Main Home | Feedback | Contact Mangalam
Ads by Google

കഥകളിയുടെ പ്രവാചകന്‍

mangalam malayalam online newspaper

പാലക്കാട്‌ വെള്ളിനേഴി കാവില്‍ പൊതുവാട്ടില്‍ 1924 മേയ്‌ 28ന്‌ ജനനം. ഏഴാംവയസുമുതല്‍ അമ്മാവന്‍ ഗോവിന്ദപൊതുവാളിന്റെ കീഴില്‍ ചെണ്ട അഭ്യസിച്ചു. 1940ല്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. ചെണ്ട വിദഗ്‌ധന്‍ ചിതലി അപ്പുമാരാര്‍, മദ്ദളാചാര്യന്‍ വെങ്കിച്ച സ്വാമി എന്നിവരായിരുന്നു ഗുരുക്കള്‍. വേഷ ആചാര്യന്‍ പട്ടിക്കാംതൊടിയില്‍ രാമുണ്ണി മേനോന്‍, ചെണ്ട ആചാര്യന്‍ മൂത്തമന കേശവന്‍ നമ്പൂതിരി എന്നിവരും ഗുരുനാഥന്മാരാണ്‌. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, അപ്പുക്കുട്ടി പൊതുവാള്‍ എന്നിവര്‍ സഹപാഠികള്‍. ഇവരുടെ സംഗമം 'കുട്ടിത്രയം'എന്ന്‌ കഥകളി ലോകം വാഴ്‌ത്തി. പഠനത്തെ തുടര്‍ന്ന്‌ അധ്യാപകനായി ജോലി ലഭിച്ചു. അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‌ നിരവധി തവണ പിരിച്ചുവിടപ്പെട്ടു.

1978ല്‍ പ്രഫസറായി നിയമിച്ചു. 1986ല്‍ 63-ാം വയസില്‍ ഔദ്യോഗിക ജീവിതം അവസാനിച്ചു. കഥകളി സംബന്ധമായി ആധികാരിക ലേഖനങ്ങളിലടെ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്‌തിയുണ്ട്‌. കഥകളിയും കേരളീയ കലകളും സംബന്ധിച്ച്‌ പ്രഭാഷകനായ ആദ്യ കലാകാരന്‍. മഹാകവി ഒളപ്പമണ്ണയുടെ അംബ കഥകളിയായി സംവിധാനം ചെയ്‌തു. ഭീഷ്‌മപ്രതിജ്‌ഞ, മൃഗങ്ങളെ കഥാപാത്രമാക്കി മൃഗസേവന ചരിതം എന്നീ ആട്ടക്കഥകള്‍ സൃഷ്‌ടിച്ചു. ബ്‌ഡേ ഡോം എന്ന നൃത്ത നാടകം രൂപകല്‌പന ചെയ്‌തു. നളചരിതം, രാജസൂയം എന്നീ കഥകള്‍ക്ക്‌ ആട്ടപ്രകാരം രചിച്ചു. അഷ്‌ടപദിയാട്ടം എന്‌ കലാരൂപംതന്നെ ആവിഷ്‌കരിച്ചു. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍, കലാമണ്ഡലം ഫെല്ലോഷിപ്പ്‌-പുരസ്‌കാരങ്ങള്‍, വീരശൃംഖലകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്‌. കലാമണ്ഡലം കേശവന്‍ തുടങ്ങി പ്രഗത്ഭര്‍ ശിഷ്യരാണ്‌. 1992ല്‍ നിര്യാതനായി.

