Main Home | Feedback | Contact Mangalam
Ads by Google

സഭയിലെ സാധാരണക്കാര്‍

mangalam malayalam online newspaper

രാവിലെ ഏഴുമണിയോടെ കല്‍പ്പറ്റ ആനപ്പാലം ജങ്‌ഷനില്‍നിന്നാല്‍ കാണാം കുറിയ മനുഷ്യന്‍ നഗ്നപാദനായി പാല്‍പാത്രവുമായി വരുന്നത്‌. മുസ്‌തഫയുടെ പെട്ടിക്കടയില്‍ പാലളന്ന്‌ നല്‍കിയാലുടന്‍ എ.കെ.ജി. ഓഫീസിലേക്ക്‌. അതിനിടയില്‍ ലോഹ്യം പറച്ചിലുമായി ഒരുപാടുപേര്‍. വൈകിട്ട്‌ പാല്‍പാത്രവും തൂക്കി വീട്ടിലേക്ക്‌. മങ്ങിയ ഷര്‍ട്ട്‌. ഇസ്‌തിരി തിളക്കമില്ലാത്ത മുണ്ട്‌. നെഞ്ചുവിരിച്ചു കൈകള്‍ വീശിയുള്ള നടപ്പ്‌. ഇരുട്ടുവീണാല്‍ കല്‍പ്പറ്റ ആനപ്പാലം ജങ്‌ഷനില്‍ വീണ്ടും കാണാം ആ മനുഷ്യനെ. കാണുന്നവരെല്ലാം കൈവീശിക്കാട്ടുന്നു. തിരിച്ചങ്ങോട്ടും. വാഹനങ്ങളില്‍ കടന്നുപോകുന്നവരെ ഇടയ്‌ക്കു നോക്കും. കാര്യം ഇത്രയേ ഉള്ളു. മണിയങ്കോട്‌ പൊന്നടയിലെ വീട്ടില്‍ എങ്ങനെയെങ്കിലുമൊന്ന്‌ എത്തണം. അധികം സമയം വൈകില്ല. ആരുടെയെങ്കിലും ബൈക്കിന്റെ പിന്നില്‍ സീറ്റ്‌ കിട്ടും. അല്ലെങ്കില്‍ ഏതെങ്കിലും ഓട്ടോറിക്ഷ.
മറുകാഴ്‌ച: ഈ മനുഷ്യനു സഞ്ചരിക്കാനുള്ള പാര്‍ട്ടി വക കാര്‍ എ.കെ.ജി. സെന്ററിലെ ഷെഡില്‍ 'ഉറക്ക'ത്തിലാണ്‌. അടുത്ത കാലത്ത്‌ മാവോയിസ്‌റ്റുകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ അദേഹത്തിന്റെ സുരക്ഷയ്‌ക്ക് ഗണ്‍മാനെ നിയോഗിച്ചു. പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇപ്പോള്‍ വീടുവരെ വാഹനത്തില്‍ പോകും.

