Main Home | Feedback | Contact Mangalam
Ads by Google

മിനിസ്‌ക്രീനിലെ ദത്തുപുത്രി

mangalam malayalam online newspaper

സിനിമയില്‍ തിളങ്ങാന്‍ സാധിച്ചില്ല എങ്കിലും ദത്തുപുത്രി എന്ന സീരിയലിലൂടെ മലയാളി മനസില്‍ ഇടം നേടിയിരിക്കുകയാണ്‌ സ്വാസിക. കുട്ടിക്കാലം ഡല്‍ഹിയിലാഘോഷിച്ച സ്വാസിക ഏറെ ഇഷ്‌ടപ്പെടുന്നതും ഡല്‍ഹിയാണ്‌. സിനിമാലോകമെന്താണെന്നു മനസിലാക്കാനുള്ള പ്രായം ആകുന്നതിനു മുന്‍പുതന്നെ അഭിനയം സ്വാസികയെ സ്വാധീനിച്ചിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഇരുപത്തഞ്ചോളം സിനിമകളിലായി വിവിധ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌ സ്വാസിക. എന്നാല്‍ വെള്ളിത്തിരയില്‍ തിളങ്ങാന്‍ സ്വാസികയ്‌ക്ക് കഴിഞ്ഞില്ല. എന്നാല്‍ ദത്തുപുത്രിയെന്ന സീരിയലിലെ കണ്‍മണിയെന്ന കഥാപാത്രം മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

? ദത്തുപുത്രിയിലെ അനുഭവങ്ങള്‍
സീരിയലില്‍ കണ്‍മണിയെന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. സിനിമയൊ സീരിയലോ എന്തിന്‌ നാടകം വരെ ചെയ്യാന്‍ എനിക്കു താല്‌പര്യമാണ്‌. അഭിനേത്രി എന്ന നിലയില്‍ എല്ലായിടവും ഒരു പോലെയാണ്‌. അഭിനയമാണെനിക്കിഷ്‌ടം . സീനിയേഴ്‌സും ചെറുപ്പക്കാരുമടങ്ങുന്ന വലിയൊരു ഗ്യാങ്ങുണ്ട്‌ അവിടെ. സംവിധായകന്‍ നസീറിക്ക ഇടയ്‌ക്കിടെ സര്‍പ്രൈസ്‌ തരുന്ന സ്വഭാവക്കാരനാണ്‌. ഓരോരുത്തരേയും വിളിച്ച്‌ ഒരേ ഡ്രസ്സ്‌ കോഡില്‍ വരാന്‍ പറയും. ലൊക്കേഷനില്‍ എത്തിക്കഴിയുമ്പോള്‍ എല്ലാവരും ഷോക്കായി നിക്കുന്നതു കാണുമ്പോള്‍ ഇക്ക ചിരിക്കും. പിന്നെ റിസാക്ക നല്ല കുക്കാണ്‌. ലൊക്കേഷനില്‍ റി സാക്ക ഭക്ഷണം ഉണ്ടാക്കും. ഷൂട്ടിംഗില്ലാത്തപ്പോള്‍ എല്ലാവരും കൂടി ഒരുമിച്ച്‌ പുറത്തു പോയി ഭക്ഷണം കഴിക്കും .

