Main Home | Feedback | Contact Mangalam
Ads by Google

അവാര്‍ഡുകള്‍ എഴുത്തുകാരനു വെല്ലുവിളി-ടി.ജി. വിജയകുമാര്‍

mangalam malayalam online newspaper

സാഹിത്യ രംഗത്തെ അതികായകര്‍ക്കൊപ്പം മത്സരിക്കാന്‍ എഴുതിയതല്ല. എഴുത്തുകാരനെന്ന ഖ്യാതിനേടി ജീവിതസാഹചര്യം പരിപോഷിപ്പിക്കാനുമല്ല. മനസിന്റെ വിങ്ങലില്‍ നിന്നൂറിയിറങ്ങിയ അക്ഷരങ്ങളെ തുന്നിച്ചേര്‍ത്ത്‌ മഷിപുരട്ടിയപ്പോള്‍ വായനക്കാര്‍ക്കും കൗതുകം. കൈവഴക്കമുളള ഒരു എഴുത്തുകാരന്റെ തൂലികയുടെ പടയോട്ടം. വിഹ്വലതകള്‍ തങ്ങിയ ബാല്യ കൗമാരങ്ങളുടെ തീഷ്‌ണതയില്‍ കുറിച്ച അടയാളപ്പെടുത്തലുകള്‍ക്ക്‌ ഒടുവില്‍ സമൂഹം എഴുത്തുകാരനെന്ന പരിവേഷം ചാര്‍ത്തിയത്‌ സാഹിത്യത്തിന്റെ നന്മ. എഴുതിവച്ചത്‌ മികച്ചതെന്നറിഞ്ഞപ്പോള്‍ അളവറ്റ അംഗീകാരം ഹാസ സാഹിത്യത്തിനുളള സംസ്‌ഥാന സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച ടി.ജി വിജയകുമാറിന്‌ ഇപ്പോള്‍ എഴുത്ത്‌ ജീവനും ജീവിതവുമാണ്‌.

? എഴുത്തിലേക്ക്‌ താങ്കളുടെ രംഗപ്രവേശം എങ്ങനെ
ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എന്റെ ആദ്യകവിത 'മൂഴിയാര്‍ ഫാസ്‌റ്റ്' പിറന്നത്‌. എട്ടാം ക്ലാസില്‍ ആയപ്പേള്‍ നാടകമെഴുതി സ്‌കൂള്‍ ടീച്ചര്‍ക്കു നല്‍കി. എഴുത്തിനൊപ്പം തയ്യലും പഠിച്ചു. അച്‌ഛന്‍ ടി.ആര്‍ ഗോവിന്ദന്‍ നായര്‍ തയ്യല്‍കാരനാണ്‌. 10-ാം ക്ലാസില്‍ ആയപ്പോള്‍ ഞാനും തയ്യല്‍ക്കാരനായി. കോളജില്‍ പോകാനായില്ല. പഠിക്കണമെന്ന ആഗ്രഹത്തിനു വഴങ്ങിയ അച്‌ഛന്‍ പാരലല്‍ കോളജില്‍ ചേര്‍ത്തു. ഉച്ചവരെ പഠിക്കും. ഉച്ചയ്‌ക്കുശേഷം തയ്യല്‍ ജോലികളില്‍ മുഴുകും. പഠനത്തിനുളള കാശ്‌ തയ്യലില്‍ നിന്നു സംഭരിച്ചു. പ്രീഡിഗ്രി വിജയിച്ചു. അടുത്ത വായനശാലയില്‍ അംഗത്വമെടുത്തു പുസ്‌തകവായന ഉഷാറാക്കി. വായനയുടെ ഊര്‍ജ്‌ജം ഉള്‍ക്കൊണ്ട്‌ ജനയുഗത്തില്‍ ഒരു ലേഖനം അയച്ചു. ആ ലേഖനം വായിച്ചിട്ട്‌ എം.പി അച്യുതന്‍ എം.പി എനിക്കൊരു മറുപടിക്കുറിപ്പ്‌ അയച്ചു. വിജയകുമാര്‍ ധാരാളം എഴുതണമെന്നായിരുന്നു അതിലെ ഉളളടക്കം. ഈ വാക്കുകള്‍ എനിക്ക്‌ എഴുത്തില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കി.

