Main Home | Feedback | Contact Mangalam
Ads by Google

ഒറ്റയ്‌ക്കാകുക ഏറെ ദുഷ്‌കരം

mangalam malayalam online newspaper

മരുഭൂമിയുടെ ദൃശ്യഭംഗിക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയാണ്‌ 'ആടുജീവിതം' എന്ന സിനിമ അഭ്രപാളിയിലേക്കു സംവിധായകന്‍ ബ്ലസി പകര്‍ത്തുന്നത്‌. അതിജീവനത്തിന്റെ വഴികള്‍ തേടി നാടും കുടുംബവുംവിട്ട്‌ സൗദി അറേബ്യയിലെ മരുഭൂമിയിലേക്കു ചേക്കേറിയ നജീബെന്ന ചെറുപ്പക്കാരന്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരിതത്തിന്റെ കഥയാണു പറയുന്നത്‌. ബെന്യാമിന്റെ നോവലാണു സിനിമയാകുന്നത്‌. ബെന്യാമിന്‍ കഥ കേട്ട്‌ എഴുതിയതാണെങ്കില്‍ ബ്ലസി കഥ പിറന്ന മരുഭൂമിയുടെ ദൃശ്യഭംഗി നേരിട്ടു കാണുന്നതിനും പഠിക്കാനുമാണെത്തിയത്‌. ബ്ലെസിയുടെ ആദ്യ സൗദി സന്ദര്‍ശനംകൂടിയാണിത്‌.

? പ്രവാസികളുടെ കഥ പറയുന്ന ആടുജീവിതം സിനിമയാക്കാനുളള കാരണം എന്താണ്‌
ആടുജീവിതം ഒരു പ്രവാസത്തിന്റെ മാത്രം കഥയല്ല. പ്രവാസം ചരിത്രത്തിലാദ്യംതന്നെയുള്ളതാണ്‌. മനുഷ്യന്റെ ചുറ്റുപാടുകള്‍ അന്യമാകുന്ന അവസ്‌ഥ. ശ്വാസംമാത്രം നമുക്കു സ്വന്തമാകുകയും മറ്റുള്ളതൊക്കെ നഷ്‌ടമാകുകയും ചെയ്യുന്ന സ്‌ഥിതി. ആട്‌ എന്ന ജീവിക്കൊപ്പം കഴിയുന്ന അവസ്‌ഥയുമൊക്കെയാണ്‌ ഈ കഥ ഇഷ്‌ടപ്പെടാന്‍ കാരണം. 'നാം അനുഭവിച്ചിട്ടില്ലാത്ത ജീവിതമൊക്കെയും നമുക്കു കെട്ടുകഥകളാണെന്നു' കഥയില്‍ പരാമര്‍ശിക്കുന്നതുപോലെ വേറിട്ട ഫിലോസഫിയില്‍കൂടി പോകുന്ന കഥയാണിത്‌. മോഹങ്ങള്‍ പോലും നഷ്‌ടമാകുന്ന അവസ്‌ഥ. ഏത്‌ യാതനയും സഹിക്കാം, പങ്കുവയ്‌ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍. ഒറ്റയ്‌ക്കാകുക എത്ര ദുഷ്‌ക്കരമാണ്‌. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഈ കഥയ്‌ക്കു വലിയ സാധ്യതയുണ്ട്‌.

? പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്‌
'തന്മാത്ര' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണു പുതിയ പ്ര?ജക്‌ട്. എന്നാല്‍, നടന്മാരെ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും നിര്‍മാണക്കമ്പനിയാകും. അവരുമായുള്ള കരാര്‍ അങ്ങനെയാണ്‌. മലയാളത്തില്‍നിന്നും ചെറിയ വ്യത്യാസം വരുത്തിയാണു ചിത്രമൊരുക്കുന്നത്‌. കൂടാതെ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തായെക്കുറിച്ച്‌ ഡോക്യുമെന്ററിയുടെയും പണിപ്പുരയിലാണ്‌.

? എന്തുകൊണ്ടാണ്‌ സിനിമയില്‍നിന്നു ഡോക്യുമെന്ററിയിലേക്ക്‌ തിരിഞ്ഞത്‌
ഈശ്വരന്‍ അമ്പലങ്ങളിലോ പള്ളികളിലോ അല്ല, നിന്നോടൊപ്പമുള്ള സുഹൃത്തിലാണെന്നു പഠിപ്പിക്കുന്ന ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം തിരുമേനിയെക്കുറിച്ചുളള ഡോക്യുമെന്ററിയുടെ ജോലികള്‍ പുരോഗമിക്കുകയാണ്‌. വലിയ തിരുമേനിയെ ഏതെങ്കിലും ഒരു മതത്തിന്റെ വക്‌താവായി മാത്രംകാണാന്‍ പറ്റില്ല. ക്രിസോസ്‌റ്റം എന്ന വാക്കിനര്‍ത്ഥം 'സ്വര്‍ണ നാവ്‌ 'എന്നാണ്‌. വലിയ തിരുമേനി പറയുന്ന നര്‍മ്മത്തെക്കാള്‍ ഉപരി അദ്ദേഹം നല്‍കുന്ന വലിയ ചിന്തകള്‍ അതാണ്‌ എന്നിലേക്ക്‌ അദ്ദേഹത്തെ ആകൃഷ്‌ടനാക്കിയത്‌. 99 വയസ്‌ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ നൂറാം പിറന്നാളിനു ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്‌. ഇന്ത്യയിലെ തന്നെ 100 പ്രമുഖ വ്യക്‌തിത്വങ്ങളെ ഉള്‍പ്പെടുത്തി തിരുമേനിയുടെ നൂറാം വയസില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി , രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി, കോണ്‍ഗ്രസ്‌ ഉപാധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങി അന്തരിച്ച കാര്‍ട്ടൂണിസ്‌റ്റ് ടോംസ്‌, ഒ.എന്‍.വി., ഡോ. സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലിത്ത അടക്കമുളളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നര്‍മകഥകളും, വരകളും ചിത്രങ്ങളും ഒക്കെയുളള ഒരാളുടെ ജീവിതത്തെക്കുറിച്ച്‌ 50 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ ഡോക്യുമെന്ററി ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും. ലോക ഗിന്നസിന്റെ പട്ടികയില്‍ ഇടം പിടിക്കാനാണ്‌ സാധ്യത.

