Main Home | Feedback | Contact Mangalam
Ads by Google

വര്‍ത്തമാനകാലത്തിന്റെ നോട്ടമാണ്‌ കഥകള്‍-എസ്‌.ആര്‍. ലാല്‍

mangalam malayalam online newspaper

മലയാള ചെറു കഥയില്‍ തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളില്‍ പുതിയ ഭാവുകത്വം പ്രകടിപ്പിക്കുന്ന രചനകളുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ കടന്നു വന്നു. അവരെല്ലാം തന്നെ സ്വതന്ത്രമായ നിലനില്‍പ്പ്‌ ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ എഴുത്തില്‍ സാധിച്ചെടുക്കുകയും ചെയ്‌തു. അക്കൂട്ടത്തില്‍ ശ്രദ്ധേയനാണ്‌ എസ്‌. ആര്‍. ലാല്‍. ലളിതമായ, സാമൂഹിക പ്രതിബദ്ധതയുള്ള കഥകളുടെ പ്രചാരകനായ ലാലിന്റെ ഇത്ര കാലത്തെ എഴുത്തു ജീവിതത്തിനിടയില്‍ രണ്ട്‌ ചെറുകഥാസമാഹാരങ്ങളും രണ്ട്‌ നോവലുകളും രണ്ട്‌ സമാഹരണ പുസ്‌തകങ്ങളും വായനക്കാര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഗ്രന്ഥലോകം മാസികയുടെ സഹപത്രാധിപര്‍ കൂടിയായ ലാല്‍ തന്റെ എഴുത്തുജീവിതം പറയുകയാണ്‌ ഈ ലഘു സംസാരത്തിലൂടെ

? അനാഥത്വത്തിന്റെ ഭാരം പേറുന്ന വാര്‍ധക്യത്തിന്റെ വിഹ്വലതകളിലൂടെ താങ്കളിലെ കഥാകാരന്‍ യാത്ര ചെയ്‌തിട്ടുണ്ട്‌. അത്തരം കാഴ്‌ചകളില്‍ നിന്ന്‌ മലയാള കഥ നോട്ടം മാറ്റിയ പുതിയ കാലത്തെ എങ്ങിനെ വിലയിരുത്തുന്നു
വര്‍ത്തമാനകാലത്തിന്റെ നോട്ടമാണ്‌ എന്നെ സംബന്ധിച്ച്‌ കഥകള്‍. വര്‍ത്തമാനകാലം കഥയ്‌ക്കകത്ത്‌ കടന്നുവരാതെ വയ്യ. ഭൂതകാലത്തില്‍ നിന്നും കഥയുടെ വേരുകള്‍ ജലമൂറ്റിയെടുക്കുന്നുണ്ട്‌; ഭാവിയെപ്പറ്റി സ്വപ്‌നംകാണുന്നുണ്ട്‌. എങ്കിലും കഥ അതിന്റെ കൊമ്പുകള്‍ വിരിച്ചുനിന്ന്‌ വായനക്കാരെ ആകര്‍ഷിക്കുന്നത്‌ വര്‍ത്തമാനകാലവുമായി സംവദിച്ചുകൊണ്ടാണ്‌. വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യമാണ്‌ വാര്‍ദ്ധക്യം അനുഭവിക്കുന്ന വിഹ്വലതകള്‍. ഞാന്‍ അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പം ഏറെനാള്‍ താമസിച്ച ആളാണ്‌.
വാര്‍ധക്യം എത്ര ആനന്ദകരമായ അവസ്‌ഥയാണെന്ന്‌ ഞാന്‍ കണ്‍മുന്നില്‍ കണ്ടതാണ്‌. അവരില്‍നിന്നാണ്‌ പുരാണകഥകള്‍ ഞാന്‍ കേട്ടത്‌. ഇന്നലെകളിലെ മനുഷ്യരെക്കുറിച്ച്‌, അവരുടെ ജീവിതത്തെക്കുറിച്ച്‌ അറിഞ്ഞത്‌. അവരും ഞങ്ങളോടൊപ്പമുള്ള ജീവിതം ആസ്വദിച്ചിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌. അത്തരം ജീവിതത്തില്‍ നിന്നും പുതിയകാലത്തെ വൃദ്ധരുടെ ജീവിതം മാറിപ്പോയത്‌ എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്‌. ആ വിഷയം പ്രമേയമാക്കി എഴുതിയ കഥകള്‍ പിന്നീടും ചിലര്‍ ഓര്‍ത്തുവയ്‌ക്കുകയും പറയുകയും ചെയ്യുമ്പോള്‍ സന്തോഷം തോന്നാറുണ്ട്‌. വാര്‍ദ്ധക്യം പ്രമേയമായി വരുന്ന കഥകളുടെ ഒരു സമാഹാരവും ഞാന്‍ എഡിറ്റ്‌ ചെയ്‌ത് പുറത്തിറക്കിയിരുന്നു. നര എന്നപേരില്‍. മാധവിക്കുട്ടി, കോവിലന്‍, സക്കറിയ, സി.വി. ശ്രീരാമന്‍ തുടങ്ങി നിരവധിപേരുടെ കഥകള്‍ അതിലുണ്ടായിരുന്നു. കഥയിലേക്ക്‌ പലകാലത്തും പല പ്രമേയങ്ങള്‍ കടന്നുവരാറുണ്ട്‌. വാര്‍ദ്ധക്യമെന്ന യാഥാര്‍ഥ്യത്തെ വര്‍ത്തമാനകാല കഥാകൃത്തുക്കള്‍ക്ക്‌ പാടേ അവഗണിക്കാനാകില്ല.