? ജീവിതം പച്ചപിടിപ്പിക്കാന്‍ നാടുവിട്ടു പോയില്ലേ ? ഒടുവില്‍ എങ്ങനെയാണ്‌ പുതിയ സംരംഭം ജീവിതത്തില്‍ വഴിത്തിരിവായത്‌
1985 ല്‍ മുംബൈയിലേക്ക്‌ എന്നെ പറിച്ചു നട്ടു. ജീവിതം കരുപ്പിടിപ്പിക്കാന്‍ ജോലി തേടിയൊരു യാത്ര. ഒടുവില്‍ മുംബൈയില്‍ 'പെര്‍ഫക്‌ട് വാക്ക്‌' എന്ന മാസികയില്‍ അസോസിയേറ്റ്‌ എഡിറ്ററായി ജോലി ലഭിച്ചു. 1994 ല്‍ സ്വന്തമായി ബിസിനസ്‌ രംഗത്ത്‌ നിലയുറപ്പിക്കാന്‍ ഡാക്കയിലേക്ക്‌ പോയി. ബിസിനസ്‌ രംഗത്ത്‌ ശ്രദ്ധിക്കപ്പെട്ട ഞാന്‍ നിരവധി വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു. ബിസിനസ്‌ രംഗം വിട്ട്‌ വീണ്ടും നാട്ടിലെത്തി. മനസില്‍ ഉരുണ്ടുകൂടിയ എഴുത്തിന്റെ ഹരിത ഭംഗിയെ വളര്‍ത്താന്‍ നാട്ടിലേക്കുളള മടക്കം ഒത്തിരി സഹായിച്ചു.

? സുകുമാര്‍ അഴിക്കോടുമായുളള പരിചയം എങ്ങനെയായിരുന്നു
2010 ല്‍ സുകുമാര്‍ അഴിക്കോടുമായി പരിചയപ്പെട്ടു. അതുവരെ കുറിച്ചുവച്ച ലേഖനങ്ങള്‍ അഴിക്കോട്‌ മാഷിനു നല്‍കി. അഴിക്കോടിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ പുസ്‌തകത്തെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കുന്നത്‌. അദ്ദേഹം അവതാരികയും എഴുതാമെന്നേറ്റതോടെ പുസ്‌തകം ഏതുവിധേനയും പബ്ലിഷ്‌ ചെയ്യണമെന്ന ആഗ്രഹം മനസില്‍ ഉദിച്ചു. അങ്ങനെ 'മഴപെയ്‌തു തോരുമ്പോള്‍' എന്ന നാമകരണത്തില്‍ പുസ്‌തകം പുറത്തിറക്കി. പുസ്‌തകത്തിന്റെ ലേഖനങ്ങള്‍ ആനുകാലിക പ്രസക്‌തിയുളളവയായതിനാല്‍ സാഹിത്യ ലോകത്ത്‌ ചര്‍ച്ചയായി. ഇതിന്റെ ഫലമായാണ്‌ സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിക്കുന്നത്‌. അഴിക്കോട്‌ മാഷ്‌ അവസാനമായി എഴുതിയ അവതാരികയെന്ന മികവും ഈ പുസ്‌തകത്തിനു സ്വന്തം.

? മലയാള സാഹിത്യത്തെക്കുറിച്ചുളള താങ്കളുടെ വിലയിരുത്തലുകള്‍
മലയാള സാഹിത്യത്തെക്കുറിച്ച്‌ എനിക്ക്‌ ഒത്തിരിപറയാനുണ്ട്‌. പെണ്ണെഴുത്ത്‌ എന്നു പറയുന്ന ഒന്നില്ല എന്നാണ്‌ എന്റെ പക്ഷം. സ്‌ത്രീകളുടെ അതിശക്‌തമായ മുന്നേറ്റത്തില്‍ വിറളി പൂണ്ടവരുടെ ജല്‍പ്പനമായിട്ടേ ഇതിനെ കാണാനാവൂ. ദളിതെഴുത്ത്‌ അതെന്തെഴുത്താണെന്ന്‌ ഞാന്‍ അന്വേഷിക്കുകയാണ്‌. ദളിതെഴുത്തെന്നു പറഞ്ഞ്‌ ദളിതരെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിനു മാത്രമേ ഇത്തരം പ്രയോഗങ്ങള്‍കൊണ്ട്‌ ഉണ്ടാവുകയുളളുവെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ മറ്റൊരു ഗുണവും അവര്‍ക്ക്‌ ഉണ്ടാകുന്നില്ല.

