Main Home | Feedback | Contact Mangalam
Ads by Google

കണ്ണീര്‍ത്തിര

mangalam malayalam online newspaper

കടലമ്മ കള്ളിയെന്ന്‌ ആരെങ്കിലും കരയില്‍ എഴുതുന്നത്‌ കടലമ്മയ്‌ക്ക് എന്നും വിഷമമാണ്‌. എത്രയും വേഗം തന്റെ തിരകള്‍കൊണ്ട്‌ ആ ഹൃദയംപിളര്‍ത്തുന്ന വാക്കുകളെ കടലമ്മ മായ്‌ച്ചുകളയും. കാരണം കടലമ്മ എന്നും സത്യമുള്ളവളാണ്‌. ലോകത്തെ മക്കള്‍ക്ക്‌ ജീവിക്കാന്‍ നല്ല കാലാവസ്‌ഥയും തൊഴിലും മത്സ്യസമൃദ്ധിയും നല്‍കി കടലമ്മ എന്നും കാത്തുപോന്നു. പക്ഷേ, ആ മക്കള്‍ തിരിച്ചു കൊടുത്തതോ? കൊടുംക്രൂരതകള്‍ മാത്രം. നാവിന്‌ രുചിയുള്ള വിവിധതരം മത്സ്യങ്ങളുടെ ഒരു നിധികുംഭമായാണ്‌ ശരാശരി മനുഷ്യന്‍ കടലിനെ കാണുന്നത്‌. കടലിലെ ജന്തു ജീവജാലങ്ങള്‍ക്ക്‌ ഒരിക്കലും കുറവുണ്ടാകില്ലെന്നും കടല്‍ അങ്ങനെ തന്നെ ലോകമുള്ള കാലത്തോളം നിലനില്‍ക്കുമെന്നുമുള്ള മിഥ്യാധാരണയാണ്‌ മൊത്തം ജനവിഭാഗങ്ങളെയും മുന്നോട്ടുനയിക്കുന്നത്‌. കാലം മാറിയതും, കടലിന്റെ കഥമാറിയതും മനുഷ്യര്‍ മനസിലാക്കാന്‍ വൈകിയിരിക്കുന്നു. കരയിലെന്തൊക്കെ സംഭവിച്ചാലും കടല്‍ കുലുങ്ങില്ലെന്നു മനുഷ്യര്‍ കരുതി. മലിനീകരണവും മറ്റു പ്രശ്‌നങ്ങളുമെല്ലാം സാഗരവീര്യത്തിനു മുന്നില്‍ തോറ്റോടുമെന്നും വിശ്വസിച്ചു. ഇന്ന്‌ ആഗോളതലത്തില്‍ കടലിനെ ഏറ്റവും ബാധിക്കുന്ന പ്രശ്‌നം പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളുടെ തോത്‌ ഉയര്‍ന്നതാണ്‌. അടുത്തകാലത്ത്‌ രാജ്യാന്തരതലത്തില്‍ ഗവേഷകര്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ കടലിലേക്ക്‌ മനുഷ്യര്‍ വലിച്ചെറിഞ്ഞ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളുടെ എണ്ണം 5.25 ലക്ഷം കോടിവരുമെന്നാണ്‌. ഇവയുടെ മൊത്തം ഭാരം 2.69 ലക്ഷം ടണ്‍ വരുമെന്നും ഗവേഷകര്‍ പറയുന്നു. കുപ്പികള്‍, ചെറിയ പ്ലാസ്‌റ്റിക്‌ കാരി ബാഗുകള്‍, ബ്രഷ്‌, ചെരുപ്പ്‌, ഷൂസ്‌ തുടങ്ങി വലിയ പ്ലാസ്‌റ്റിക്‌ സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുന്നു. 1992 ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ്‌ ജൂണ്‍ എട്ട്‌ ലോക സമുദ്ര ദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായത്‌. സമുദ്രത്തിന്റെ പ്രാധാന്യം, സമുദ്രം നേരിടുന്ന വെല്ലുവിളികള്‍, അമിത ചൂഷണത്തില്‍നിന്നും മലിനീകരണത്തില്‍നിന്നും സമുദ്രങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച്‌ രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുകയാണ്‌ ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള കടല്‍ , ആരോഗ്യമുള്ള ഭൂമി എന്നതാണ്‌ ഈ വര്‍ഷത്തെ സമുദ്രദിന സന്ദേശം.

