Main Home | Feedback | Contact Mangalam
Ads by Google

പാട്ടിന്റെ മഞ്ഞുതുള്ളി

mangalam malayalam online newspaper

'ദേവീ ക്ഷേത്ര നടയില്‍
ദീപാരാധനാ വേളയില്‍
ദീപസ്‌തംഭം തെളിയിച്ചുനില്‍ക്കും
ദേവികേ നീയൊരു കവിത
ത്രിസന്ധ്യയെഴുതിയ കവിത'

1977ല്‍ ബാലകൃഷ്‌ണന്‍ പൊറ്റെക്കാട്‌ സംവിധാനം ചെയ്‌ത പല്ലവിയെന്ന ചിത്രത്തിനുവേണ്ടി പരത്തുള്ളി രവീന്ദ്രനെഴുതി കണ്ണൂര്‍ രാജന്‍ ഈണമിട്ട്‌ യേശുദാസിന്റെ സ്വരമാധുരിയില്‍ പുറത്തുവന്ന ഈ ഗാനം നാലു പതിറ്റാണ്ടോളമായി മലയാള ചലച്ചിത്ര ഗാനാസ്വാദകരുടെ മനസില്‍ പ്രണയത്തിന്റെ സാന്ധ്യ ശോഭ പരത്തി നില്‍ക്കുകയാണ്‌. പല്ലവിയിലെ ഈ ഗാനത്തിനു ഏറ്റവും നല്ല ഗായകനുള്ള സംസ്‌ഥാന സര്‍ക്കാര്‍ ബഹുമതി ആ വര്‍ഷം യേശുദാസിനു ലഭിച്ചു. എം.ജി. സോമന്‍ ആദ്യമായി സംസ്‌ഥാന പുരസ്‌കാരം നേടിയതും ഇതേ പടത്തില്‍ അഭിനയിച്ചായിരുന്നു. വിധിവൈപരീത്യമെന്നു പറയാം, പല്ലവി സിനിമയുടെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പരത്തുള്ളി രവീന്ദ്രന്റെ സിനിമാ ജീവിതം സ്വന്തം പാട്ടിന്റെ വരി പോലെ ത്രിസന്ധയില്‍നിന്നും ഇരുളിലേക്കു സംക്രമിക്കുകയായിരുന്നു. കാലത്തിന്റെ കൈകളിലേക്ക്‌ ഇഷ്‌ടദാനം നല്‍കിയ തന്റെ കാവ്യസൃഷ്‌ടി തലമുറകള്‍ ഏറ്റുവാങ്ങുമ്പോഴും അധികം ആരാലും തിരിച്ചറിയപ്പെടാതെ കോഴിക്കോട്‌ രാമനാട്ടുകരയ്‌ക്കടുത്ത്‌ ചേലേമ്പ്ര ഗ്രാമത്തില്‍ വാര്‍ധക്യ ജീവിതം നയിക്കുന്ന രവീന്ദ്രന്‍ തന്റെ ഗതഗാല അനുഭവങ്ങളെ ഓര്‍ത്തെടുത്തു.

