Main Home | Feedback | Contact Mangalam
Ads by Google

സമഗ്ര ആരോഗ്യ പരിരക്ഷാപദ്ധതി: പുതിയ അംഗത്വത്തിന്‌ കടുത്ത നിയന്ത്രണം വരുന്നു

mangalam malayalam online newspaper

ആലപ്പുഴ: സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി(ആര്‍.എസ്‌.ബി.വൈ)യില്‍ അംഗത്വം പുതുക്കല്‍ നടപടി പുരോഗമിക്കവേ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ കുടുംബങ്ങളെ ചേര്‍ക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു. സംസ്‌ഥാനത്ത്‌ 35 ലക്ഷത്തോളം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമായ സാഹചര്യത്തിലാണ്‌ നിയന്ത്രണനീക്കം.
പുതിയതായി എ.പി.എല്‍. കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിലാണു വ്യവസ്‌ഥകള്‍ കൊണ്ടുവരുന്നത്‌. ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത കുടുംബങ്ങള്‍ക്കു പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. എന്നാല്‍ നിലവിലുള്ള എ.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ അംഗത്വം പുതുക്കി നല്‍കുന്നതിന്‌ തടസമില്ല.
ബി.പി.എല്‍. വിഭാഗത്തിന്‌ പൂര്‍ണമായും സൗജന്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്നുണ്ട്‌. എ.പി.എല്‍. വിഭാഗത്തില്‍ നിന്ന്‌ 750 രൂപ വാര്‍ഷിക പ്രീമിയംതുക ഈടാക്കിയാണ്‌ കഴിഞ്ഞ തവണ അംഗമാക്കിയിരുന്നത്‌. ഇതിനുമുമ്പ്‌ പ്രീമിയം തുക 400 ആയിരുന്നു. പ്രതിവര്‍ഷം ഒരു കുടുംബത്തിന്‌ 30000 രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതി പ്രകാരം ലഭ്യമാകുന്നത്‌. കൂടാതെ ഹൃദ്‌രോഗം, വൃക്കരോഗം, അര്‍ബുദം തുടങ്ങിയവ ബാധിച്ചവര്‍ക്ക്‌ 70,000 രൂപയുടെ ചികിത്സകൂടി ലഭിക്കും.
കുടുംബനാഥനോ, നാഥയോ അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക്‌ രണ്ടുലക്ഷം രൂപ നല്‍കുമെന്നാണ്‌ വ്യവസ്‌ഥയെങ്കിലും പലര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. ബി.പി.എല്‍. വിഭാഗങ്ങള്‍ക്കു വേണ്ടിവരുന്ന പ്രീമിയത്തിന്റെ ഒരു പങ്ക്‌ കേന്ദ്രവും ബാക്കി സംസ്‌ഥാനവുമാണ്‌ വഹിക്കുന്നത്‌.
പൊതുമേഖലയിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ട്‌ നടത്തിയാല്‍ മതിയെന്ന കേന്ദ്രനയത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ നടത്തിപ്പിന്‌ സൊസൈറ്റി രൂപീകരിക്കാന്‍ ഒരുവര്‍ഷം മുമ്പ്‌ ആലോചന നടന്നിരുന്നു. എന്നാല്‍ നടപടികള്‍ മുന്നോട്ടുപോയില്ല. നിലവില്‍ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനി തന്നെയാണ്‌ പദ്ധതിയുമായി സഹകരിച്ചുപോരുന്നത്‌. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്ന പദ്ധതി ഇപ്പോള്‍ ആരോഗ്യമന്ത്രാലയത്തിന്‌ കീഴിലാണ്‌. ഇതുപ്രകാരം സംസ്‌ഥാന ആരോഗ്യവകുപ്പാണ്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ്‌ കൂടുതല്‍ കുടുംബങ്ങളെ പദ്ധതിയില്‍ ചേര്‍ക്കുന്നതില്‍നിന്ന്‌ അധികൃതര്‍ പിന്മാറുന്നത്‌.
ഇപ്പോഴത്തെ അംഗത്വം പുതുക്കല്‍ ജോലികള്‍ക്കുശേഷം പുതിയതായി അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കാനാണ്‌ തീരുമാനം. ഇതിനായി അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓഗസ്‌റ്റ്‌ മാസത്തില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കും.

ജി. ഹരികൃഷ്‌ണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top