? നവമാധ്യമ രംഗത്ത്‌ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ താങ്കള്‍ ഇതിന്‌ എങ്ങനെയാണ്‌ സമയം കണ്ടെത്തുന്നത്‌
നവമാധ്യമങ്ങളില്‍ ശ്രദ്ധചെലുത്തിയതിന്റെ പ്രധാന കാരണം 'സഡന്‍ എഫക്‌ടാ'ണ്‌. എന്തും നിമിഷ നേരം കൊണ്ട്‌ ലോകത്തോട്‌ വിളിച്ചു പറയാനും മനസുകള്‍ തമ്മില്‍ സംവദിക്കാനും ഇത്രത്തോളം കാര്യക്ഷമമായ മറ്റൊരു മാധ്യമം ഇല്ലായെന്നു തന്നെ പറയാം. വാരികകളിലും മാസികകളിലുമൊക്കെ പക്ഷപാതപരമായ ഇടപെടലുകള്‍ നിലനില്‍ക്കുമ്പോള്‍ നവാഗതരായ എഴുത്തുകാര്‍ക്ക്‌ ഏക ആശ്രയം നവമാധ്യമങ്ങളെന്നതും ശ്രദ്ധേയമാണ്‌.

? നവാഗതരായ എഴുത്തുകാരില്‍ പലരും കാമ്പുളള രചനകളുടെ കാര്യത്തില്‍ പിന്നിലാണ്‌. സമൂഹത്തില്‍ ഇത്തരം രചനകള്‍ നിലനില്‍ക്കുന്നതാണോ
അതു വെറുതേ തോന്നുന്നതാണ്‌്. കാമ്പുളള രചനകള്‍ ഉണ്ടാകാറുണ്ട്‌. എന്നാല്‍ പഴയ കാലത്തേതുമായി തട്ടിച്ചുനോക്കുമ്പോള്‍ വിരളമെന്ന്‌ സമ്മതിക്കേണ്ടി വരും. എന്നു കരുതി മികച്ച രചനകള്‍ നവാഗതരായ എഴുത്തുകാരില്‍ നിന്ന്‌ നഷ്‌ടപ്പെട്ടിട്ടില്ല എന്നുതന്നെ മനസിലാക്കാം.

? എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ താങ്കളുടെ തീരുമാനം
തീര്‍ച്ചയായും സാഹിത്യ അക്കാദമിപോലുളള സ്‌ഥാപനം മികച്ച ഒരു പുരസ്‌കാരം കൂടി നല്‍കുമ്പോള്‍ പിന്നെന്തിനു മാറി നില്‍ക്കണം. എഴുത്തിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ നല്‍കിയ അവാര്‍ഡ്‌ എന്റെ രചനകളെ കൂടുതല്‍ പ്രബലമാക്കാന്‍ സഹായിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതുകൊണ്ട്‌ എഴുത്തില്‍ നിന്ന്‌ പിന്‍തിരിയുന്ന പ്രശ്‌നമില്ല.

? തത്ത്വമസി പുരസ്‌ക്കാരം നല്‍കുന്നത്‌ താങ്കളുടെ നേതൃത്വത്തിലല്ലേ
അതെ. അഴിക്കോടു മാഷിന്റെ സ്‌മരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുളള പുരസ്‌ക്കാരമാണത്‌. ആദ്യപുരസ്‌ക്കാരം കുരീപ്പുഴ ശ്രീകുമാറിനും ഇപ്പോള്‍ കഴിഞ്ഞത്‌ ശ്രീകുമാരന്‍ തമ്പിക്കും ഡോ. തോമസ്‌ ഐസക്കിനുമാണ്‌ നല്‍കിയത്‌. ഇതുപോലെ മികച്ച വ്യക്‌തികള്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കിക്കൊണ്ട്‌ തത്ത്വമസിയുടെ പ്രവര്‍ത്തനം തുടരും.

? സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുത്തന്‍ മാനം കൈവരാന്‍ താങ്കള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ
സാഹിത്യ പ്രവര്‍ത്തനങ്ങളുടെ രീതിയും ഗതിയും മാറണം. കൂടുതല്‍ പേരെ സാഹിത്യ രംഗത്ത്‌ കൂട്ടിക്കൊണ്ടു വരാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ സജീവമാകണം. ഒരു പുസ്‌തകമെഴുതിയാല്‍ സാഹിത്യ ശിരോമണി എന്നുകരുതിയിരിക്കാന്‍ എനിക്കാവില്ല. പുതുതലമുറയെക്കൂടി ഇതിന്റെ രുചി അറിയിക്കണം. അതിന്‌ നിരന്തരമായ ചര്‍ച്ചകളും മറ്റു സാഹിത്യ പ്രവര്‍ത്തനങ്ങളും കൊണ്ടു മാത്രമേ സാധിക്കുകയുളളൂ. അത്തരത്തിലുളള പ്രവര്‍ത്തനങ്ങളുമായി ഞാനും മുന്‍പന്തിയില്‍ ഉണ്ടാകും.

? പ്രസാധന രംഗത്തേക്ക്‌ കടക്കുകയാണെന്ന്‌ കേട്ടു ശരിയാണോ
കടക്കുകയാണെന്നല്ല കടന്നു. ചില പുസ്‌തകങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്‌. നല്ല പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നുണ്ട്‌. അതിനുവേണ്ടിയുളള തീവ്ര പരിശ്രമത്തിലാണ്‌ ഞാന്‍.

? അഴിക്കോട്‌ മാഷുമായുളള ബന്ധം എഴുത്തിനെ ഏതുതരത്തില്‍ സ്വാധീനിച്ചു
ആ ബന്ധമാണ്‌ എന്റെ എഴുത്തിനെ ബലപ്പെടുത്തിയത്‌. അപ്രതീക്ഷിതമായി വീണു കിട്ടിയ പരിചയം എനിക്ക്‌ വളരെ പ്രയോജനപ്പെട്ടു. ഞാന്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രസംഗങ്ങള്‍ കേട്ടു. ഇവയൊക്കെ എനിക്ക്‌ എഴുത്തിനെ പുഷ്‌ടിപ്പെടുത്താനായി. 'മഴപെയ്‌തു തോരുമ്പോള്‍' എന്ന പുസ്‌തകം തന്നെ അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിന്റെ ഫലമാണ്‌.

? ലഭിച്ച അവാര്‍ഡ്‌ പ്രതീക്ഷിച്ചതാണോ
ഒരിക്കലുമല്ല. അവാര്‍ഡുകള്‍ എപ്പോഴും നമ്മെ സന്തോഷിപ്പിക്കാറുണ്ട്‌. അതുപോലെ ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കും. ഇതുവരെ ശ്രദ്ധിക്കാത്തവര്‍ ഇനിയുളള എന്റെ രചനകളെ ശ്രദ്ധിച്ചു തുടങ്ങും. അപ്പോള്‍ നമുക്ക്‌ അനുവാചകരുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാനായില്ലെങ്കില്‍ എഴുത്തുകാരന്റെ പ്രതിഭ ചോദ്യം ചെയ്യപ്പെടും. അവാര്‍ഡുകള്‍ എപ്പോഴും എഴുത്തുകാരന്‌ നല്‍കുന്നത്‌ കടുത്ത വെല്ലുവിളിയാണ്‌.

? മഴപെയ്‌തു തോരുമ്പോള്‍ എന്ന പുസ്‌തകം എന്താണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌
ഇന്നത്തെ സാമൂഹ്യ വ്യവസ്‌ഥിതിയില്‍ ഉണ്ടാകുന്ന അപചയങ്ങളും അസ്വാരസ്യങ്ങളും ഞാന്‍ ഹാസസാഹിത്യത്തിലൂടെ തുറന്നുകാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്‌. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ മുതല്‍ അന്താരാഷ്‌ട്ര നയതന്ത്ര കാര്യങ്ങള്‍ വരെ ഇതില്‍ പ്രതിപാദ്യ വിഷയമാണ്‌.

? കുടുംബം
തിരുവല്ല സ്വദേശി സുജാത വിജയ്‌ ആണ്‌ ഭാര്യ. എഴുത്തിനെ വളരെയധികം പ്രോത്സാഹിപ്പിച്ച ഒരു ആസ്വാദക കൂടിയാണ്‌. മക്കള്‍: അഖില്‍ വിജയ്‌, ഐശ്വര്യ വിജയ്‌ ഇരുവരും വിദ്യാര്‍ത്ഥികളാണ്‌. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരാണ്‌ താമസം.

വിനു ശ്രീലകം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top