Main Home | Feedback | Contact Mangalam
Ads by Google

ഉദ്യോഗസ്‌ഥര്‍ക്കു മുഖ്യമന്ത്രിയുടെ താക്കീത്‌ : കസേരയില്‍ കാണണം ; ഫയല്‍ വൈകിക്കരുത്‌

mangalam malayalam online newspaper

തിരുവനന്തപുരം: സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാത്ത ഉദ്യോഗസ്‌ഥര്‍ ശിക്ഷയനുഭവിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്‌. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്നിലെത്തുന്ന ഫയലുകളില്‍ സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങളാണെന്ന്‌ ഓര്‍ക്കണം- മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായി ഫയലുകള്‍ താമസിപ്പിച്ചാല്‍ മറുപടി പറയേണ്ടിവരും.അത്തരക്കാരെ സര്‍ക്കാര്‍ സഹായിക്കില്ല. ഫയല്‍ മുകളിലോട്ടു തട്ടിവിടുന്ന സമ്പ്രദായം ആശാസ്യമല്ല. സെക്രട്ടേറിയറ്റിലെ സന്ദര്‍ശനസമയത്ത്‌ ഔദ്യോഗികചര്‍ച്ചകളും യോഗങ്ങളും ഒഴിവാക്കി, ജനങ്ങള്‍ക്ക്‌ അവസരം നല്‍കണം. ബ്രിട്ടീഷുകാരുടെ കാലത്തെ ഫയല്‍ നോട്ടരീതിയാണു നാമിപ്പോഴും പിന്തുടരുന്നത്‌. ഈ നെഗറ്റീവ്‌ രീതി മാറണം. ജനം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭരണത്തില്‍ സര്‍ക്കാര്‍നയങ്ങളായി പ്രതിഫലിക്കും. സര്‍വീസ്‌ സംഘടനകള്‍ക്കു സാമൂഹികപ്രതിബദ്ധതയുണ്ട്‌. അതു ജോലിയില്‍ ജീവനക്കാരും കാട്ടണം. സര്‍ക്കാരിനെ സേവിക്കുകയെന്നാല്‍ സമൂഹത്തെ സേവിക്കുകയെന്നാണെന്നു തിരിച്ചറിഞ്ഞ്‌ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. സാധാരണഗതിയില്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെക്കുറിച്ച്‌ അഴിമതി ആക്ഷേപം വന്‍തോതില്‍ ഉയര്‍ന്നുകേള്‍ക്കാറില്ല. എന്നാല്‍ ചില ആളുകള്‍ സ്‌ഥിരമായി സെക്രട്ടേറിയറ്റില്‍ കറങ്ങുന്നുണ്ട്‌. അവരെ കണ്ടാല്‍തന്നെ അറിയാം. പ്രത്യേകം ശ്രദ്ധിക്കണം. ഒരു സഞ്ചിയും തൂക്കി ഓഫീസിന്റെ ഇടനാഴികളില്‍ കറങ്ങുന്നതു നല്ല ശീലമല്ല. നിങ്ങളെ ഉപയോഗിച്ച്‌ അഴിമതി നടത്താനാണ്‌ അവരുടെ ശ്രമമെങ്കില്‍ തടയണം.