*** *** ***
വീട്ടില്‍ചെന്നാല്‍ വിശ്രമമില്ല. പശുക്കള്‍, കോഴികള്‍. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി കൃഷി. പശുവിനും കോഴികള്‍ക്കും തീറ്റ കൊടുക്കണം. പശുവിനെ കുളിപ്പിക്കണം. പാലു കറക്കണം. ചാണകം വാരി ആല വൃത്തിയാക്കണം. ചാലില്‍ ചാണകം പറ്റാതിരിക്കാന്‍ ചെരുപ്പുണ്ടെന്നു കരുതിയാല്‍ തെറ്റി! ഓടുമേഞ്ഞ പഴയൊരു
വീട്‌. ഇവിടെ അന്തപ്പുരങ്ങളും അറകളും പരിചാരകരുമില്ല. ഈ വീട്ടില്‍ അന്തിയുറക്കം. പ്രധാന ഉപജീവന മാര്‍ഗം പശുവളര്‍ത്തല്‍. കോഴിമുട്ട വിറ്റുള്ള വരുമാനവും പ്യൂണായ ഭാര്യയുടെ വരുമാനവും കൂടിയായാല്‍ അടുക്കളയിലെ കാര്യവും മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഏതാണ്ടൊപ്പിക്കാം. സ്വന്തം പേരില്‍ ആകെ 70 സെന്റ്‌ സ്‌ഥലം. ഭാര്യയുടെ പേരില്‍ 88 സെന്റും. 'ഞെങ്ങിഞെരുങ്ങി'യുള്ള ജീവിതം കണ്ട്‌ 'ഞങ്ങളില്ലേ സഖാവേ... ഒന്നു പറഞ്ഞാല്‍ പോരേ..' എന്ന്‌ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. കയ്ിലുള്ളത്‌ സയാധാരണ ഒരു ഫോണായിരുന്നു. അമര്‍ന്ന്‌ തേഞ്ഞ ബട്ടണുകളില്‍ ബലം പിടിച്ചാലേ നമ്പര്‍ തെളിയൂ. വേര്‍പെടാന്‍ കൊതിക്കുന്ന ഫോണിന്റെ ഉരുപാളികളെയും യോജിപ്പിച്ചു നിറുത്താന്‍ റബര്‍ബാന്‍ഡ്‌ പ്രയോഗം. അവസാനം എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഫോണ്‍ മാറ്റി; ആന്‍ഡോയ്‌ഡും ആപ്പിളുമൊന്നുമല്ല. വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കുമൊന്നും കിട്ടില്ല. ഒരു സാധാരണ ഫോണ്‍.

*** *** ***
കുറിയ മനുഷ്യനെ തല്ലിയ പോലീസുകാര്‍ക്കൊക്കെ അത്ഭുതമേ തോന്നിയിട്ടുള്ളു. എത്രഅടികൊണ്ടാലും സമരമുഖത്തുനിന്ന്‌ ഒളിച്ചോടില്ല. അടിയേറ്റ്‌ ചോരയൊലിപ്പിച്ച്‌ നിലത്തു വീണു കിടന്നും മുദ്രാവാക്യം വിളിക്കും. ആ ആവേശത്തിനു മുമ്പില്‍ പോലീസുകാര്‍ പിന്‍മാറും. 'അയേ്ോ...ഈ മനുഷ്യനാണോ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി' എന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. പെരുമാറ്റത്തില്‍ അധികാര ഗര്‍വും ജാഡയും പ്രതീക്ഷിക്കുന്ന ഏതൊരാളും അങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. അതെ ഈ മനുഷ്യനാണ്‌ സി.പി.എം. വയനാട്‌ ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ (58). അകമ്പടിയും പരിവാരങ്ങളുമില്ലെങ്കിലും സഖാവ്‌ വരുന്നത്‌ കണ്ടാല്‍ എല്ലാവരുടെയും കണ്ണുകളില്‍ ആദരവ്‌. ഒരാഴ്‌ച മുമ്പ്‌ അദേഹം കല്‍പ്പറ്റ മണ്ഡലം നിയുക്‌ത എം.എല്‍.എയുമായി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സ്‌ഥാനാര്‍ഥിയാണെന്ന്‌ അറിഞ്ഞതു മുതല്‍
തെരഞ്ഞെടുപ്പ്‌ പ്രചരണ ജോലി സാമുഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. രാഷ്‌ട്രീയഭേദമെന്യേ വോട്ടര്‍മാര്‍ ഇടത്തേക്ക്‌ ചെരിഞ്ഞപ്പോള്‍ യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ കല്‍പ്പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ്‌. അടിതെറ്റിവീണു. അങ്ങനെ കറകളഞ്ഞ കമ്യൂണിസ്‌റ്റുകാര്‍ക്ക്‌ ജനമധ്യത്തില്‍ വലിയ സ്‌ഥാനമുണ്ടെന്നു സഖാവ്‌ ഒരിക്കല്‍ കൂടി തെളിയിച്ചു.