? അഭിനയമെന്ന മോഹം തുടങ്ങിയ നിമിഷം
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ യൂത്ത്‌ ഫെസ്‌റ്റിവലിന്‌ ഒരു നാടകം അവതരിപ്പിച്ചു. അതിന്‌ സ്‌റ്റേറ്റ്‌ തലത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ്‌ കിട്ടി. ആ നാടകം ഒരുപാട്‌ പേര്‌ കണ്ടു. ഒത്തിരി ആളുകള്‍ വന്ന്‌ ആശംസകള്‍ പറഞ്ഞു. ഒരു മുസ്ലിം അമ്മായിയമ്മയുടെ വേഷമായിരുന്നു ചെയ്‌തത്‌. പിന്നെ മോണോ ആക്‌ടൊക്കെ ചെയ്യുമ്പോള്‍ സ്‌കൂളില്‍ നിന്നൊക്കെ നല്ല പ്രോത്സാഹനം ലഭിച്ചു. അങ്ങനെയാണ്‌ അഭിനയമെന്ന മോഹം തോന്നിയത്‌. പേപ്പറിലൊക്കെ പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യമൊക്കെ കാണുമ്പോള്‍ ഫോട്ടോസ്‌ അയച്ചു കൊടുത്തു കൊണ്ടിരുന്നു. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു. അങ്ങനെ നൃത്തം മാത്രമാണ്‌ ജീവിതമെന്നു കരുതിയ ഞാന്‍ വെള്ളിത്തിരയിലേക്കെത്തിപ്പെട്ടു. സിനിമാ ലോകത്ത്‌ എത്തിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു നൃത്താധ്യാപികയായി മാറിയേനെ. എന്നാലും നൃത്തത്തോടുള്ള എന്റെ ഇഷ്‌ടം കുറഞ്ഞിട്ടൊന്നുമില്ല. വീടിനടുത്തൊരു ഡാന്‍സ്‌ സ്‌കൂള്‍ തുടങ്ങിയിട്ടുണ്ട്‌. ഇരുപതോളം കുട്ടികളുണ്ട്‌. ഷൂട്ടിങ്ങില്ലാത്ത സമയം അവര്‍ക്ക്‌ ക്ലാസെടുക്കാറുണ്ട്‌.

? നൃത്തത്തിലേക്കുള്ള അരങ്ങേറ്റം
അഭിനേത്രി ആശാ ശരത്തിന്റെ അമ്മയായ കലാ മണ്ഡലം സുമതി ടീച്ചറാണെന്റെ ഗുരു. ആദ്യമായി പെര്‍ഫോം ചെയ്‌തത്‌ 'സോന കിത്നാ സോനാ ഹേ' എന്ന ഹിന്ദി പാട്ടാണ്‌. സോളോ ആയി അവതരിപ്പിച്ചത്‌ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലെ 'മായാദേവകിയ്‌ക്ക് മകന്‍ പിറന്നേ' എന്നു തുടങ്ങുന്ന പാട്ടായിരുന്നു. പിന്നെ ഫാന്‍സിഡ്രസില്‍ കാക്കൂത്തിയുടെ വേഷം ചെയ്‌തിരുന്നു. ഈ വേഷം അമ്മയുടെ നിര്‍ബന്ധത്തിനു ചെയ്‌തതാണ്‌. കാക്കൂത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമ കണ്ടിട്ടാണ്‌ അമ്മ ഈ വേഷം ചെയ്യിപ്പിച്ചത്‌. ക്ലാസ്സിക്കലായി പഠിക്കാന്‍ തുടങ്ങിയതിനു ശേഷം സുമതി ടീച്ചറുടെ കൂടെ യൂത്ത്‌ഫെസ്‌റ്റിവല്‍ , അമ്പലങ്ങള്‍ എല്ലായിടത്തും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. രമാ വൈദ്യനാഥന്റെ കൂടെ ഭരതനാട്യം പഠിക്കുന്നുണ്ട്‌.

? സിനിമയില്‍ സ്‌ഥാനമുറപ്പിക്കാന്‍ കഴിയില്ലെന്ന തോന്നലാണോ സീരിയലില്‍ ശ്രദ്ധയൂന്നാന്‍ കാരണം
ഒരു ആര്‍ട്ടിസ്‌റ്റ് എന്ന നിലയില്‍ സംതൃപ്‌തി നല്‍കാന്‍ സിനിമയ്‌ക്കു കഴിഞ്ഞിട്ടില്ല . കുറേയേറെ സിനിമ ചെയ്‌തിട്ടൊന്നും യാതൊരു പ്രയോജനമില്ല. ഒരു സിനിമയെ ചെയ്‌തുള്ളു എങ്കിലും ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ നമ്മളവതരിപ്പിച്ച കഥാപാത്രമുണ്ടാവണം എന്ന ആഗ്രഹം മനസ്സില്‍ ഉള്ളതു കൊണ്ടാണ്‌ സിനിമയോട്‌ തല്‍ക്കാലം വിട പറഞ്ഞത്‌. അയാളും ഞാനും തമ്മിലിനു ശേഷം നല്ലൊരു ടീമിന്റെ കൂടെ വര്‍ക്ക്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല . വര്‍ഷങ്ങളോളം നല്ല സിനിമയ്‌ക്കായി കാത്തിരുന്നു. കാത്തിരിപ്പു നീണ്ടതല്ലാതെ അവസരങ്ങള്‍ തേടി വരാതായപ്പോഴാണ്‌ സീരിയലിലേയ്‌ക്ക് വഴിമാറിയത്‌. സീരിയലിലേക്കു മാത്രമുള്ള ഒതുക്കമായി ഇതിനെ കാണണ്ട.

