Main Home | Feedback | Contact Mangalam
Ads by Google

പവിത്രന്‍ ഇവിടെയുണ്ട്‌

mangalam malayalam online newspaper

വെള്ളാനകളുടെ നാട്‌ എന്ന ചിത്രം കണ്ടവര്‍ പവിത്രന്‍െ മറന്നിട്ടുണ്ടാകില്ല. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര തിളങ്ങാന്‍ പവിത്രനു സാധിച്ചില്ല. തത്‌കാലം സിനിമയില്‍ നിന്നും സീരിയലുകളിലേക്ക്‌ കളംമാറിയിരിക്കുകയാണ്‌ പവിത്രന്‍. സമീപകാലത്ത്‌ ''സ്‌റ്റൈല്‍'' എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കഴിഞ്ഞു. സിനിമയെ മോഹിച്ച തനിക്ക്‌ സിനിമാലോകത്തു നിന്നും കിട്ടിയ തിരിച്ചടികളെക്കുറിച്ച്‌ പറയുകയാണ്‌ പവിത്രന്‍.

? നടന്‍ ശ്രീനിവാസനുമായുള്ള ബന്ധമാണു സിനിമയിലെത്തിച്ചതെന്ന്‌ കേട്ടിട്ടുണ്ട്‌
ഞങ്ങള്‍ ഒരേ നാട്ടുകാരാണ്‌. എന്നാല്‍, ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്‌ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ വച്ചാണ്‌. അദ്ദേഹം എന്റെ സീനിയറായിരുന്നു. ''അരം + അരം = കിന്നരം'' എന്ന സിനിമയിലാണ്‌ ഞാന്‍ ആദ്യമായി അഭിനയിച്ചത്‌. അതില്‍ ഒരു വര്‍ക്ക്‌ഷോപ്പ്‌ മുതലാളിയാണ്‌ ജഗതിച്ചേട്ടന്‍. അദ്ദേഹത്തിന്റെ കൂടെ പണിയറിയാത്ത കുറെ പണിക്കാരുണ്ട്‌. അതിലൊരാളായിരുന്നു ഞാന്‍. ആ സമയത്ത്‌ കൂടുതലും പ്രിയദര്‍ശന്റെ സിനിമകളിലാണ്‌ അഭിനയിച്ചത്‌. രണ്ടാമത്തെ സിനിമ വെള്ളാനകളുടെ നാടാണ്‌. അതില്‍ നെഗറ്റീവ്‌ റോളാണ്‌. മോഹന്‍ലാലുമൊത്ത്‌ ഒരു സ്‌റ്റണ്ട്‌ സീനുണ്ട്‌. അദ്ദേഹം എന്നെയെടുത്ത്‌ ഒരു കോഴിക്കൂടിനു മുകളിലേക്ക്‌ എറിയുന്നു. ഞാന്‍ ഉരുണ്ട്‌ താഴെ വരണം. സംവിധായകന്‍ സീനൊക്കെ പറഞ്ഞുതന്നു. ലാല്‍ എന്റടുത്ത്‌ വന്നു ചോദിച്ചു. ''എങ്ങനെ അഭിനയിക്കാനാണ്‌ പ്ലാന്‍?'' എനിക്കറിയില്ല എന്നു കേട്ടതും അദ്ദേഹം ആ സീന്‍ എങ്ങനെ ചെയ്യണമെന്ന്‌ അഭിനയിച്ചു കാണിച്ചു. അവിടെ താഴേയ്‌ക്ക് മണ്ണിടിഞ്ഞ്‌ കിടക്കുകയാണ്‌. ഒന്നുമറിയാതെ അഭിനയിച്ചാല്‍ അപകടം ഉറപ്പാണ്‌. എനിക്ക്‌ അപ്പോള്‍ അദ്ദേഹത്തോട്‌ തോന്നിയ വികാരം അപകടത്തില്‍ നിന്ന്‌ രക്ഷിച്ചു എന്നതല്ല. ഒരു മഹാനടന്‍ മാത്രമല്ല നല്ലൊരു വ്യക്‌തിയും കൂടെയാണ്‌ എന്നാണ്‌. അദ്ദേഹത്തിന്‌ എനിക്ക്‌ പറഞ്ഞു തരേണ്ട കാര്യമില്ല. എന്നിട്ടും പറഞ്ഞു തന്നല്ലോ?