*** **** ****
തിരുവനന്തപുരത്ത്‌ കേരള സര്‍വകലാശാലയിലെ അക്വാട്ടിക്‌ ബയോളജി ആന്‍ഡ്‌ ഫിഷറീസ്‌ വിഭാഗം തലവനായ ഡോ. എ. ബിജുകുമാര്‍ കടലിനുണ്ടാകുന്ന മാറ്റങ്ങളെ വളരെ സൂക്ഷ്‌മതയോടെ ശ്രദ്ധിക്കുന്ന ഗവേഷകനാണ്‌.
'' ആഗോളതലത്തില്‍ സമുദ്രം നേരിടുന്ന വെല്ലുവിളികളിലൊന്നാണ്‌ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കടലില്‍ ഒഴുകിയെത്തുന്നതുമൂലമുണ്ടാകുന്ന മലിനീകരണം. നദികളിലൂടെ ഒഴുകിയും മറ്റുമാണ്‌ ഇവ കടലില്‍ എത്തുന്നത്‌. ഈ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളെ കടല്‍ ജീവികള്‍ നേരിട്ട്‌ ഭക്ഷണമാക്കുന്നു. ഇത്‌ മത്സ്യങ്ങളുടെ നാശത്തിന്‌ കാരണമാകുന്നു. മനുഷ്യരുടെ നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത മൈക്രോ പ്ലാസ്‌റ്റിക്‌ (ചെറിയ കഷണങ്ങള്‍) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനെയും മത്സ്യങ്ങളും ചെറിയ കടല്‍ജീവികളും ഭക്ഷിക്കുന്നതുകൊണ്ട്‌ അവയുടെ കൂട്ടക്കുരുതിക്കാണ്‌ കടല്‍ വേദിയാകുന്നത്‌.
പിന്നെ മീന്‍പിടിത്തക്കാര്‍ കടലില്‍ ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ നൈലോണ്‍ വലകളിലും മറ്റും സമുദ്രജീവികള്‍ കുടുങ്ങി നശിച്ചുപോകുന്നതും സര്‍വസാധാരണമാണ്‌. ഗില്‍നെറ്റ്‌ (ഉടക്കുവല) പ്രത്യേക മല്‍സ്യങ്ങളെ മാത്രമാണ്‌ ലക്ഷ്യമിടുന്നത്‌. എന്നാല്‍ ആ വലയില്‍ അവര്‍ക്കുവേണ്ടാത്ത ഡോള്‍ഫിനുകളും കടല്‍പക്ഷികളും കുടുങ്ങിനശിക്കുന്നു. ഇത്‌ ഇവയുടെ വംശനാശത്തിനിടയാക്കുന്നു. '' അമിതമായ മല്‍സ്യബന്ധനവും കടല്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണെന്ന്‌ ബിജുകുമാര്‍ പറയുന്നു. മോട്ടോര്‍ ഘടിപ്പിച്ച യാനങ്ങളില്‍ ചെറിയ വലകണ്ണികളുള്ള 'റിംഗ്‌സീന്‍' വല ഉപയോഗിച്ചു നടത്തുന്ന മത്സ്യബന്ധനം മല്‍സ്യക്കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്കാണ്‌ ഇടവരുത്തുന്നത്‌.
അന്താരാഷ്‌ട്ര തലത്തിലെ കാര്യമെടുത്താല്‍ ന്യൂക്ലിയര്‍ പ്ലാന്റുകളില്‍നിന്നും ഉണ്ടാകുന്ന റേഡിയോ ആക്‌റ്റീവ്‌ വേസ്‌റ്റുകള്‍, ചാരം എന്നിവ ഉരുക്കുബാരലുകളില്‍ കടലില്‍ ഉപേക്ഷിക്കുന്നതു കടലിന്റെ മലീനികരണത്തിന്‌ പ്രധാനകാരമാകുന്നു.
'' യൂറോപ്പ്‌, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്‌ ഇവ കൂടുതലും പുറന്തള്ളുന്നത്‌. ഗള്‍ഫ്‌ നാടുകളില്‍ ഓയില്‍ പ്ലാന്റുകളില്‍ നിന്നുള്ള അവശിഷ്‌ടങ്ങളും കടലില്‍ തള്ളുന്നുണ്ട്‌. വ്യവസായശാലകളില്‍ നിന്നെത്തുന്ന ഖരമാലിന്യങ്ങള്‍, ലെഡ്‌, കാഡ്‌മിയം തുടങ്ങിയ ഖരലോഹങ്ങളുടെ വേസ്‌റ്റുകള്‍ കടലിനെ മലിനമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. മനുഷ്യര്‍ കരയില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍, രാസവളങ്ങള്‍, മനുഷ്യ വിസര്‍ജ്യത്തിലൂടെ കടലിലെത്തുന്ന ഹോര്‍മോണുകള്‍ എന്നിവയെല്ലാം കടലിലെ സ്വാഭാവികമായ പരിസ്‌ഥിതിയെ മാറ്റുന്നു. കരയിലെ അമിതമായ പെട്രോള്‍, ഡീസല്‍, കല്‍ക്കരി എന്നിവയുടെ ഉപയോഗം കടലിലെ കാലാവസ്‌ഥ മാറ്റത്തിനു തന്നെ ഇടയാക്കുന്നു. കാലാവസ്‌ഥ നിയന്ത്രണത്തില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. ആഗോളതാപനത്തിനു കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ആഗീരണം ചെയ്ുന്നുണ്ട്‌ സയമുദ്രങ്ങള്‍.
ലോകത്തിലെ കാലാവസ്‌ഥയെയും പരിസ്‌ഥിതിയെയും പോഷക സുരക്ഷയെയും നേരിട്ടു സ്വാധീനിക്കുന്ന ആവാസ വ്യവസ്‌ഥ കൂടിയാണ്‌ കടല്‍. കാലാവസ്‌ഥാ മാറ്റംവഴി താപനില കടലിലെ ഉയര്‍ന്നു. സുലഭമായി കിട്ടിയിരുന്ന മല്‍സ്യങ്ങള്‍ ആഴങ്ങളിലേക്കു പോയി. പവിഴപ്പുറ്റുകള്‍ നാശോന്മുഖമായി. കടലാമകള്‍ വംശനാശ ഭീഷണിയിലായി. കടല്‍ചൊറി (ജെല്ലിഫിഷ്‌) അമിതമായി വര്‍ധിച്ചു. കടല്‍ക്ഷോഭം ഏറി. വംശനാശം വന്ന്‌ നശിച്ച മല്‍സ്യങ്ങളും അനവധിയാണ്‌''