**** **** ****
പ്രശസ്‌ത സാഹിത്യകാരന്‍ ഉറൂബിന്റെ തറവാടായ പരത്തുള്ളി കുടുംബാംഗമാണു രവീന്ദ്രന്‍. വലിയൊരു എഴുത്തുകാരന്റെ പിന്‍ തലമുറയില്‍ ജനിക്കായത്‌ സര്‍ഗാത്മകമായ തന്റെ അഭിരുചികള്‍ക്ക്‌ പ്രചോദനമായിട്ടുണ്ടെന്ന്‌ രവീന്ദ്രന്‍ അഭിമാനത്തോടെ പറയുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്‌ അച്‌ഛന്‍ മരിച്ചതിനാല്‍ അമ്മയെ സംരക്ഷിക്കാനുള്ള ചുമതല ഏകമകനായ രവീന്ദ്രനില്‍ വന്നുചേര്‍ന്നു. പത്താം ക്ലാസോടെ പഠനമുപേക്ഷിച്ചു തൊഴില്‍ തേടിയിറങ്ങി. വീടിനടുത്തുള്ള അടയ്‌ക്കാ കമ്പനിയില്‍ കണക്കുനോക്കുന്ന പണിയാണ്‌ ആദ്യം ലഭിച്ചത്‌. പിന്നീട്‌ സൈക്കിള്‍ കമ്പനി തൊഴിലാളിയായി ജയ്‌പൂരിലേക്കു വണ്ടികയറി. കുറച്ചുകാലത്തിനുശേഷം കേരളത്തില്‍തന്നെ തിരിച്ചെത്തി, പിന്നെ എടപ്പാളിലുള്ള ചിട്ടി ഫണ്ട്‌ സ്‌ഥാപനത്തില്‍ ദീര്‍ഘകാലം ജോലി ചെയ്‌തു. ഇതിനിടെയാണു രവീന്ദ്രന്റെ ശ്രദ്ധ എഴുത്തിലേക്കു തിരിഞ്ഞത്‌. വായനയും ഒപ്പമുണ്ടായിരുന്നു. കുട്ടികള്‍ക്കുവേണ്ടി നാടകങ്ങളും പാട്ടുമെഴുതിയായിരുന്നു തുടക്കം. 'കൊച്ചലകള്‍' എന്ന പേരില്‍ നാടകങ്ങളുടെ സമാഹാരം പൂര്‍ണ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അക്കാലത്താണു സിനിമയോടുള്ള അഭിനിവേശം തോന്നിത്തുടങ്ങിയത്‌. ഒരിക്കല്‍, അയല്‍വാസിയും സിനിമാ പ്രവര്‍ത്തകനുമായ ഒരാളോട്‌ തന്റെ സിനിമാ മോഹം പങ്കുവച്ചു. പരിഹാസം കലര്‍ന്ന പ്രതികരണമായിരുന്നു അദ്ദേഹത്തില്‍നിന്നു ലഭിച്ചത്‌. ഈ സംഭവം ഒരു വാശിയിലേക്കു വളര്‍ന്നു. എങ്ങനെയെങ്കിലും സിനിമയിലേക്ക്‌ എത്താനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടു രവീന്ദ്രന്‍ നടത്തിയത്‌. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ബാലകൃഷ്‌ണന്‍ പൊറ്റേക്കാടിനെ കാണുകയും തന്റെ കഥ അദ്ദേഹത്തെ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്‌തു. കഥയിഷ്‌ടപ്പെട്ട ബാലകൃഷ്‌ണന്‍ രവീന്ദ്രനോടുതനെ തിരക്കഥയും സംഭാഷണവും എഴുതാന്‍ ആവശ്യപ്പെട്ടു. പ്രശസ്‌ത സംവിധായകന്‍ സേതുമാധവന്റെ അസിസ്‌റ്റന്റായി വന്ന്‌ പിന്നീട്‌ സ്വതന്ത്ര സംവിധായകനായ ഒരാളാണു ബാലകൃഷ്‌ണന്‍. രവീന്ദ്രന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്‌. വിദൂരത്തിലുള്ള ഒരു സ്വപ്‌നം കൈയെത്തിപ്പിടിച്ചതിന്റെ ആഹ്‌ളാദത്തില്‍ കണ്ണുനിറഞ്ഞുപോയി. അങ്ങനെ നിര്‍മാതാവ്‌ ടി.പി. ഹരിദാസിന്റെ സഹായത്തോടെ മദ്രാസില്‍ താമസിച്ചു പല്ലവിയുടെ തിരക്കഥ പൂര്‍ത്തിയാക്കി.

