Main Home | Feedback | Contact Mangalam
Ads by Google

സംശുദ്ധിയുടെ നല്ല പാഠം

mangalam malayalam online newspaper

നാലുസെന്റ്‌ സ്‌ഥലത്ത്‌ ഒറ്റമുറി വീട്‌. വയല്‍വരമ്പിലൂടെ നടക്കണം വീട്ടിലെത്താന്‍. ടിവി ഉള്‍പ്പെടെ അവശ്യസാമഗ്രികളില്ല. എഴുപതു കഴിഞ്ഞ വൃദ്ധ പിതാവ്‌ ഇപ്പോഴും കൂലിപ്പണിക്കുപോകുന്നു. കടുത്ത ദാരിദ്ര്യത്തിന്റെ പടികടന്ന്‌ എല്‍ദോ ഏബ്രഹാമെന്ന ചെറുപ്പക്കാരന്‍ കേരളത്തിന്റെ നിയമനിര്‍മാണ സഭയില്‍ മൂവാറ്റുപുഴയുടെ പുതു ചരിത്രമാകുകയാണ്‌. എതിര്‍സ്‌ഥാനാര്‍ഥിയെ ഈ മുപ്പത്തൊമ്പതുകാരന്‍ അടിയറവു പറയിച്ചെങ്കില്‍, കാര്‍ഷിക ഗ്രാമമായ മൂവാറ്റുപുഴയിലെ നാട്ടുകാര്‍ക്കതില്‍ അത്ഭുതമേതുമില്ല. രണ്ടു പതിറ്റാണ്ടായി എല്‍ദോ നാട്ടുകാര്‍ക്ക്‌ 'അയലത്തെ പയ്യ'നാണ്‌. ജീവിതകാഠിന്യമുയര്‍ത്തിയ പരീക്ഷകള്‍ മറികടന്നു പുതുദൗത്യം ഏറ്റെടുക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌.

*** *** ***
നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴൊന്നും എല്‍ദോ തന്റെ പശ്‌ചാത്തലം ആര്‍ക്കുമുന്നിലും തുറന്നിട്ടില്ല. മൂവാറ്റുപുഴ തൃക്കളത്തൂര്‍ മേപ്പുറത്ത്‌ വീട്ടില്‍ ഏബ്രഹാമിന്റേയും ഏലിയാമ്മയുടേയും നാലു മക്കളില്‍ മൂന്നാമന്‍. ദാരിദ്ര്യവും കഷ്‌ടപ്പാടും നിറഞ്ഞ ബാല്യം. നാലുസെന്റ്‌ സ്‌ഥലവും കൊച്ചുകൂരയും മാത്രം സ്വന്തമായുണ്ടായിരുന്ന ഏബ്രഹാം മക്കളെ വളര്‍ത്താന്‍ കൂലിവേല ചെയ്‌തു. മൂന്നു പെണ്‍കുട്ടികളടക്കമുള്ളവരെ വളര്‍ത്താന്‍ ഏബ്രഹാം കുറച്ചൊന്നുമല്ല കഷ്‌ടപ്പെട്ടത്‌. ജീവിതം തള്ളി നീക്കുന്നതിനിടെ എല്‍ദോയും ഇളയ മകള്‍ നിസിമോളും അസുഖബാധിതരായി. വിദഗ്‌ധ ചികിത്സയെക്കുറിച്ചു ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഏബ്രഹാമിന്റെ അമ്മ മറിയാമ്മയാണ്‌ ഇവരെ ശുശ്രൂഷിച്ചത്‌. ചികിത്സ ലഭിക്കാതെ നിസിമോള്‍ മരിച്ചു. ശരീരം മുഴുവന്‍ വ്രണവുമായി ഇരിക്കാനോ കിടക്കാനോ കഴിയാതെ എല്‍ദോയുടെ നിലയും വഷളായി. അപ്പോഴും ചെലവു കുറഞ്ഞ നാട്ടുചികിത്സ മാത്രം തുടര്‍ന്നു. ദുരിതത്തിനു നടുവില്‍ നിസഹായനായ എല്‍ദോയ്‌ക്കു മുന്നില്‍ കല്‍പണിക്കാരനായ തൃക്കളത്തൂര്‍ മുതുകാട്ടുശേരില്‍ ഗോപാലന്‍ എത്തിയിരുന്നില്ലെങ്കില്‍ മിടുക്കനായ ചെറുപ്പക്കാരനെയും നമുക്കു നഷ്‌ടമാകുമായിരുന്നു. എല്‍ദോയുടെ വീടിനുമുന്നിലൂടെ പുലര്‍ച്ചെ ജോലിക്കു പോകുന്നതിനിടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണു ഗോപാലന്‍ അവിടേക്കു കയറിച്ചെന്നത്‌. പഠനത്തില്‍ മികവു പുലര്‍ത്തിയ ആ പതിനഞ്ചുകാരന്റെ അവസ്‌ഥ ഗോപാലനെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്‌. പണിസ്‌ഥലത്തേക്കു പോകാതെ മടങ്ങിയ ഗോപാലനാണു നാട്ടുകാരുടെ സഹായത്താല്‍ എല്‍ദോയുടെ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തിയത്‌. കാല്‍നൂറ്റാണ്ടുമുമ്പ്‌ ഒരുരൂപ മുതല്‍ നൂറുരൂപവരെ നാട്ടുകാര്‍ നല്‍കി. തുടര്‍ന്നു നടത്തിയ വിദഗ്‌ധ ചികിത്സയാണു എല്‍ദോയെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്‌.

