Main Home | Feedback | Contact Mangalam
Ads by Google

കടലിനെ പ്രേമിച്ച നാവികന്‍

mangalam malayalam online newspaper

കടല്‍...
എത്ര ധൈര്യമുള്ള യാത്രികന്റെയും ഹൃദയമിടിപ്പ്‌ ഏറുന്ന സൊമാലിയ എന്ന അപകടമേഖല. ഒരു ഉച്ച. ഒരു കപ്പല്‍ കടലിലൂടെ മന്ദം മന്ദം ഒഴുകുകയാണ്‌ . പെട്ടെന്നാണ്‌ കപ്പലിന്റെ മുന്‍ഭാഗത്ത്‌, യാത്രാ ചാലിന്റെ ഇരുവശത്തുമായി ചുവന്ന രണ്ട്‌ ബോട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്‌. കപ്പലില്‍നിന്നും പത്തുപന്ത്രണ്ട്‌ കിലോമീറ്റര്‍ അകലെയാണ്‌ ബോട്ടുകളുടെ സ്‌ഥാനം. ആ രണ്ടുബോട്ടുകള്‍ തമ്മിലും അത്ര തന്നെ ദൂരമുണ്ട്‌. ആ രണ്ട്‌ ബോട്ടുകളെയും വകഞ്ഞുമാറ്റി വേണം കപ്പലിന്‌ കടന്നു പോകാന്‍. പെട്ടെന്ന്‌ ആ രണ്ടു ചുവന്ന ബോട്ടുകളില്‍നിന്നും ഓരോ സ്‌പീഡ്‌ ബോട്ടുകള്‍ വെള്ളത്തിലേക്കു തുറക്കുന്നു. ആ സ്‌പീഡ്‌ ബോട്ടുകള്‍ കപ്പലിനുനേരേ കുതിച്ചുവന്നു. വെള്ളം ശക്‌തമായി തെറിപ്പിച്ചാണ്‌ അതിന്റെ വരവ്‌. കടല്‍ക്കൊള്ളക്കാര്‍ ആക്രമിക്കാന്‍ വരുന്നതാണെന്ന്‌ കപ്പലിലെ ജോലിക്കാര്‍ക്ക്‌ മനസിലാക്കാന്‍ പ്രയാസമുണ്ടായില്ല. കടല്‍ക്കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെടുത്താന്‍ പതിനാലുരാജ്യങ്ങളില്‍ നിന്നുള്ള പടക്കപ്പലുകള്‍ സൊമാലിയന്‍ കടല്‍പ്രദേശം സംരക്ഷിച്ചുകൊണ്ട്‌ എപ്പോഴും അവിടെ റോന്തുചുറ്റുന്നുണ്ട്‌. ഉടന്‍ അങ്ങനെയുള്ള ഒരു പടക്കപ്പലില്‍ നിന്നും ക്യാപ്‌റ്റന്റെ കൈയിലെ റേഡിയോയില്‍ അറിയിപ്പ്‌ വന്നു. കപ്പലിലെ കോട്ടയ്‌ക്കുള്ളില്‍ എല്ലാവരും കയറി രക്ഷപ്പെടുക. സമചിത്തത വീണ്ടെടുത്ത്‌ ചീഫ്‌ എന്‍ജിനീയര്‍ എന്‍ജിന്‍ റൂമില്‍ ചെന്ന്‌ കപ്പലിന്റെ എന്‍ജിനുകള്‍ ഓരോന്നായി നിര്‍ത്തി. എന്നാലും ഒരു മണിക്കൂറെടുക്കും കപ്പല്‍ നിശ്‌ചലമാകാന്‍. ഈ സമയം കടല്‍ക്കൊള്ളക്കാര്‍ കപ്പലില്‍ ചാടിക്കയറി. അലര്‍ച്ചയോടെ അവര്‍ കതക്‌ തള്ളി തുറക്കാന്‍ ശ്രമിച്ചു. കതകില്‍ വെടിവച്ചു. തീയിട്ട്‌ പുകച്ചുചാടിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും യൂറോപ്യന്‍ യുദ്ധക്കപ്പലിന്റെ സഹായത്താല്‍ ഒരു ഹെലികോപ്‌റ്റര്‍ കടല്‍ക്കൊള്ളക്കാരെ തുരത്താന്‍ എത്തുമെന്ന്‌ അറിയിപ്പ്‌ കിട്ടി. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലാണ്‌ കപ്പലിലെ ജീവനക്കാര്‍. മിനിട്ടുകള്‍ കടന്നുപോയി. ഇപ്പോള്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രോശമില്ല. രംഗം ശാന്തം. രക്ഷപ്പെടുത്താനെത്തുന്ന ഹെലികോപ്‌ടറുടെ ശബ്‌ദത്തിനായി എല്ലാവരും കാതോര്‍ത്തിരുന്നു. കടല്‍ക്കൊള്ളക്കാര്‍ ഓരോരുത്തരായി ഓടിയകലുന്ന കാലൊച്ച കേള്‍ക്കാം. അരമണിക്കൂറിനുള്ളില്‍ രക്ഷാക്കപ്പലില്‍നിന്നും വിളിവന്നു. കടല്‍ക്കൊള്ളക്കാരെ പിടിച്ചു. ഇനി ധൈര്യപൂര്‍വ്വം യാത്ര ചെയ്ാം. കപ്പല്‍യ തുടര്‍ന്ന്‌ ലക്ഷ്യത്തിലേക്ക്‌ യാത്ര ചെയ്‌തു. ആ കപ്പലിലെ ചീഫ്‌ എഞ്ചിനീയര്‍ ഒരു മലയാളിയായിരുന്നു. കുടമാളൂര്‍ സ്വദേശി സുരേഷ്‌ പിഷാരോടി.

*** **** ****

ഒരു ഹോളിവുഡ്‌ സിനിമയിലെ സീന്‍ പോലെയോ, ഭാവന സമ്പന്നനായ ഒരു എഴുത്തുകാരന്റെ സൃഷ്‌ടിപോലെയോ ഭ്രമിപ്പിക്കുന്ന സസ്‌പെന്‍സ്‌ നിറഞ്ഞ അനുഭവങ്ങളാണ്‌ സുരേഷ്‌ പിഷാരോടിയെന്ന നാവികന്റെ ജീവിതത്തെ വ്യത്യസ്‌തമാക്കുന്നത്‌.
കടലിനെക്കുറിച്ച്‌ പറയാന്‍ നിന്നാല്‍ കടലോളം കാര്യങ്ങള്‍ ഈ നാവികന്‌ പറയാനുണ്ട്‌. മുപ്പതുവര്‍ഷമായി കടലിന്റെ അഗാധമായ നീലിമകള്‍ അടുത്തുനിന്നു കണ്ട സാഹസികനാണ്‌ ഇദ്ദേഹം. ലോകത്തെ എല്ലാ പേരുകേട്ട കടലുകളിലും മഴയോടും വെയിലിനോടും കൊടുങ്കാറ്റിനോടും മഞ്ഞിനോടും കടല്‍ക്കൊള്ളക്കാരോടും പടവെട്ടി ഇതിഹാസതുല്യമായ ജീവിതം നയിക്കുന്ന ഈ നാവികന്‍ നേരിട്ട അപകടത്തിന്റെ മുനമ്പുകള്‍ അനവധിയാണ്‌. അന്റാര്‍ട്ടിക്ക, പസഫിക്‌, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, സൗത്ത്‌ ചൈന കടല്‍, ചെങ്കടല്‍, ചാവുകടല്‍, മെഡിറ്റേറിയന്‍ കടല്‍, കരീബിയന്‍ കടല്‍ എന്നിങ്ങനെ കടലിന്റെ അമ്പരപ്പിക്കുന്ന അത്ഭുതങ്ങളും കടല്‍യാത്രയുടെ പ്രതിസന്ധികളും ഈ നാവികന്‍ അനുഭവിച്ചറിഞ്ഞു. ചിലപ്പോള്‍ കാലാവസ്‌ഥ വ്യതിയാനം കൊണ്ടോ, അപകടങ്ങളുടെ ആകസ്‌മികത കൊണ്ട്‌ മാസങ്ങളോളം തുറമുഖത്തോ നടുക്കടലിലോ തമ്പടിക്കേണ്ട സന്ദര്‍ഭങ്ങളും ഒരു വെല്ലുവിളിയായി നേരിട്ടു. നാട്ടിലെത്തിയാല്‍ കലാപ്രേമിയായ ഇദ്ദേഹം ആസ്വാദനത്തിനായി നാടുചുറ്റും. ജീവിക്കുന്നെങ്കില്‍ ഒന്നുങ്കില്‍ കഥകളിയും പഞ്ചവാദ്യവും തായമ്പകയും കച്ചേരിയും ആസ്വദിച്ച്‌ മനുഷ്യരെപ്പോലെ സ്വസ്‌ഥമായി ജീവിക്കണം.