? മലയാളത്തിലെ മിക്ക നടിമാരുടെയും ഭാവി മാറ്റി മറിച്ച മേഖലയാണ്‌ തമിഴ്‌ സിനിമാ ലോകം. സ്വാസികയുടെ ജീവിതത്തിന്റെ നാഴികകല്ലാകാന്‍ ഇതു സഹായിക്കുമെന്ന വിശ്വാസമുണ്ടോ
ആദ്യ ചിത്രം സുന്ദരപാണ്ടി സാര്‍ സംവിധാനം ചെയ്‌ത 'വൈഗെയ്‌' എന്ന തമിഴ്‌ സിനിമയാണ്‌. നായികാ വേഷമായിരുന്നു. പിന്നെയും കുറച്ച്‌ തമിഴ്‌ സിനിമകള്‍ ചെയ്‌തു. മലയാളി പ്രേക്ഷകരും തമിഴ്‌ സിനിമാ പ്രേക്ഷകരും തമ്മലുള്ള വലിയൊരന്തരം മനസിലാക്കാന്‍ കഴിഞ്ഞു. കലാകാരന്മാര്‍ക്ക്‌ അവര്‍ നല്‍കുന്ന ആദരവാണ്‌. ഒരു ചെറിയ വേഷം ആളുകളാണെങ്കില്‍ പോലും വല്ലാത്തൊരു ബഹുമാനമുണ്ട്‌ അവര്‍ക്ക്‌. ഇവള്‍ പുതിയൊരു നടിയാണ്‌ അതിനാല്‍ അവള്‍ക്കിത്രയും ആദരവിന്റെ ആവശ്യമില്ല എന്നുള്ള ചിന്താഗതിയൊന്നും അവര്‍ക്കില്ല. പുതുമുഖങ്ങള്‍ക്ക്‌ അവസരം നല്‍കി റിസ്‌ക്കെടുക്കാന്‍ തയ്യാറുള്ള സംവിധായകര്‍ മലയാളത്തില്‍ കുറവാണ്‌. എന്നാല്‍ തമിഴില്‍ ധാരാളം പുതുമുഖങ്ങള്‍ക്ക്‌ അവസരം കൊടുക്കുന്നു. അങ്ങനെ അവിടെ പുതുമുഖങ്ങളെത്തുകയും അവരെല്ലാം ഈ മേഖലയില്‍ തിളങ്ങുകയും ചെയ്യുന്നു. അതിനാലാണ്‌ മലയാളത്തിലെ പല നടിമാരേയും തമിഴിലേക്കാകര്‍ഷിക്കുന്നത്‌.