*** *** ***
സി.കെ. ശശീന്ദ്രന്‍ പാര്‍ട്ടി ഓഫീസിലെത്തിയാല്‍ അവിടെ ചെറിയൊരു ജനക്കൂട്ടം തന്നെയുണ്ടാവും. അദേഹത്തെ കാണാന്‍ ആരുടെയും കാല്‍വണങ്ങേണ്ട, സമയവും ചോദിക്കേണ്ട. സുഹൃത്തിനോടു പറയുന്നതുപോലെ കാര്യം അവതരിപ്പിക്കാം. കറകളഞ്ഞ വ്യക്‌തിശുദ്ധിയും ആശയങ്ങളോടുള്ള വിട്ടുവീഴ്‌ചയില്ലായ്‌മയും അദ്ദേഹത്തെ എതിരാളികള്‍ക്കുപോലും പ്രിയങ്കരനാക്കിയെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം കുറിച്ചിടുന്നത്‌. സാധാരണക്കാരനായി ജീവിക്കുന്നതിനാല്‍ സാധാരണക്കാരുടെ വേദന മനസിലാക്കാന്‍ വഴിപാടുകള്‍ വേണ്ട. സംഘാടകനായും പ്രക്ഷോഭകാരിയായും നഗ്നപാദനായി ഓടിയെത്തുന്ന അദ്ദേഹം അഴിമതിക്കാരോടു സന്ധി ചെയ്‌തിട്ടില്ലെന്നതിനു തെളിവാണ്‌ വിയര്‍പ്പുകൊണ്ടു അന്നം തേടുന്ന ജീവിതചര്യ. വയനാട്ടില്‍ എണ്ണമറ്റ ആദിവാസി സമരങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌ സി.കെ. ശശീന്ദ്രനായിരുന്നു. ആദിവാസി കോളനികളിലെ മാവോയിസ്‌റ്റ് സാന്നിധ്യം മനസിലാക്കിയപ്പോള്‍ അതിന്‌ തടയിടാന്‍ കോളനികളില്‍ വികസനം എത്തിക്കണമെന്ന ആവശ്യമാണ്‌ സി.കെ. ഉന്നയിച്ചത്‌. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസം സി.കെ. ശശീന്ദ്രനാണെന്നറിഞ്ഞപ്പോള്‍, ബംഗാളില്‍ തങ്ങള്‍ അരിഞ്ഞുതള്ളിയ സി.പി.എം. നേതാക്കളുടെ ഗതി സി.കെ. ശശീന്ദ്രന്‌ വരുമെന്ന്‌ ഭീഷണി. അങ്ങനെ ഗണ്‍മാനെ സുരക്ഷക്ക്‌ നിയോഗിച്ചു.

*** *** ***

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി.പി. കേശവന്‍ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്‌ സി.കെ. കോഴിക്കോട്‌ ഗുരുവായൂരപ്പന്‍ കോളേജില്‍ ബി.എസ്‌.സി. കെമിസ്‌ട്രി വിദ്യാര്‍ഥിയായിരിക്കെ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയായും സിറ്റി ഏരിയ പ്രസിഡന്റായും സംഘടനാ പ്രവര്‍ത്തനരംഗത്ത്‌ തുടക്കം. ബി.എസ്‌.എസി. പൂര്‍ത്തിയാക്കാനായില്ല. വയനാട്ടില്‍ തിരിച്ചെത്തി ബത്തേരി സെന്റ്‌ മേരീസ്‌ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശശീന്ദ്രന്‍ 1980-86 കാലഘട്ടത്തില്‍ എസ്‌.എഫ്‌.ഐ. വയനാട്‌ ജില്ലാസെക്രട്ടറിയായി. 1989-96 കാലയളവില്‍ ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി. 1981ല്‍ സി.പി.എം. അംഗമായ ശശീന്ദ്രന്‍ 1988ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി. കല്‍പ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടില്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2009ല്‍ വയനാട്‌ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സഹകരണ ബാങ്കിലെ സ്വീപ്പറായ ഉഷാകുമാരിയാണ്‌ സഹധര്‍മ്മിണി. മക്കള്‍: അനഘ, ഗൗതം പ്രകാശ്‌.

ബിനു ജോര്‍ജ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top