*** *** ***
കാലം കടന്നുപോയി. രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. കാര്യങ്ങള്‍ കരയ്‌ക്കടുക്കുന്നെന്നു തോന്നിയകാലത്താണു മറ്റൊരു ദുരന്തം. മൂത്ത സഹോദരി മേഴ്‌സിയുടെ ഭര്‍ത്താവിന്റെ മരിച്ചു. ഇതോടെ, സഹോദരിയുടെയും രണ്ടു കുട്ടികളുടെയും സംരക്ഷണയും എല്‍ദോ ഏറ്റെടുത്തു. വീണ്ടും ജീവിത പ്രയാസങ്ങളുടെ നാളുകള്‍. വൃദ്ധനായ പിതാവിന്റെയും ഏക സഹോദരന്റേയും കഷ്‌ടപ്പാടില്‍ മനംനൊന്തു മേഴ്‌സി മണലാരണ്യത്തില്‍ ജോലിതേടിപ്പോയി. ഇവരുടെ കുട്ടികളുടെ സംരക്ഷണവുമായി സന്തോഷവാനായി എല്‍ദോ ജീവിതം തുടരുന്നു. അവിവാഹിതനായ എല്‍ദോയ്‌ക്കൊപ്പം എഴുപത്തിമൂന്നാം വയസിലും കൂലിവേലയെടുത്ത്‌ പിതാവ്‌ കുടുംബത്തെ ആവുംവിധം സഹായിക്കുന്നു.

*** *** ***
കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്‌ എല്‍ദോയെ കമ്യൂണിസ്‌റ്റാക്കിയത്‌. രണ്ടുപതിറ്റാണു ലാഭേച്‌ഛയില്ലാത്ത പ്രവര്‍ത്തനത്തിനു നാട്ടുകാരും അംഗീകാരം നല്‍കി. പായിപ്ര ഗ്രാമപഞ്ചായത്തിലേക്കു രണ്ടുവട്ടം മത്സരിച്ചു.
എല്ലായ്‌പ്പോഴും എതിരാളിക്കു കിട്ടിയ വോട്ടിനേക്കാള്‍ ഭൂരിപക്ഷം. രാഷ്‌ട്രീയ - സാമൂഹിക- സാംസ്‌കാരിക - പൊതു രംഗങ്ങളില്‍ വ്യക്‌തി മുദ്ര പതിപ്പിച്ച്‌ നിരവധി സംഘടനകളുടെ നേതൃപദവി അലങ്കരിക്കുമ്പോഴും എല്‍ദോ എബ്രഹാമിന്‌ ഇന്നും സ്വന്തമായി സമ്പാദ്യമില്ല. കുടുംബസ്വത്തായി നാല്‌ സെന്റ്‌ സ്‌ഥലവും ഓടിട്ട പഴയ ഒരു വീടും മാത്രം. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമാകാന്‍ ഇതിനപ്പുറം എന്തുവേണം? മൂവാറ്റുപുഴയില്‍ ഇടതുപക്ഷത്തിന്റെ സ്‌ഥാനാര്‍ഥിയാരെന്നു സി.പി.ഐയ്‌ക്കു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. പിന്നീടങ്ങോട്ട്‌ എതിരാളിയെ കടത്തിവെട്ടുന്ന പ്രചാരണമാണ്‌ എല്‍ദോയ്‌ക്കുവേണ്ടി നടന്നത്‌. യുവാക്കള്‍ തോളോടുതോള്‍ ചേര്‍ന്നു. പലരും സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്തു പ്രചാണ ബോര്‍ഡുകള്‍ ഉയര്‍ത്തി, ചുവരെഴുത്തു നടത്തി. സംസ്‌ഥാനത്തെ എം.എല്‍.എമാരില്‍ സാമ്പത്തികമായി പിന്നാക്കം ഏറ്റവും പിന്നാക്കം നില്‍ക്കുന്നയാളാണ്‌ എല്‍ദോ.

*** *** ***
1992ല്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ എല്‍ദോ, എ.ഐ.എസ്‌.എഫ്‌. ജില്ലാ സെക്രട്ടിറ, സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം, എ.ഐ.വൈ.എഫ്‌. ജില്ലാ പ്രസിഡന്റ്‌, സി.പി.ഐ. നിയോജകമണ്ഡലം സെക്രട്ടറി, വിവിധ ട്രേഡ്‌ യൂണിയന്‍ ഭാരവാഹി തുടങ്ങി നിരവധി പദവികള്‍. രണ്ടുവട്ടം പായിപ്ര ഗ്രാമപഞ്ചായത്തംഗവും ഒന്നരവര്‍ഷം സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനുമായി. വിദ്യാര്‍ഥി സമരത്തെ പോലീസ്‌ ചോരയില്‍ മുക്കിയപ്പോഴൊന്നും എല്‍ദോ ഒളിച്ചോടിയില്ല. മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലെ കൈക്കൂലിക്കെതിരെ അഴിമതിക്കാരനായ ഡോക്‌ടറെ ചെരുപ്പ്‌മാല അണിയിച്ച്‌ നടത്തിയ സമരവും വേറിട്ടതാണ്‌. ജനങ്ങള്‍ക്കൊപ്പം നിന്നാല്‍ ജനങ്ങളും ഒപ്പമുണ്ടാകുമെന്നാണ്‌ ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന നല്ലപാഠം.

സി.എം. ഷാജി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top