? വെള്ളാനകളുടെ നാട്‌ എന്ന സിനിമയില്‍ മികച്ച വേഷം കൈകാര്യം ചെയ്‌തു. എന്നിട്ടും പവിത്രന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല
ആദ്യം തന്നെ മികച്ച വേഷം കിട്ടിയതാണ്‌ എനിക്കു പറ്റിയത്‌. ആ സിനിമയില്‍ എം.ജി. സോമന്‍ ചെയ്‌തതിലും മുകളിലുള്ള കഥാപാത്രം. എന്റെയൊരു സുഹൃത്തിന്‌ അഭിനയിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. അയാള്‍ ചാന്‍സന്വേഷിച്ച്‌ പ്രിയദര്‍ശന്റെ അടുത്തുചെന്നു. ചാന്‍സില്ലെന്നു പ്രിയന്‍ പറഞ്ഞതുകേട്ട്‌ അയാള്‍ ചോദിച്ചു പവിത്രന്‌ മികച്ച റോളാണല്ലോ നല്‍കിയത്‌. പിന്നെന്തേ ഞങ്ങള്‍ക്ക്‌ വേഷം നല്‍കാന്‍ ബുദ്ധിമുട്ട്‌. പ്രിയന്‍ പറഞ്ഞത്‌ ''അതൊരു സ്‌ട്രെയ്‌ഞ്ച് കോയിന്‍സിഡന്റ്‌സ് ആണെന്ന്‌. പ്രിയന്‍ എന്നോടു പറഞ്ഞു. നിനക്ക്‌ ഇത്രയും നല്ലൊരു ബ്രേക്ക്‌ നല്‍കിയിട്ടും നീയത്‌ ഉപയോഗിച്ചില്ലല്ലോ. അത്‌ സത്യമാണ്‌. ഞാന്‍ പൊതുവേ ഒരു മടിയനാണ്‌. അവസരങ്ങള്‍ ചോദിച്ച്‌ എങ്ങും കയറിയിറങ്ങാറില്ല. അത്‌ എന്റെ പോരായ്‌മയായിരിക്കും. ആരെങ്കിലും വിളിക്കും അങ്ങനെ ഇടയ്‌ക്കിടെ അഭിനയിക്കും.

? സാമ്പത്തികമായി പ്രശ്‌നങ്ങളുണ്ടോ
ഇപ്പോഴും വാടകവീട്ടിലാണ്‌ താമസം. ഇടയ്‌ക്ക് കോഴിക്കോടായിരുന്നു താമസിച്ചിരുന്നത്‌. മകന്‍ സൂര്യനന്ദ്‌ കോയമ്പത്തൂരില്‍ പഠിക്കുന്നതു കൊണ്ട്‌ ഇപ്പോള്‍ കുടുംബമായി അവിടെയാണ്‌. മകന്‌ ഹോസ്‌റ്റല്‍ താമസം ശരിയായില്ല. അതുകൊണ്ട്‌ വാടകവീടെടുക്കേണ്ടിവന്നു. രണ്ടു സ്‌ഥലത്തും വാടകകൊടുക്കാന്‍ പറ്റില്ല എന്നുള്ളതുകൊണ്ടാണ്‌ അങ്ങോട്ടു താമസം മാറിയത്‌.
സീരിയലുകളില്‍ നിന്നു കിട്ടുന്ന വരുമാനം മകന്റെ പഠനം, വീട്ടുവാടക, വീട്ടുചെലവുകള്‍ എന്നിങ്ങനെ ചെലവാകും. ഭാര്യ ശോഭ വീട്ടില്‍ത്തന്നെ ഒരു പ്ലേസ്‌കൂള്‍ നടത്തുന്നുണ്ട്‌. ഇതൊക്കെയാണ്‌ വരുമാനമാര്‍ഗ്ഗം. സിനിമയില്‍ വല്ലപ്പോഴുമാണ്‌ അവസരങ്ങള്‍ കിട്ടുന്നത്‌. അതൊരു സ്‌ഥിരവരുമാനമായി കരുതാന്‍ പറ്റില്ല.
വെള്ളാനകളുടെ നാട്‌ റിലീസായ സമയത്താണ്‌ വിവാഹം. അതില്‍ സ്വന്തം ഭാര്യയെ പലര്‍ക്കും കൊണ്ട്‌ കൊടുക്കുന്ന കഥാപാത്രമായിരുന്നു എനിക്ക്‌. ഞാന്‍ പെണ്ണുകാണാന്‍ ചെന്നപ്പോള്‍ ചേട്ടന്റെ മകന്‍ പറഞ്ഞു ''ചേച്ചി ഇയാളെയാണോ കല്ല്യാണം കഴിക്കുന്നത്‌. അയാള്‍ ആളു ശരിയല്ല''. പക്ഷേ അവള്‍ പറഞ്ഞു എനിക്കിയാളെ മതിയെന്ന്‌. എട്ട്‌ ആങ്ങളമാരുടെ ഒറ്റപ്പെങ്ങളാണ്‌ ശോഭ. അവര്‍ അന്വേഷിച്ചപ്പോള്‍ നാട്ടില്‍ എനിക്ക്‌ നല്ല പേരാണ്‌. മദ്യപിക്കില്ല, പുകവലിക്കില്ല, മഅനാവശ്യ കൂട്ടുകെട്ടുകള്‍ ഉള്‍പ്പെടെ മറ്റ്‌ കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട്‌ പെട്ടെന്ന്‌ വിവാഹം നടന്നു.