? വീട്ടുകാരുടെ പ്രതികരണം
അച്‌ഛന്‍ , അമ്മ, അനിയന്‍ എന്നിവരാണ്‌ വീട്ടിലുള്ളത്‌. ഡാന്‍സ്‌, പാട്ട്‌ ഇവയ്‌ക്ക് അമ്മയും അച്‌ഛനും ഇരുവരുടെയും വീട്ടുകാരും നല്ല സപ്പോര്‍ട്ടായിരുന്നു. എന്റെ കുടുംബത്തില്‍ ആദ്യമായി ഡാന്‍സ്‌ പഠിക്കുന്നത്‌ ഞാനാണ്‌. സിനിമ മേഖലയിലേക്കു വന്നപ്പോള്‍ അമ്മയൊഴികെ ബാക്കി എല്ലാവരും ആദ്യം ശക്‌തമായി എതിര്‍ത്തു. അച്‌ഛനുമായി ഒരു സുഹൃദ്‌ബന്ധം സ്‌ഥാപിച്ചിരുന്നുവെങ്കില്‍ പോലും ആദ്യമെതിര്‍ത്തത്‌ അച്‌ഛനായിരുന്നു. ശരിക്കും അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ്‌ സിനിമാലോകത്തേക്കുള്ള എന്റെ വരവ്‌. എന്നാല്‍ കുറച്ച്‌ സിനിമയൊക്കെ ചെയ്‌ത് ഇതൊരു കുഴപ്പമില്ലാത്ത മേഖലയാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ എല്ലാവരും നന്നായി സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.

? കുട്ടിക്കാലം ഡല്‍ഹിയിലായിരുന്നല്ലോ
ജീവിതമെന്താണ്‌ എന്ന്‌ മനസിലാക്കുന്നതിന്‌ മുമ്പു തന്നെ ഡല്‍ഹി വിട്ടുപോരേണ്ടി വന്നു. ഒന്നാം ക്ലാസുവരെയാണ്‌ അവിടെയുണ്ടായിരുന്നത്‌. കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച്‌ ചോദിച്ചാല്‍ പറയാനുള്ള ഓര്‍മ്മകളും ഡല്‍ഹിയിലെയാണ്‌. അവിടെ എന്നും എല്ലാം ആഘോഷങ്ങളാണ്‌. ഹോളി, നവരാത്രി, സര്‍ദാറിന്റെ അമ്പലമുണ്ട്‌. അവിടുത്തെ ആഘോഷം . കേരളത്തില്‍ നിന്നും വ്യത്യസ്‌തമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അതെല്ലാം നമുക്ക്‌ ചുറ്റുമൊരു അത്ഭുതലോകം സൃഷ്‌ടിക്കുന്നത്‌ പോലെ തോന്നാറുണ്ടായിരുന്നു. ഓരോ സീസണിലും ഓരോ ജോലികളാണവിടെ. തണുപ്പ്‌ കാലത്ത്‌ പുതപ്പു നെയ്യും. ചില ഫുഡ്‌സൊക്കെ നിര്‍മിച്ച്‌ വില്‍ക്കും. അതിലുള്ള പ്രത്യേകതയെന്നുവെച്ചാല്‍ അതൊരു അപ്പാര്‍ട്ട്‌മെന്റാണ്‌. അവിടുത്തെ താമസക്കാരെല്ലാവരും വൈകുന്നേരം ഒരുമിച്ചിരുന്നാണ്‌ ഇത്‌ ചെയ്യുക. അത്‌ ഒരു വീട്ടുകാരുടെയാവാം ബാക്കിയുള്ളവര്‍ അവരെ സഹായിക്കുന്നതിനാണ്‌ കൂടെ ചേരുന്നത്‌. നമ്മള്‍ മലയാളികളില്‍ കണ്ടിട്ടില്ലാത്തൊരു ശീലമാണ്‌ ഈ പരസ്‌പര സഹായം.