അല്ലെങ്കില്‍ പിന്നെ ഇത്തിരി സാഹസികമായി ജീവിക്കണമെന്നതാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രസതന്ത്രം. കോട്ടയം ജില്ലയില്‍ മണര്‍കാട്‌ വിജയപുരം പിഷാരത്ത്‌ പി.കെ. ഭരതപിഷാരോടിയുടെയും രാധാമണിയുടെയും മകനായി ജനിച്ച ഇദ്ദേഹം കടലിനെ ഹൃദയത്തോട്‌ എന്നും ചേര്‍ത്തുവച്ചിരിക്കുന്നു. ഇപ്പോള്‍ കോട്ടയത്ത്‌ കുടമാളൂരിലെ തെക്കേടത്ത്‌ മനയിലാണ്‌ താമസം. ഇ.എം.എസിന്റെ ഭാര്യവീടായിരുന്നു ഈ മന. ഇ.എം.എസിന്റെ അളിയനും ദേവസ്വം ബോര്‍ഡ്‌ പ്രിസിഡന്റുമായിരുന്ന രാമന്‍ ഭട്ടതിരിപാടിന്റെ കൈകളില്‍ നിന്നാണ്‌ സുരേഷ്‌ പിഷാരോടി ഈ മന വാങ്ങിയത്‌. ലോട്ടസ്‌ ഓഫ്‌ ഓഷ്യന്‍, ഓളം താളം, പത്മതീര്‍ഥങ്ങളില്‍ സന്ധ്യ എന്നീ നോവലുകളും ഒരു നാവികന്റെ ഓര്‍മകുറിപ്പുകള്‍(അനുഭവകുറിപ്പ്‌) എന്നിങ്ങനെ നാലുപുസ്‌തകളും ഇദ്ദേഹം എഴുതി കടല്‍ ജീവിതത്തെ ധന്യമാക്കി. കഥകളിയിലും പ്രവീണ്യമുള്ള സുരേഷ്‌ അരങ്ങില്‍ കഥകളി അവതരിപ്പിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ സിംഗപ്പൂരിലെ ഒരു ഷിപ്പിങ്ങ്‌ കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌.