? സാമ്പത്തികമായി തകര്‍ന്നുനിന്ന സമയത്ത്‌ സുഹൃത്തുക്കള്‍ സഹായിച്ചില്ലേ
എന്റെയൊരു സുഹൃത്തുണ്ടായിരുന്നു. പേരു പറയുന്നില്ല. അദ്ദേഹം ഇന്ന്‌ വലിയനിലയില്‍ ജീവിക്കുകയാണ്‌. അദ്ദേഹം സാമ്പത്തികമായി തകര്‍ന്നിരുന്ന സമയം. അയാളുടെ വീട്‌ ജപ്‌തി ഭീഷണിയിലാണ്‌. അച്‌ഛനും അമ്മയും അനിയനും പ്രായപൂര്‍ത്തിയായ അനിയത്തിയും പെരുവഴിയിലേക്കിറങ്ങും എന്ന അവസ്‌ഥ. അവന്‍ ഓടി എന്റടുത്ത്‌ വന്ന്‌ സങ്കടം പറഞ്ഞു. അന്ന്‌ ഞാനും സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുകയാണ്‌. എന്നിട്ടും ഒരു വാടകവീടെടുത്ത്‌ അവനെയും കുടുംബത്തേയും അങ്ങോട്ട്‌ മാറ്റി. 5000 രൂപയും നല്‍കി. അവിടുന്ന്‌ അയാള്‍ സമ്പാദിച്ചു തുടങ്ങി. നമ്മള്‍ വിചാരിച്ചതിലും വലിയനിലയില്‍ എത്തി. മൂന്നുവര്‍ഷം മുന്‍പ്‌ എനിക്ക്‌ സീരിയലും സിനിമയും ഒന്നുമില്ല. ആകെ തകര്‍ന്ന അവസ്‌ഥ. വീടിനു വാടക കൊടുത്തില്ലെങ്കില്‍ ഇറക്കിവിടുമെന്ന്‌ വീട്ടുടമസ്‌ഥന്‍ . സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഭാര്യയാണ്‌ ഈ പഴയ സുഹൃത്തിന്റെ കാര്യം പറഞ്ഞത്‌. എനിക്ക്‌ പോകാന്‍ മടിയായിരുന്നു. ഭാര്യ നിര്‍ബന്ധിച്ചപ്പോള്‍ പോയി. ഞാനവിടെച്ചെന്ന്‌ ബെല്ലടിച്ചപ്പോള്‍ അയാളുടെ ഭാര്യ വന്നു കതകു തുറന്നു. അയാളെന്നെ കണ്ടതും വല്ലാത്ത മുഖഭാവം. അപ്പോള്‍ത്തന്നെ പന്തികേടു തോന്നി. എന്നിട്ടും ഇപ്പോഴത്തെ അവസ്‌ഥ മോശമാണെന്നും ഒരു ഡ്രൈവറായി എങ്കിലും ജോലി തരണമെന്നും പറഞ്ഞു. അയാളുടെ സ്‌ഥാപനത്തില്‍ പറ്റില്ലെങ്കില്‍ പരിചയമുള്ള എവിടെയെങ്കിലും ജോലിക്ക്‌ ശ്രമിക്കാമോ എന്നും ചോദിച്ചു. അയാള്‍ ഒരക്ഷരം പോലും മറുപടി പറഞ്ഞില്ല. ഒന്ന്‌ ഇരിക്കാന്‍ പോലും പറഞ്ഞില്ല. വേദനയോടെ ഞാന്‍ മടങ്ങി. അയാള്‍ ഒരു നേരത്തെ ആഹാരത്തിന്‌ ചെലവാക്കുന്ന കാശു തന്നാല്‍ മതി എന്റെ പ്രശ്‌നം തീര്‍ന്നേനെ. ഒരു മനുഷ്യന്റെ ആത്മാവിനുണ്ടാകുന്ന നാശമാണ്‌ അന്നവിടെ കണ്ടത്‌.

സുനിതാ സുനില്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top