? പഠനകാലഘട്ടം
രണ്ടാം ക്ലാസുമുതല്‍ പഠിച്ചത്‌ മൂവാറ്റുപുഴ നിര്‍മ്മലയിലാണ്‌. എന്റെ കലാജീവിതത്തിലേയ്‌ക്കുള്ള വഴി തുറന്നത്‌ ഇവിടെവച്ചാണ്‌. ഡല്‍ഹിയില്‍ പഠിച്ചിരുന്ന സമയം കലയോടൊന്നും യാതൊരു താല്‌പര്യവുമുണ്ടായിരുന്നില്ല. ഡാന്‍സിനും പാട്ടിനുമൊക്കെ പ്രോത്സാഹനം തന്നത്‌ അവിടുത്തെ ടീച്ചര്‍മാരാണ്‌. അതൊരു കോണ്‍വെന്റ്‌ സ്‌കൂളാണ്‌. അതുകൊണ്ടു തന്നെ ഡാന്‍സിനും പാട്ടിനുമൊക്കെ പങ്കെടുപ്പിക്കുമായിരുന്നു. അങ്ങനെ അവരാണ്‌ ഡാന്‍സ്‌ നന്നായി ചെയ്യുന്നുണ്ട്‌ എന്നൊക്കെ പറഞ്ഞത്‌. ചെറിയ ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായ മിനി ടീച്ചറാണ്‌ അമ്മയെ വിളിച്ച്‌ ഇവളെ ഡാന്‍സ്‌ പഠിപ്പിക്കണം, നല്ല കഴിവുള്ള കുട്ടിയാണ്‌ എന്നു പറഞ്ഞത്‌. ഞങ്ങളുടെ പഴയ വീട്‌ ഒരു പാടത്തിനക്കരെ ആയിരുന്നു. ഡാന്‍സു ക്ലാസ്സില്‍ പോകാനുള്ള വണ്ടി വിളിക്കണമെങ്കില്‍ തന്നെ അവിടുന്ന്‌ കുറെ ദൂരം പോവണം . അതൊക്കെ ബുദ്ധിമുട്ടായതുകൊണ്ട്‌ വീട്ടിലാര്‍ക്കും താല്‌പര്യമില്ലായിരുന്നു. അവരെ നിര്‍ബന്ധിച്ച്‌ എന്നെ ഡാന്‍സു ക്ലാസ്സില്‍ അയപ്പിച്ചതും ടീച്ചറാണ്‌. പിന്നെ ഷാനി സിസ്‌റ്ററാണ്‌ അഭിനയിക്കാനുള്ള കഴിവ്‌ കണ്ടു പിടിക്കുന്നത്‌.

? അഭിനയത്തിനു പുറമേയുള്ള ഇഷ്‌ടങ്ങള്‍
ചെറുപ്പം മുതലേയുള്ള ഏറ്റവും വലിയൊരാഗ്രഹമായിരുന്നു യു.എസില്‍ പോവുക എന്നത്‌. പഠിച്ച്‌ നല്ലൊരു ജോലി വാങ്ങിച്ച്‌ അമേരിക്കയില്‍ പോകണം എന്നാണാഗ്രഹിച്ചത്‌. പക്ഷേ ജീവിത സാഹചര്യങ്ങള്‍ മാറിയപ്പോള്‍ അതൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നമാണെന്നു കരുതി. അപ്പോഴാണ്‌ അവിടെ ഒരു ഡാന്‍സ്‌ പോഗ്രാമിനു പോയത്‌. ഒരു മാസം യുഎസിലായിരുന്നു. എല്ലാ സ്‌ഥലങ്ങളും കാണാന്‍ പറ്റി. അവിടെ ഏറ്റവുമധികം ആകര്‍ഷിച്ചത്‌ ലാറ്റിന്‍ ഡാന്‍സ്‌ പെര്‍ഫോമന്‍സാണ്‌. ടിവിയില്‍ മാത്രം കണ്ടിരുന്ന പെര്‍ഫോമന്‍സ്‌ നേരിട്ടുകാണാന്‍ പറ്റി. ന്യൂയോര്‍ക്കില്‍ ഒരു ഡ്രാമ തിയറ്റര്‍ ഉണ്ട്‌. രണ്ടു മൂന്നു ഡ്രാമ കണ്ടു . മലയാളം സിനിമ കാണുമ്പോഴുള്ള സംതൃപ്‌തിയേക്കാള്‍ വലുതായിരുന്നു ആ ഡ്രാമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്‌. സ്‌ട്രീറ്റ്‌ ആര്‍ട്ടിസ്‌റ്റുകള്‍ ധാരാളമുണ്ടായിരുന്നു. കൂടാതെ വ്യത്യസ്‌ത തരത്തിലുള്ള ഭക്ഷണങ്ങളും രുചിക്കാന്‍ സാധിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു ആ യാത്ര.

സുനിത സുനില്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top