കഥകളിയുടെ സ്വന്തം ജീനിയസ്‌ ആയിരുന്ന, അന്തരിച്ച കലാമണ്ഡലം കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ 92-ാം ജയന്തി വര്‍ഷമാണിപ്പോള്‍. കഥകളിയിലെ പ്രാധാന്യക്രമം അനുസരിച്ച്‌ മൂന്നാംസ്‌ഥാനത്തായ ചെണ്ടക്കാരനായിട്ടും ആദ്യം ബഹുമാനിക്കുന്ന ഒരാളായി അദ്ദേഹം ഉയര്‍ന്നുനില്‌ക്കുന്നു. കലയും കഥകളിയും അദ്ദേഹത്തിന്റെ ആത്മാവിന്റെ പ്രതിരൂപം ആയിരുന്നു. കഥകളി അദ്ദേഹം കഷ്‌ടപ്പെട്ടു പഠിച്ചു, പഠിച്ചതുറച്ചു, ഉറച്ചതില്‍ ഉയര്‍ന്നു, ഉയര്‍ന്നനിലയില്‍ ചിന്തിച്ചു, ചിന്തിച്ചതില്‍ ഉചിതമായതുറപ്പിച്ചു. കലയില്‍ ഉചിതമെന്ന്‌ തനിക്കു ശരിയെന്നു തോന്നുന്നത്‌ ചെയ്യുക. അതില്‍ പുറമേ നിന്നുള്ള അഭിപ്രായങ്ങള്‍ക്ക്‌ വിലയില്ല. ഈ ചെയ്‌തികളുുടെ പേരില്‍ പൊതുവാള്‍ ആശാന്‌ നേരെ പുരികം ഉയര്‍ത്താന്‍ അന്നത്തെ പ്രതാപികള്‍ക്ക്‌ കരുത്തുണ്ടായില്ല. കഷ്‌ടപ്പെട്ട്‌ പഠിച്ചുയര്‍ന്നവന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം
അദ്ദേഹത്തിന്റെ ജീവിതം വെറുമൊരു സമരമായിരുന്നില്ല മഹായുദ്ധം തന്നെയായിരുന്നു. അരങ്ങിലെയും കളരിയിലെയും ബലിഷ്‌ഠ ശരീരികള്‍ മുന്‍ഭാഗത്ത്‌. എഴുത്തും വായനയും തങ്ങള്‍ക്കു മാത്രം വിധിച്ചിട്ടുള്ളതെന്നു വിധിക്കുന്ന ആസ്വാദക ശ്രേഷ്‌ഠന്മാര്‍ പിന്നിലും. ഇവരുടെ ഇടയിലാണ്‌ അഭിമന്യുവിനെപോലെ ചെണ്ടക്കോല്‍ എന്ന ആയുധവുമായി, ഏകനായി, കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ പോരിനിറങ്ങിയത്‌. ഇടയ്‌ക്കും തലക്കും നെടുകനേം വിലങ്ങനേം പൊതുവാളിനു പൊരുതേണ്ടിവന്നു. തളര്‍ന്നു, ശരശയ്യയില്‍ കിടക്കേണ്ടി വന്നു, പക്ഷെ പരാജയപ്പെട്ടില്ല. പരാജയപ്പെടുത്താന്‍ ശത്രു നിരക്ക്‌ സാധിച്ചില്ല. പുതുവാള്‍ ആശാന്‍ അന്ന്‌ ചിന്തിച്ചത്‌ അരനൂറ്റാണ്ടിനിപ്പുറവും പലര്‍ക്കും പ്രവര്‍ത്തിക്കാനോ, ചിന്തിക്കാന്‍ പോലുമോ സാധിക്കുന്നില്ല. താന്‍ കൊട്ടുന്ന ചെണ്ട വെറും ശബ്‌ദം പുറപ്പെടുവിക്കുന്ന ഒരു ഉപകരണം മാത്രമല്ലെന്ന്‌ പൊതുവാള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ്‌ അദ്ദേഹത്തെ കഥകളിയെന്ന കലയെപറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. വേഷങ്ങളും കഥാപാത്രങ്ങളും തമ്മിലുള്ള വ്യത്യാസം, പാട്ടും ഭാവവും തമ്മിലുള്ള അന്തരം, കൊട്ടും ശബ്‌ദവും തമ്മിലുള്ള അന്തരം എല്ലാം ആ മനുഷ്യന്‍ നിരന്തരം വിശകലനം ചെയ്‌തു. മനസാ,വാചാ,കര്‍മ്മണാ പ്രവര്‍ത്തിച്ചു. കഥകളി വ്യാഖ്യാതാക്കള്‍ക്ക്‌ ഇതെല്ലാം ദഹനക്കേട്‌ സൃഷ്‌ടിച്ചു. അവരേയൊക്കെ തരിമ്പും വില വെച്ചില്ലെന്നു മാത്രമല്ല ജന്മസിദ്ധമായ ഉയര്‍ന്ന ശബ്‌ദവും തന്റേറടവും കൊണ്ട്‌ ആട്ടിയോടിച്ചു.

തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നിടത്ത്‌ അദ്ദേഹം ശക്‌തമായി പ്രവര്‍ത്തിച്ചു, പല രീതിയിലും. ആട്ടക്കഥകള്‍ എഴുതി, സംവിധാനം ചെയ്‌തു. അക്കാലത്ത്‌ അദ്ദേഹം ചെയ്‌ത വലിയ സാഹസം മറ്റൊന്നാണ്‌. 'സഹൃദയസംഘം' എന്ന ഒരു കളിയോഗം. തന്റെ വാക്കുകള്‍ ശ്രദ്ധിക്കാത്ത ആചാര്യന്മാരെ ബോധിപ്പിക്കുവാന്‍ സംഘത്തിലൂടെ അദ്ദേഹം ചെറുപ്പക്കാരുടെ ഒരു നിര സൃഷ്‌ടിച്ചു. തലമൂത്തവര്‍ മൂത്തതലയിലൂടെ മാത്രമേ ചിന്തിക്കൂവെന്നും പുതു ചിന്തകള്‍ പുതു തലമുറയില്‍ ആണു സുസാധ്യമെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്നുള്ള പല ആചാര്യന്മാരും സഹൃദയ സംഘത്തിലൂടെ മനസ്‌ വികസിച്ചവരാണ്‌. അതില്‍ത്തന്നെ നാലുപേരെ പ്രത്യേകം പറയണം. കോട്ടക്കല്‍ ശിവരാമനും സദനം കൃഷ്‌ണന്‍കുട്ടിയും കലാമണ്ഡലം ശങ്കരന്‍ എംബ്രാന്തിരിയും കലാമണ്ഡലം നാരായണനും. സ്‌ത്രീവേഷങ്ങള്‍ക്ക്‌ മാനം നല്‍കിയ ശിവരാമനെ അദ്ദേഹം 'ദമയന്തി ശിവരാമന്‍' എന്ന്‌ വിളിക്കാന്‍ ആശിച്ചു. എല്ലാ വേഷങ്ങളും സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന കൃഷ്‌ണന്‍കുട്ടിയെകൊണ്ട്‌ തന്റെ സ്വപ്‌നസാഫല്ല്യങ്ങളായ അംബയും, ഭീഷ്‌മരും കെട്ടിച്ചു. പാട്ടില്‍ ഭാവം നിറക്കാന്‍ വ്യഗ്രതകാട്ടിയിരുന്ന വാശിക്കാരന്‍ എംബ്രാന്തിരിയെ കഥകളി സംഗീതത്തിന്റെ നവോത്ഥാന നായകനായി അദ്ദേഹം സങ്കല്‍പ്പിച്ചു. സ്വഭാവത്തിലെ തറവാടിത്തവും കനത്ത കളരി ബലവുമുള്ള നാരായണനെ തന്റെ മദ്ദളക്കാരനായി വാഴിച്ചു.

കഥകളിക്കു വേണ്ടിയുള്ള ഇത്തരം ശ്രമങ്ങളുടെ മറുവശത്തുകൂടെ അദ്ദേഹത്തിന്റെ സൈ്വര്യ ജീവിതം ചോര്‍ന്നു പോവുകയായിരുന്നു. ഒപ്പം നടന്നവര്‍ തന്നെ അദ്ദേഹത്തില്‍ നിന്ന്‌ അകന്നു നടന്നു. മാനം പോയ പണ്ഡിതന്മാര്‍ തുറന്നെതിര്‍ത്തു. മനസ്സമാധാനത്തിന്‌ ലഹരിയില്‍ അഭയം കണ്ടെത്തിയതോടെ ആസ്വാദകരും അദ്ദേഹത്തെ ഒഴിവാക്കി തുടങ്ങി. അദ്ദേഹത്തിന്റെ ചെറിയ തെറ്റുപോലും വലിയ അപരാധമായി പിഴയിടുവിച്ചു. പക്ഷെ കലാമണ്ഡലം കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ എന്ന വലിയ മനുഷ്യനും കലാകാരനും പതറിയില്ല. തന്റെ മനസ്‌ തിരിച്ചറിയേണ്ടവര്‍ അത്‌ ചെയ്യാത്തതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. പക്ഷെ അവിടെയും പൊതുവാള്‍ ആശാന്‍ ജയിച്ചു. മനസ്സില്‍ മാറാല കെട്ടാത്ത ഒരു വിഭാഗം നിശബ്‌ധരായെങ്കിലും അദ്ദേഹത്തെ ആരാധിച്ചിരുന്നു. അതുകൊണ്ടാണ്‌ വിടപറഞ്ഞു രണ്ടുപതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും കലാമണ്ഡലം കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ ഇപ്പോഴും ചര്‍ച്ചാവിഷയം ആകുന്നത്‌.

സി. വിനോദ്‌ കൃഷ്‌ണന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top