ഡ്‌ ഫെഡറേഷന്‍ ഓഫ്‌ ഡമോക്രാറ്റിക്‌ യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ എന്നിങ്ങനെ ശ്രീരാമകൃഷ്‌ണനെ തേടിയെത്തിയ പദവികള്‍ അനവധി.
വിദ്യാര്‍ഥി യുവജന സംഘടനകളുടെ സമരമുഖത്തെ മുന്നണിപ്പോരാളിയും സെക്രട്ടേറിയറ്റിനുമുന്നിലും നിയമസഭക്കുമുന്നിലും ഒരുപാട്‌ സമരങ്ങള്‍ നയിച്ച നേതാവുമാണ്‌ ശ്രീരാമകൃഷ്‌ണന്‍. മാണിക്കെതിരായ സമരത്തില്‍ സഭയിലും മുന്‍നിരയില്‍ തന്നെയായിരുന്നു സ്‌ഥാനം. അന്നു തകര്‍ത്ത കസേരയിലേക്ക്‌ സഭയുടെ നാഥനായി ഇനി എല്ലാം നിയന്ത്രിക്കുക എന്നതാണ്‌ ചുമതല.
പൊന്നാനിയില്‍ നിന്നാണ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 35 വര്‍ഷത്തിനുശേഷം മലബാറില്‍ നിന്നൊരു സ്‌പീക്കര്‍ എന്ന പ്രത്യേകതയുമുണ്ട്‌. കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്‌ സ്‌പീക്കറാണ്‌ ശ്രരാമകൃഷ്‌ണന്‍. പതിനാലാം കേരള നിയമസഭയാണെങ്കിലും പല സഭകളിലും ഒന്നിലേറെ സ്‌പീക്കര്‍ മാര്‍ വന്ന സാഹചര്യത്തിലാണ്‌ സഭാനാഥന്‍മാരുടെ എണ്ണം വര്‍ധിച്ചത്‌. ഇതിനിടയില്‍ രണ്ടുപേര്‍ രണ്ടുതവണ സ്‌പീക്കര്‍മാരായിട്ടുമുണ്ട്‌. വക്കം പുരുഷോത്തമന്‍ 82-84ലും 2001-04ലും സ്‌പീക്കറായിരുന്നു. തേറമ്പില്‍ രാമകൃഷ്‌ണന്‍ 95-96ലും 2004-06 ലും പദവി വഹിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top