*** **** ****
ഒരു അമേരിക്കന്‍ യാത്ര. കപ്പല്‍ ഇപ്പോള്‍ പനാമക്കനാല്‍ കടക്കുകയാണ്‌. പനാമയില്‍ കപ്പലിനെ വലിയൊരു കോണ്‍ക്രീറ്റ്‌ ബോക്‌സിനകത്ത്‌ കയറ്റി. ബോക്‌സില്‍ വെള്ളം നിറച്ചു. കപ്പല്‍ ഉയര്‍ന്നു. വീണ്ടും അടുത്ത ബോക്‌സില്‍ കയറ്റി വെള്ളം നിറച്ചു പൊക്കി. അങ്ങനെ മൂന്നുനാലു പ്രാവശ്യം ചെയ്‌തപ്പോള്‍ ശാന്തസമുദ്രത്തില്‍ നിന്നുയര്‍ന്ന്‌ മലയുടെ നെറുകയിലുള്ള 'ഗാറ്റൂന്‍' തടാകത്തിന്റെ ജലനിരപ്പിലെത്തി. പിന്നെ തടാകത്തിലൂടെ 70 കിലോമീറ്റര്‍ ദൂരം കപ്പലോടിച്ച്‌ കരീബിയന്‍ കടല്‍നിരപ്പിലെത്തി. ഈ കുറുക്കുവഴി യാത്ര ചെയ്‌താല്‍ 19000 കിലോമീറ്റര്‍ ലാഭംകിട്ടി. കപ്പലിന്‌ 1200 ടണ്‍ ഡീസല്‍ ലാഭം.
ഇനി ആരെയും ഭയപ്പെടുത്തുന്ന ബെര്‍മുഡ ട്രയാങ്കിള്‍. ഒരടയാളം പോലും അവശേഷിപ്പിക്കാതെ പ്രതിവര്‍ഷം 120 ബോട്ടുകളെങ്കിലും അപ്രത്യക്ഷമാകുന്ന സ്‌ഥലം. ആകാശത്തൂടെ പറന്നുപോകുന്ന എണ്ണമറ്റ വിമാനങ്ങള്‍ ഒരു വിശദീകരണവുമില്ലാതെ ഈ ഭാഗത്ത്‌ കാണാതാവുന്നു. അമേരിക്കയുടെ ഒരു സംഘം അവഞ്ചര്‍ ടോര്‍പിഡോ വിമാനങ്ങളും മൂന്നു രക്ഷാവിമാനങ്ങളും 1945 ല്‍ അപ്രത്യക്ഷമായത്‌ ഇന്നും കറുത്ത അധ്യായമായി തുടരുന്നു. ദുരൂഹത ബാക്കിനില്‍ക്കുന്നു. അമേരിക്കന്‍ നേവിയുടെ ''സൈക്ലോപ്‌സ്' എന്ന യുദ്ധക്കപ്പലും 'മറൈന്‍ സള്‍ഫര്‍ ക്യൂന്‍' എന്ന എണ്ണ കപ്പലും അപ്രത്യക്ഷമായ സ്‌ഥലം. ഈ കാണാതാകലിനെക്കുറിച്ച്‌ പലരും പലതും പറയുന്നു. ബഹിരാകാശത്തുനിന്നും ചില ജീവികള്‍ പറക്കും തളികയില്‍ വന്ന്‌ ബെര്‍മുഡക്കടലിനു താഴെയുള്ള അവരുടെ സങ്കേതത്തില്‍ താവളമടിക്കുകയും ഭൂതപ്രേതങ്ങളുടെ ഒരു നഗരം തന്നെ ഈ കടലില്‍ ഉണ്ടെന്നുമുള്ള ഊഹാപോഹങ്ങള്‍ മാത്രം അവശേഷിക്കുന്നു. ആ ബെര്‍മുഡ കടലിലൂടെയും സുരേഷ്‌ യാത്ര ചെയ്‌തു.
പിന്നെ അറ്റ്‌ലാന്റിക്‌, മെഡിറ്ററേനിയന്‍ സമുദ്രങ്ങള്‍ സന്ധിക്കുന്ന യൂറോപ്പിന്റെ മുനമ്പായ ജിബോള്‍ട്ടര്‍. തട്ടിപ്പുവീരന്മാരുടെ കേന്ദ്രമായ സൂയസ്‌ കനാല്‍. ഏറ്റവും അധികം ചൂടുള്ള കടല്‍വെള്ളമുള്ള ചെങ്കടല്‍. ചരക്കുകപ്പലുകളില്‍നിന്നും പിന്നെ സഞ്ചാരം യാത്രാക്കപ്പലുകളിലേക്ക്‌. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന സെവന്‍സ്‌റ്റാര്‍ ഹോട്ടല്‍ എന്നു വിളിക്കാവുന്ന ഒരു കപ്പല്‍.