? അതോടൊപ്പം, താങ്കളുടെ ഭൂമിയില്‍ നടക്കുന്നു എന്ന കഥാ പുസ്‌തകം ലളിതാഖ്യാനങ്ങളുടെ സമാഹാരമാണ്‌. ലാളിത്യം താങ്കളുടെ സമകാലികരായ മറ്റെഴുത്തുകാര്‍ക്ക്‌ വേണ്ടാതായ ഒന്നായിട്ടും എന്താണിങ്ങനെയെഴുതുവാനുള്ള പ്രേരണയ്‌ക്കു പിന്നില്‍
പറയാനുംമാത്രം വലിയ ദുര്‍ഗ്രഹതകളൊക്കെ ജീവിതത്തിലുണ്ടോ? ലളിതമായി ജീവിതത്തെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍. നമുക്കുംചുറ്റും കാണുന്ന ജീവിതം, മനുഷ്യര്‍, അവരുടെ ജീവിതാസക്‌തിയാല്‍ വന്നുപോകുന്ന ഇടങ്ങേറുകള്‍, കാപട്യങ്ങള്‍, സ്വപ്‌നങ്ങള്‍, കുരുക്കുകള്‍ ഇതൊക്കെയാണല്ലോ കഥകളുടെ എന്നത്തെയും പ്രമേയങ്ങള്‍. ഇതിനെ ലളിതമായി പറയാനാകുമോ എന്നതാണ്‌ ഞാന്‍ ആലോചിക്കുന്നത്‌. ഭാഷകൊണ്ട്‌ ഇവയെയൊക്കെ നന്നായി പറയാന്‍ കഴിയുമെന്ന്‌ കുറേനാള്‍ വിചാരിച്ചിരുന്ന ശുദ്ധനായിരുന്നു ഞാന്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍, എത്രമാത്രം തെറ്റുദ്ധാരണനിറഞ്ഞതായിരുന്നു എന്റെ കാഴ്‌ച്ചപ്പാടെന്ന്‌ മനസ്സിലാകുന്നു. പരിചയമുള്ള ചില വ്യക്‌തികളെ , അവരുടെ ജീവിതപരിസരത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്‌. അത്തരം മനുഷ്യര്‍ കടന്നുപോയ അനുഭവങ്ങളെ, അവരുടെ പ്രതിസന്ധികളെ അതിന്റെ നൂറിലൊന്നുപോലും തീവ്രതയോടെ എന്റെ വാക്കുകള്‍ക്ക്‌ ആവിഷ്‌ക്കരിക്കാന്‍ കഴിയാതെ വരുന്നല്ലോ. ചിലര്‍ പറയുന്ന അനുഭവത്തെപ്പോലും അതിന്റെ അതേ നെഞ്ചെരിപ്പോടെ ആവിഷ്‌ക്കരിക്കാന്‍ കഴിയാറില്ല. എത്ര ലളിതമായിട്ടായിരിക്കും അവര്‍ ആ അനുഭവത്തെ നമ്മോട്‌ പങ്കുവെച്ചത്‌. ആഴത്തിലുള്ള അനുഭവത്തിന്റെ നിരവധി അര്‍ഥതലങ്ങളുള്ള കാര്യങ്ങളാവും അവര്‍ നിസംഗതയോടെ, അല്ലെങ്കില്‍ കണ്ണീരമര്‍ത്തി, ഇല്ലെങ്കില്‍ പൊട്ടിച്ചിരിയോടെ പറയുക. അതുപോലെ കഥയിലും പറയാനായെങ്കിലെന്ന്‌ കൊതിച്ചുപോകാറുണ്ട്‌. അതുപോലും ആവുന്നില്ലല്ലോ എന്ന്‌ വ്യസനംതോന്നാറുമുണ്ട്‌.
ഏറെ ദുര്‍ഗ്രഹതയോടെ, വളച്ചുചുറ്റി, പരീക്ഷണാത്മകമായി എഴുതുന്ന കഥയില്‍ നിന്നും വായനക്കാരന്‍ നേര്‍രേഖയില്‍ ഒരു കഥകണ്ടെത്താന്‍ പാടുപെട്ട്‌ ശ്രമിക്കും. അത്തരത്തില്‍ വായനക്കാരെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക്‌ തീരെ താല്‍പര്യമില്ല.