**** **** ****

ചാവക്കാടുവച്ചായിരുന്നു ചിത്രീകരണം. വിന്‍സന്റ്‌, എം.ജി. സോമന്‍, ജയഭാരതി, ശങ്കരാടി, ബഹദൂര്‍, നെല്ലിക്കോട്‌ ഭാസ്‌കരന്‍, ജനാര്‍ദനന്‍ തുടങ്ങിയ വലിയൊരു താരനിരതന്നെയുണ്ടായിരുന്നു. നായകനായി അഭിനയിച്ചതു വിന്‍സെന്റായിരുന്നെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ എം.ജി. സോമന്‍ അവതരിപ്പിച്ച റഹിം എന്ന കഥാപാത്രമായിരുന്നു. ഇതിനാണ്‌ അദ്ദേഹത്തിനു പുരസ്‌കാരം ലഭിച്ചത്‌. പല്ലവിയില്‍ മൊത്തം നാലു പാട്ടുകളാണുണ്ടായിരുന്നത്‌. മൂന്നെണ്ണം രവീന്ദ്രനും ഒരു പാട്ട്‌ പി. ഭാസ്‌കരന്‍ മാഷും എഴുതി. മദ്രാസിലെ ഭരണി സ്‌റ്റുഡിയോയിലായിരുന്നു റെക്കോഡിങ്‌. യേശുദാസ്‌ എന്ന ഗായകനെ അടുത്തുകാണാന്‍ ആഗ്രഹിച്ചു നടന്നതും പിന്നീട്‌ അതേ യേശുദാസ്‌തന്നെ തന്റെ പാട്ടുപാടാന്‍ ഭരണി സ്‌റ്റുഡിയോയിലെത്തിയതും ഉള്‍പുളകത്തോടെയാണു രവീന്ദ്രന്‍ ഇന്നുമോര്‍ക്കുന്നത്‌. പാട്ടിന്റെ വരികള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തായിരുന്നു യേശുദാസ്‌ അന്നു പാടിയിരുന്നത്‌. വരികളിലൂടെ കണ്ണോടിച്ചശേഷം അദ്ദേഹം പറഞ്ഞു, 'ഇത്രവും ലളിതവും മധുരവുമായ വരികള്‍ പാടിയിട്ട്‌ കുറേക്കാലമായി, സോ സ്വീറ്റ്‌...'
യേശുദാസില്‍നിന്ന്‌ അന്നുലഭിച്ച അഭിനന്ദനമാണു ജീവിതത്തിലെ എക്കാലത്തെയും വലിയ അവാര്‍ഡെന്നു രവീന്ദ്രന്‍ പറഞ്ഞു. 'ദേവീ ക്ഷേത്ര നടയില്‍' എന്നു തുടങ്ങുന്ന ആ ഗാനം വലിയ ഹിറ്റാകുകയും യേശുദാസിന്‌ സംസ്‌ഥാന പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്‌തു. ഇതിലെ തന്നെ, രവീന്ദ്രനെഴുതിയ 'കിനാവിന്റെ കടവില്‍ ഇളനീര്‌' എന്ന ഗാനവും കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടു. ഇതൊക്കെയാണെങ്കിലും പല്ലവി സിനിമയുടെ ഒരു പ്രിന്റ്‌ പോലുമിന്ന്‌ നിലവിലില്ല എന്നതാണ്‌ രവീന്ദ്രനെ ഏറെ ദുഖിപ്പിക്കുന്നത്‌.

**** **** ****

'ദേവീ ക്ഷേത്ര നടയി'ലെന്ന ഗാനം യഥാര്‍ഥത്തില്‍ രവീന്ദ്രന്‍ സിനിമയ്‌ക്കുവേണ്ടി എഴുതിയതായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പേ മനസില്‍ കുറിച്ചിട്ട നാലുവരികളായിരുന്നു അത്‌. ജനിച്ചുവളര്‍ന്ന കാലടിത്തറയെന്ന ഗ്രാമത്തില്‍ ഭഗവതി ക്ഷേത്രമുണ്ട്‌. തൊട്ടുപിന്നില്‍ പാടവും അതിനു പിന്നില്‍ കുന്നുകളുമാണ്‌. അസ്‌തമയ സൂര്യന്റെ പ്രകാശം ക്ഷേത്രവും പരിസരവും സ്വര്‍ണവര്‍ണമാക്കാറുണ്ട്‌. ഒട്ടുമിക്ക ദിവസവും വൈകുന്നേരങ്ങളില്‍ രവീന്ദ്രന്‍ ഈ ക്ഷേത്രത്തിലെത്താറുണ്ടായിരുന്നു. സാന്ധ്യസൂര്യന്റെ കിരണങ്ങള്‍ ദീപസ്‌തംഭത്തിന്റെ വെളിച്ചവും ചേര്‍ന്നു നല്‍കുന്ന അനൂഭൂതികരമായ കാഴ്‌ചയില്‍ പലപ്പോഴും ലയിച്ചു നിന്നിട്ടുണ്ട്‌. അക്കാലത്താണ്‌ ഈ പാട്ടിന്റെ പല്ലവി മനസില്‍ കുറിച്ചിട്ടത്‌. പിന്നീട്‌ സിനിമയിലെ സന്ദര്‍ഭത്തോട്‌ ഒത്തുവന്നപ്പോള്‍ ബാക്കി വരികള്‍കൂടി എഴുതി പൂര്‍ത്തിയാക്കി.