ആ കപ്പലില്‍ കരീബിയന്‍ കടലിലൂടെയായിരുന്നു യാത്ര. എന്‍ജിന്‍ ഘടിപ്പിച്ച ഹോട്ടല്‍ എന്നും ഇതിനെ വിളിക്കാം. പോര്‍ട്ട്‌ ഹോളില്‍ കൂടി നോക്കിയാല്‍ എല്ലാ ദിവസവും ഓരോരോ ദ്വീപുകള്‍ അല്ലെങ്കില്‍ ഓരോരോ വിനോദസഞ്ചാര കേന്ദ്രങ്ങളാകും കാണുക. ചാനലിലോ നദിക്കു കുറുകെയോ മാത്രം സര്‍വീസ്‌ നടത്തുന്ന കടത്തു കപ്പലുകളല്ലാത്ത ഇത്തരം ആഢംബര കപ്പലില്‍ ഒരു സീനിയര്‍ എന്‍ജിനീയറായി ജോലി ചെയ്യാന്‍ ഒരു ഇന്ത്യക്കാരന്‌ അവസരം കിട്ടുക അപൂര്‍വമാണ്‌. വെള്ളക്കാര്‍ക്കുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്ന ജോലിയാണത്‌.
*** **** ****
വലിയ കണ്ടെയ്‌നറുകള്‍ കയറ്റാവുന്ന റോ-റോ കപ്പലില്‍ ജോലിക്കായി സുരേഷ്‌ മുംബൈ ഓഫീസില്‍വച്ച്‌ അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോള്‍ സൂപ്രണ്ട്‌ പറഞ്ഞു. ''നീ എടുക്കുന്ന സാഹസികത്വം എന്താണെന്നറിയുമോ? ഇറാന്‍ ഇറക്കുമതി ചെയ്യുന്നത്‌ ഇറാഖ്‌ തടയും. മറിച്ചും. ആയുധം കപ്പലില്‍ ഉണ്ടെന്നു തോന്നിയാല്‍ വെടിവയ്‌ക്കും. വെടിക്കോപ്പും കപ്പലുമെല്ലാം പൊട്ടിത്തെറിക്കും. ശരീരം ഛിന്നഭിന്നമായി മൈലുകള്‍ അകലെ വീഴും.'' ഏത്‌ നാവികന്റെയും കൈകള്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ഒന്നു വിറയ്‌ക്കേണ്ടതാണ്‌. പക്ഷേ സുരേഷ്‌ ആ ഉദ്യമം സ്വീകരിച്ചു. ആ കപ്പല്‍ ജപ്പാന്‍ കടന്ന്‌, സിംഗപ്പൂര്‍ കടന്ന്‌, മലാക്ക കടലിടുക്ക്‌ കടന്ന്‌ ഗള്‍ഫ്‌ ഫുജിറയും കടന്ന്‌ യുദ്ധമേഖലയിലേക്ക്‌. മിസൈലാക്രമണത്തില്‍ തീ പിടിച്ചാല്‍ ഉടനടി തീ അണയ്‌ക്കാനായി അഗ്നിശമനയന്ത്രം സ്‌റ്റാര്‍ട്ടാക്കിവച്ചു. ലൈഫ്‌ ജാക്കറ്റ്‌ ധരിച്ച്‌ ചാടാന്‍ തയാറായിനിന്നു. അപ്പോള്‍ പ്രതീക്ഷിക്കാതെ മറ്റൊരു ദൗര്‍ഭാഗ്യംകൂടി. പ്രധാന എന്‍ജിന്‌ എന്തോ തകരാറ്‌. കപ്പല്‍ നിര്‍ത്തി നന്നാക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ ക്യാപ്‌റ്റന്റെ ഫോണ്‍ സന്ദേശം. നമ്മുടെ കപ്പലിന്റെ അടുത്തായി ഒരു പടക്കപ്പല്‍ ദൃശ്യമായെന്ന്‌. യുദ്ധക്കപ്പലിനെ മറികടക്കാന്‍ വേഗതകൂട്ടി. പക്ഷേ രക്ഷയുണ്ടായില്ല. കപ്പല്‍ ആക്രമിക്കപ്പെട്ടു. മിസൈല്‍ വന്നുവീണത്‌ ഫോര്‍ത്‌ എന്‍ജിനീയറുടെ ക്യാബിന്റടുത്ത്‌. ഇടതു കൈമുട്ടിന്‌ താഴെവച്ച്‌ ചീന്തിപ്പോയി. കപ്പലിനും കേടുപാടുകള്‍ സംഭവിച്ചു. ഒരുവിധത്തില്‍ കപ്പല്‍ ജപ്പാനിലെത്തിച്ചു. ഇടതു കൈ നഷ്‌ടപ്പെട്ട ഫോര്‍ത്ത്‌ എന്‍ജിനീയര്‍ പിന്നീടു മരിച്ചുപോയി. ടൈറ്റാനിക്ക്‌ മുങ്ങിയ കടലിലൂടെയും സുരേഷ്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. ഓര്‍മകള്‍ കടലിരുമ്പന്ന വേഗതയില്‍ സുരേഷിന്റെ മനസിലേക്ക്‌ ഇരച്ചെത്തികൊണ്ടിരുന്നു.
പിന്നീട്‌ ഒരു കണ്ടെയ്‌നര്‍ കപ്പലില്‍. ലിവര്‍ണോയില്‍നിന്നും യാത്രതിരിച്ച്‌ മെഡിറ്ററേനിയന്‍ കടലിലൂടെ അറ്റ്‌ലാന്റിക്കില്‍ പ്രവേശിച്ച്‌ ആ കപ്പല്‍ ടൈറ്റാനിക്ക്‌ പോയ കടലിലൂടെയാണ്‌ പോകുന്നത്‌. ഹൃദയമിടിപ്പോടെയായിരുന്നു ആ യാത്ര. ടൈറ്റാനിക്ക്‌ കടലില്‍ മുങ്ങിയതിന്റെ ഒരായിരം ഓര്‍മ്മകള്‍ സുരേഷിന്റെ മനസിലൂടെ കടന്നുപോയി. യാത്രക്കാര്‍ പൊങ്ങിക്കിടക്കുന്ന എന്തിലും അള്ളിപ്പിടിച്ച്‌ സ്വജീവനുവേണ്ടി പോരാടുന്നത്‌ നേരിട്ടുകാണുന്ന അനുഭവമായിരുന്നു അതെന്ന്‌ സുരേഷ്‌ പറയുന്നു. ഒരു 'മഞ്ഞുവെട്ടിക്കപ്പല്‍' മുന്നിലൂടെ ആദ്യം പോയി. ഇരുവശങ്ങളിലെയും മഞ്ഞു കട്ടകളെ മാറ്റിയുണ്ടാക്കിയ ചാലിലൂടെയായിരുന്നു ആ യാത്ര. പുതിയ ഉദ്യമവുമായി ഒരാഴ്‌ചയ്‌ക്കുള്ളില്‍ സുരേഷ്‌ കപ്പല്‍ കയറും. അനുഭവങ്ങളുടെ മുത്തുച്ചിപ്പികളുമായി തിരിച്ചുവരാന്‍..... ആ യാത്ര ആരംഭിക്കുകയാണ്‌. കടലും കടലാഴങ്ങളും കണ്ടും അനുഭവിച്ചും ഒരു ലോകസഞ്ചാരിയെപ്പോലെ ഒരു യാത്ര.....

എം.എ. ബൈജു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top