? അത്തരത്തില്‍ കഥകളിലേക്ക്‌ കടക്കുന്നതിന്റെ ഫലമാകാം ജീവിത സുഗന്ധി എന്ന ചെറിയ കഥകളുടെ സമാഹാരത്തിലേക്ക്‌ വരുമ്പോള്‍ താങ്കളുടെ ഭാഷ കൂടുതല്‍ ചെത്തിയൊരുക്കപ്പെടുന്നത്‌
ചെറിയകഥകളില്‍ കാപട്യം കാണിക്കാന്‍ പ്രയാസമാണ്‌. വായനക്കാരന്‍ എളുപ്പം എഴുത്തുകാരന്റെ ചെവിക്കുപിടിക്കും. ചെറുതായതിനാല്‍ പെട്ടെന്നത്‌ വായിക്കും. പിന്നീടൊരു നല്ലസമയത്തേക്ക്‌ വായിക്കാനായി മാറ്റിവയ്‌ക്കില്ലെന്നതാണ്‌ പ്രധാനം. വായനക്കാരനുള്ളിലേക്ക്‌ ഏതുനേരവും കടന്നുചെല്ലാനുള്ള തുറന്നവാതിലുകളാണ്‌ ചെറിയ കഥകള്‍. അതിനകത്ത്‌ കാമ്പില്ലങ്കില്‍ അതേ വാതിലിലൂടെ തിരിച്ചിറങ്ങിപ്പോകേണ്ടിയും വരും. ഏറ്റവും കുറച്ച്‌ വാക്കുകള്‍കൊണ്ട്‌, ഏറ്റവും നന്നായി പറയാനുള്ളത്‌ പറയുക. അത്‌ വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമായി തോന്നുന്നില്ല. പല മുനകളുള്ള, ചെത്തിക്കൂര്‍പ്പിച്ച ഭാഷ തീര്‍ച്ചയായും ചെറിയ കഥകള്‍ക്ക്‌ വേണ്ടതുണ്ട്‌. അതിനുള്ള പരിശ്രമമൊക്കെയാണ്‌ ചെറിയ കഥകള്‍ എഴുതുമ്പോള്‍ ശ്രമിക്കാറുള്ളത്‌. വിജയിച്ചുവോ എന്ന്‌ പറയേണ്ടത്‌ വായനക്കാരും.

? കഥകളോടൊപ്പം ചെറുതെങ്കിലും ശ്രദ്ധേയമായ രണ്ട്‌ നോവലുകളും താങ്കളെഴുതിയിട്ടുണ്ടല്ലോ. ദീര്‍ഘമായ വലിയ ക്യാന്‍വാസില്‍ പറയുന്ന ഒരു നോവല്‍ വായനക്കാരന്‌ പ്രതീക്ഷിക്കാമോ
നോവലെന്നത്‌ വിഭ്രമിപ്പിക്കുന്ന ഒന്നാണ്‌ എനിക്ക്‌. അതിന്റെ അനന്തസാധ്യതകളെക്കുറിച്ചുപോലും എനിക്ക്‌ പൂര്‍ണതോതില്‍ അറിവില്ല. ഒരെഴുത്തുകാന്റെ ആന്തരികശക്‌തിയെ പരീക്ഷിക്കുന്ന ഉരകല്ലാണ്‌ നോവലെന്ന്‌ പറഞ്ഞാല്‍ തെറ്റില്ല. ശ്രമകരമായ വലിയ ജോലിയാണിത്‌. ആ പരിശ്രമത്തെക്കുറിച്ച്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top