? കളിമണ്ണ്‌ എന്ന സിനിമ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയല്ലോ
ചിലരുടെ പ്രസ്‌താവനകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പ്രതികരിക്കാതിരിക്കുന്നതാണ്‌ നല്ലതെന്നു തോന്നി. പ്രസവരംഗത്തിന്റെ പേരില്‍ എന്തു വിവാദമായിരുന്നു ഉണ്ടായത്‌. സത്യത്തില്‍ പുരുഷന്‍ അറിയുന്നുണ്ടോ ഒരു സ്‌ത്രീ അനുഭവിക്കുന്ന വേദന? മക്കള്‍ക്ക്‌ അറിയുമോ അമ്മയുടെ വേദന എന്താണെന്ന്‌ ? ഞാന്‍ കാണാത്ത ഒരു കാര്യത്തെക്കുറിച്ച്‌ അത്‌ പ്രസവമാണോ സീസേറിയനാണോ എന്ന്‌ തിരിച്ചറിയാതെ, വ്യക്‌തതയില്ലാത്ത പല കമന്റുകളും തന്നെ മാനസികമായി തളര്‍ത്തി. കൊട്ടാരക്കരയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ രണ്ട്‌ വയസുളള കുഞ്ഞിനെ മൃഗീയമായി കൊല ചെയ്യപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണു കളിമണ്ണ്‌ എന്ന സിനിമയുടെ ആശയം ലഭിക്കുന്നത്‌. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാക്കന്മാരാരും ഈ വിഷയങ്ങളില്‍ ഒന്നും പ്രതീകരിച്ചു കണ്ടില്ല. സമുഹത്തിനുവേണ്ടി നന്മകള്‍ ചെയ്യുന്നതിലുടെയാണ്‌ നല്ല സിനിമകള്‍ പിറക്കുന്നത്‌.

? ടിവി സീരിയലുകള്‍ സിനിമയ്‌ക്കു പ്രതിസന്ധിയായിട്ടുണ്ടോ
ഇല്ല. അങ്ങനെ ഒരു പ്രതിസന്ധി മലയാള സിനിമയ്‌ക്കില്ല. ഇന്നു മിക്ക സിനിമയും സാമ്പത്തികമായി വിജയമാണ്‌. നല്ല ടെക്‌നോളജിയും ശബ്‌ദസംവിധാനവുമൊക്കെ തിയേറ്ററില്‍ ഉള്ളതുകൊണ്ടാണത്‌. സിനിമ കാണണമെങ്കില്‍ തിയേറ്ററില്‍ തന്നെ കാണണമെന്നു ജനം ചിന്തിക്കാനുള്ള കാരണവും അതുതന്നെയാണ്‌. സീരിയലുകളുടെ പ്രതാപകാലം അവസാനിച്ചു.

? സിനിമാ താരങ്ങള്‍ രാഷ്‌ട്രീയത്തില്‍ വരുന്നതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം
സിനിമാ താരങ്ങള്‍ രാഷ്‌ട്രീയത്തില്‍ വരുന്നതില്‍ എന്താണു തെറ്റ്‌? കലാകാരന്മാരായാലും,എഴുത്തുകാരായാലും രാഷ്‌ട്ര നിര്‍മ്മാണത്തിന്റെ പുരോഗതിക്കായി നിലകൊളളുന്നവര്‍ ആയിരിക്കണം. സമൂഹത്തില്‍ നിന്നാണ്‌ ഇവരുടെ സൃഷ്‌ടികള്‍ക്ക്‌ രൂപം കൊളളുന്നത്‌. മറ്റുളളവരെക്കാളും സമൂഹത്തിന്റെ പശ്‌ചാത്തലം അറിയുന്നവരാണ്‌ കലാകാരന്മാര്‍. ഇന്നസെന്റ്‌, സുരേഷ്‌ ഗോപി എന്നിവര്‍ എം.പി യായി. ഇവരുടെ രാഷ്‌ട്രീയം നോക്കിയിട്ടു സിനിമ കാണില്ലെന്ന നിലപാടെടുക്കാന്‍ കഴിയില്ല.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top