*** **** ****
സമുദ്രത്തെക്കുറിച്ചുള്ള അറിവുകളെക്കുറിച്ച്‌ ലോക ജനതയ്‌ക്ക് അവബോധം കുറവാണെന്ന അഭിപ്രായമാണ്‌ ഇതിനെല്ലാം കാരണമായി ഡോ: ബിജുകുമാര്‍ ചൂണ്ടിക്കാട്ടുന്നത്‌. മാലിന്യങ്ങള്‍ തള്ളാനുള്ള വേദിയായി ചിലര്‍ കടലിനെ കാണുന്നു. ഇതിന്റെ പരിധികളെല്ലാം ലംഘിക്കപ്പെട്ടു. കടലിനെ ഒരു ആവാസ വ്യവസ്‌ഥയായി ആരും കാണുന്നില്ല. കടലിന്റെ പൈതൃകം മനസിലാക്കണം. ദീര്‍ഘദര്‍ശനവും ജനപങ്കാളിത്തവുമുള്ള പരിപാലന പദ്ധതികള്‍ വേണം. കടല്‍ നിയമങ്ങള്‍ ഫലവത്താക്കണം. സമുദ്രത്തിലെ ജൈവ വൈവിധ്യങ്ങളെ വരുംതലമുറയ്‌ക്കായി കരുതിവയ്‌ക്കാനുള്ളതാണെന്ന ഓര്‍മ്മവേണം. കടലും കരയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന്‌ അദ്ദേഹം പറയുന്നു.
എല്ലാം ഏറ്റുവാങ്ങാന്‍ എന്നും സര്‍വംസഹയായി കടല്‍ അങ്ങനെ തന്നെയുണ്ടാകില്ല. ഭൂമിയിലെ കാലാവസ്‌ഥ നിയന്ത്രിക്കുന്ന, കൃഷിക്ക്‌ അനുയോജ്യമായ ഋതുക്കള്‍ സൃഷ്‌ടിക്കുന്ന, ആഗോളതലത്തില്‍ ദുരിതം വിതയ്‌ക്കുന്ന കാറ്റുകള്‍ പുറപ്പെടുവിക്കുന്ന, ഭൂമിയെ നാശോന്മുഖമാക്കുന്ന സുനാമിപോലുള്ള ക്ഷോഭങ്ങള്‍ സൃഷ്‌ടിക്കുന്ന കടലിനെ ശാന്തമാക്കാനും സംരക്ഷിക്കാനും സമയം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. മനുഷ്യകുലത്തിനു മുന്നില്‍ എന്നും തലകുമ്പിട്ടുനിന്ന കടല്‍ ഇന്ന്‌ കലിതുള്ളി നില്‍ക്കുന്ന അവസ്‌ഥയിലാണ്‌. കടലിനെ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളാന്‍ പ്രേരിപ്പിക്കുന്നത്‌ മനുഷ്യന്റെ ഇടപെടലുകള്‍ തന്നെ.
ഓര്‍ക്കുക, കടല്‍ മലിനമായാല്‍ അതിന്റെ ഭീകരത ഏറ്റുവാങ്ങാന്‍ കരയിലെ ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും കഴിഞ്ഞെന്നുവരില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top