**** **** ****
പല്ലവി സിനിമയിലെ ഗാനങ്ങളുടെ കമ്പോസിങ്‌ വേളയില്‍ സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജനുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്‌മ പരത്തുള്ളി രവീന്ദ്രന്റെ പിന്നീടുള്ള സിനിമാ ജീവിതത്തിന്റെ ശ്രുതിയും താളവും തെറ്റിച്ചു. പാട്ടിന്റെ ഒരുവരി മാറ്റിയെഴുതുന്നതിനെപ്പറ്റിയായിരുന്നു തര്‍ക്കം. 'തുളസിക്കതിര്‍ നിന്റെ മുടിയില്‍ അറിയാതെ ഞാനൊന്നണിയിക്കട്ടെ' എന്നൊരു വരിയുണ്ട്‌ ഈ പാട്ടിന്റെ ചരണത്തില്‍. ഈ വരി 'അറിയാതെ ഞാനൊന്നണിയിക്കാം' എന്നാക്കാന്‍ രാജന്‍ ആവശ്യപ്പെട്ടു. വരികള്‍ മാറ്റാന്‍ സാധ്യമല്ലെന്നു രവീന്ദ്രനും. തര്‍ക്കം വലുതായപ്പോള്‍ ബാലകൃഷ്‌ണന്‍ ഇടപെട്ടു. വരി മാറ്റാതെതന്നെ പാട്ട്‌ കംപോസ്‌ ചെയ്ിപ്പിച്ചു. താല്‍ക്കായലികമായി രവീന്ദ്രന്‍ ജയിച്ചെങ്കിലും അതോടെ സിനിമയില്‍ എന്നന്നേയ്‌ക്കുമായി പരാജയപ്പെടുകയായിരുന്നു. 'അഹങ്കാരി' എന്നൊരു പേരും ചാര്‍ത്തിക്കിട്ടി. സിനിമയില്‍ പിന്നീടുള്ള അവസരങ്ങളെല്ലാം വഴിമാറിപ്പോയതിന്‌ ഇതുമൊരു കാരണമായെന്നാണ്‌ രവീന്ദ്രന്‍ ഇന്നും വിശ്വസിക്കുന്നത്‌. മാത്രമല്ല, സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി മദ്രാസില്‍ അലഞ്ഞുതിരിയാനുള്ള ചുറ്റുപാടുമില്ലായിരുന്നു. പറയത്തക്ക സൗഹൃദങ്ങളും അവിടെയുണ്ടായിരുന്നില്ല. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരവും അതിനോടകം ചുമലിലെത്തിയിരുന്നു. പിന്നീട്‌ ഒരു പതിറ്റാണ്ടിനുശേഷമാണ്‌ രവീന്ദ്രനെത്തേടി മറ്റൊരു അവസരമെത്തിയത്‌. ചന്ദ്രശേഖരന്റെ സംവിധാനത്തില്‍ 'ചുണക്കുട്ടികള്‍' എന്ന സിനിമയ്‌ക്കുവേണ്ടി നാലു പാട്ടുകള്‍ എഴുതി. കെ.പി. ഉദയഭാനുവാണ്‌ ഈണം നല്‍കിയത്‌. തരംഗിണി സ്‌റ്റുഡിയോയി പാട്ടുകളെല്ലാം റെക്കോഡ്‌ ചെയ്‌തെങ്കിലും നിര്‍ഭാഗ്യവശാല്‍ പടം പുറത്തുവന്നില്ല. സങ്കടകരമായ മറ്റൊന്നുകൂടിയുണ്ട്‌ രവീന്ദ്രനു പറയാന്‍. പലരും ചാനലുകളിലും വേദിയിലും വന്നിരുന്നു 'ദേവീക്ഷേത്ര നടയില്‍' എന്ന പാട്ടിന്റെ പിതൃത്വം വയലാറിനും ശ്രീകുമാരന്‍ തമ്പിക്കുമെല്ലാം ചാര്‍ത്തിക്കൊടുക്കുന്നതു വേദനയോടെ കാണേണ്ടിവന്നിട്ടുണ്ട്‌. എങ്കിലും സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ പരത്തുള്ളി രവീന്ദ്രന്‍ സംതൃപ്‌തനാണ്‌. ആയിരക്കണക്കിനു ഹൃദയങ്ങളില്‍ സ്‌ഥാനംപിടിച്ച തന്റെ പാട്ട്‌ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്നത്‌ ദിവസവും ഒരു മലയാളിയെങ്കിലും ആസ്വദിക്കുന്നുണ്ടാകുമെന്ന വിശ്വാസത്താല്‍.

അലി കടുകശേരി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top