Main Home | Feedback | Contact Mangalam
Ads by Google

കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെന്ന പ്രതീക്ഷ പൊലിയുന്നു: റിലയന്‍സും ടാറ്റയും വഞ്ചിച്ചു ; വന്‍കിട ഊര്‍ജ പദ്ധതികള്‍ പാളുന്നു

mangalam malayalam online newspaper

പത്തനംതിട്ട: രാജ്യത്തെ വൈദ്യുതി ക്ഷാമത്തിന്‌ ഒറ്റമൂലി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന അള്‍ട്രാ മെഗാ പവര്‍ പദ്ധതികള്‍ പാളുന്നു.
സൗജന്യനിരക്കില്‍ കല്‍ക്കരി പാടങ്ങള്‍ സ്വന്തമാക്കിയ ശേഷം അമിത വിലയ്‌ക്ക്‌ വൈദ്യുതി വില്‍ക്കാന്‍ കുത്തക കമ്പനികള്‍ നടത്തിയ നീക്കമാണിതിനു കാരണം. ഇതോടെ കേന്ദ്രത്തില്‍ നിന്നും ഭാവിയില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷയും പൊലിഞ്ഞു. വൈദ്യുതി ക്ഷാമത്തിനു പരിഹാരമായി എക്കാലവും കേന്ദ്രത്തെ ആശ്രയിക്കാമെന്ന സംസ്‌ഥാനത്തിന്റെ പ്രത്യാശയ്‌ക്ക്‌ ഏറ്റ തിരിച്ചടികൂടിയാണ്‌ അള്‍ട്രാ മെഗാ പവര്‍ പദ്ധതികളില്‍ നിന്നുള്ള വന്‍കിട കമ്പനികളുടെ പിന്‍മാറ്റമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മൂവായിരം മെഗാവാട്ടില്‍ കൂടുതല്‍ ശേഷിയുള്ള പദ്ധതികളാണ്‌ അള്‍ട്രാ മെഗാ പവര്‍ പ്രോജക്‌ടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. വൈദ്യുതി ഉല്‍പ്പാദന രംഗത്ത്‌ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനൊപ്പം ചെലവുകുറഞ്ഞ രീതിയില്‍ വൈദ്യുതോല്‍പ്പാദനം നടത്തുക എന്നതായിരുന്നു കേന്ദ്ര ലക്ഷ്യം. പദ്ധതിക്കായി നികുതിയിളവുകളും പ്രഖ്യാപിച്ചിരുന്നു.
കൂടാതെ ഇന്ധന ലഭ്യതയ്‌ക്കായി കല്‍ക്കരിപ്പാടങ്ങള്‍ റിലയന്‍സ്‌, ടാറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കു പതിച്ചു നല്‍കി. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്കു തീരുവ ഇളവു ചെയ്‌തു കൊടുത്തു. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു നല്‍കാം എന്ന്‌ ഉറപ്പു നല്‍കിയ കമ്പനികള്‍ക്കു മാത്രമാണു പദ്ധതി നല്‍കിയത്‌. എന്നാല്‍ വ്യവസ്‌ഥകള്‍ പാലിക്കാതെ വൈദ്യുതി വില കൂട്ടണമെന്നാവശ്യപ്പെട്ട്‌ റിലയന്‍സും ടാറ്റയും പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ തയാറായതോടെയാണ്‌ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റത്‌.ആകെ നാല്‌ പദ്ധതികളാണ്‌ ആദ്യഘട്ടത്തില്‍ നല്‍കിയത്‌.
ഇതില്‍ മൂന്നെണ്ണം റിലയന്‍സും ഒരെണ്ണം ടാറ്റ പവറുമാണ്‌ ഏറ്റെടുത്തത്‌. എന്നാല്‍ ഒരോ പദ്ധതി വീതമാണ്‌ ടാറ്റയും റിലയന്‍സും പൂര്‍ത്തീകരിച്ചത്‌. മധ്യപ്രദേശിലെ നസന്‍ (3960 മെഗാവാട്ട്‌), ആന്ധ്രാ പ്രദേശിലെ കൃഷ്‌ണപട്ടണം (4000 മെഗാവാട്ട്‌), ഝാര്‍ഖണ്ഡിലെ തിലയ്യ (3960 മെഗാവാട്ട്‌), എന്നിവ റിലയന്‍സ്‌ ഏറ്റെടുത്തപ്പോള്‍ ഗുജറാത്തിലെ മുന്ദ്ര (4000) ടാറ്റ പവറാണ്‌ ഏറ്റെടുത്തത്‌.
ഒഡീഷയിലെ ബേഡാബഹല്‍ (4000 മെഗാവാട്ട്‌), തമിഴ്‌നാട്ടിലെ ചെയ്യൂര്‍ (4000 മെഗാവാട്ട്‌ ) എന്നിവ ആരും ഏറ്റെടുത്തില്ല. ഇതില്‍ തിലയ്യ, കൃഷ്‌ണപട്ടണം പദ്ധതികളില്‍ നിന്നും റിലയന്‍സ്‌ പിന്മാറി. പൂര്‍ത്തിയാക്കിയ ബാക്കി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിക്ക്‌ കരാറില്‍ നിന്നും വിരുദ്ധമായി കൂടുതല്‍ പണമാണ്‌ റിലയന്‍സും ടാറ്റയും വാങ്ങുന്നത്‌. പ്രഖ്യാപിത പദ്ധതികള്‍ പുനര്‍ ലേലം നടത്തി വീണ്ടും സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍കാനുള്ള നീക്കമാണ്‌ കേന്ദ്രം നടത്തിവരുന്നതെന്നറിയുന്നു.
യൂണിറ്റിന്‌ 1.77 രൂപയ്‌ക്ക്‌ വൈദ്യുതി നല്‍കാമെന്ന കരാറിലാണ്‌ തിലയ്യയില്‍ റിലയന്‍സ്‌ പദ്ധതി നടപ്പാക്കാമെന്ന കരാറില്‍ ഒപ്പിട്ടത്‌. എന്നാല്‍ പദ്ധതി പുനര്‍ലേലം ചെയ്യുന്നതോടെ വൈദ്യുതി നിരക്ക്‌ വര്‍ധിക്കും. ആന്ധ്രാ പ്രദേശിലെ കൃഷ്‌ണപട്ടണം പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന്‌ ഈ വര്‍ഷം ജനുവരിയിലാണ്‌ റിലയന്‍സ്‌ കേന്ദ്രത്തെ അറിയിച്ചത്‌. യൂണിറ്റിന്‌ 2.33 രൂപാ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. നിരക്ക്‌ വര്‍ധിപ്പിക്കാതെ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ്‌ ഇപ്പോഴത്തെ വാദം.

സജിത്ത്‌ പരമേശ്വരന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top