അറ്റന്‍ഡര്‍ അവധിയിലായാല്‍പോലും ഫയല്‍ നീക്കം താമസിക്കുന്ന അവസ്‌ഥ ഒഴിവാക്കണം. ഒരു സെക്രട്ടറി പല മന്ത്രിമാരുടെ വകുപ്പുകള്‍ നോക്കുന്ന അവസ്‌ഥയുണ്ടായിരുന്നു. അതു മാറുകയാണ്‌. കൃത്യത ഉറപ്പാക്കാനാണു പഞ്ചിങ്‌ സമ്പ്രദായം. എന്നാല്‍, രാവിലെ പഞ്ച്‌ ചെയ്‌തശേഷം പുറത്തുകടന്നാല്‍ എന്താണു പ്രയോജനം? സെക്രട്ടേറിയറ്റിന്‌ ഒരു ദുഷ്‌പേരുണ്ട്‌. രാവിലെ വന്നാല്‍ കസേരയിലുണ്ടാകുന്ന ജീവനക്കാരുടെ എണ്ണം വിരളമാണ്‌. ഓഫീസ്‌ സമയത്ത്‌ അവരവരുടെ ചുമതല അവിടെയിരുന്ന്‌ നിര്‍വഹിക്കണം. എല്ലാ വിശേഷങ്ങളും പറയാനുള്ള ഒന്നായി ഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്‌. നമ്മുടെ സമയത്തില്‍ വലിയ കുറവാണ്‌ അതുമൂലം സംഭവിക്കുന്നത്‌. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രം ഫോണ്‍ ഉപയോഗിക്കുക. ഓഫീസ്‌ സമയത്ത്‌ സാഹിത്യവാസന പരിപോഷിപ്പിക്കാന്‍ നോക്കണ്ട. അതിനുവേറേ സമയം കണ്ടെത്തണം.

രാവിലെ വന്നു, ചായ കുടിക്കാന്‍ പോയി, ഊണു കഴിക്കാന്‍ പോയി, അതു കഴിഞ്ഞാല്‍ ട്രെയിനിന്റെ സമയത്തിനു നേരത്തേ പോയി. ഇത്തരം ആക്ഷേപങ്ങള്‍ സെക്രട്ടേറിയറ്റ്‌ ജീവനക്കാരെപ്പറ്റിയുണ്ട്‌. സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം. സ്‌ഥലംമാറ്റത്തിനു കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. സ്‌റ്റേറ്റ്‌ സിവില്‍ സര്‍വീസ്‌ എന്ന ആശയം എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലുള്ളതാണ്‌. എന്നാല്‍, അത്‌ ആവശ്യമോയെന്നു പരിശോധിക്കും. സര്‍വീസ്‌ സംഘടനകളുമായി ചര്‍ച്ചചെയ്‌ത്‌ ധാരണയിലെത്തും. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിലെ ഡയറക്‌ടറേറ്റ്‌ രീതിയിലേക്കു മാറുന്നതു പരിശോധിച്ച്‌ വികേന്ദ്രീകൃത സംവിധാനം ആവശ്യമെങ്കില്‍ ഉറപ്പാക്കും. സര്‍വീസ്‌ സംഘടനകളെ വിശ്വാസത്തിലെടുത്തേ തുടര്‍നടപടി സ്വീകരിക്കൂ. ഭരണ നിര്‍വഹണ മാന്വലുകള്‍ പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസില്‍ രാഷ്‌ട്രീയ അതിപ്രസരം അനുവദിക്കില്ല

തിരുവനന്തപുരം: പോലീസില്‍ രാഷ്‌ട്രീയ അതിപ്രസരം അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഉദ്യോഗസ്‌ഥര്‍ക്കും മനസില്‍ രാഷ്‌ട്രീയമുണ്ടാകും. അതവരുടെ പ്രവര്‍ത്തനത്തില്‍ നിഴലിക്കരുത്‌. കക്ഷിരാഷ്‌ട്രീയത്തിനതീതമായ മാതൃകാപ്രവര്‍ത്തനമാണു സര്‍ക്കാരും ജനങ്ങളും പോലീസില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പുചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനു സംഘടനാസ്വാതന്ത്ര്യം അനുവദിച്ചത്‌ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കാനുമാണ്‌. എന്നാല്‍, അതിനു വിരുദ്ധമായ പല സംഭവങ്ങളും സേനയില്‍ നടന്നിട്ടുണ്ട്‌. അതു ശരിയല്ല. പോലീസ്‌ സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കു പ്രത്യേകസംരക്ഷണം ലഭിക്കുമെന്ന ചിന്താഗതി വേണ്ടെന്നും മുഖ്യമന്ത്രി താക്കീത്‌ നല്‍കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top