Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ശരണാരവം പമ്പയെ ഗംഗയാക്കി; കലിയുഗവരദന്‍ ആറാടി

mangalam malayalam online newspaper

ശബരിമല: ശരണമന്ത്രങ്ങള്‍ അലയടിച്ച്‌ അമൃതധാരയായ പമ്പയില്‍ കലിയുഗവരദന്റെ ആറാട്ട്‌ നടന്നു. മലയിറങ്ങിയവരും പമ്പാ മണപ്പുറത്ത്‌ കാത്തുനിന്നവരും ആറാട്ടിന്റെ പുണ്യം നുകര്‍ന്നു.
ഉച്ചവെയിലില്‍ തിളങ്കിയ പമ്പയ്‌ക്കു മേലെ ആകാശത്ത്‌ കൃഷ്‌ണപ്പരുന്ത്‌ വട്ടമിട്ടു. നദീതീരത്ത്‌ പ്രത്യേകം തയാറാക്കിയ ആറാട്ടുകടവില്‍ 11.50 നായിരുന്നു ആറാട്ട്‌. ഈ സമയം ഭക്‌തര്‍ പമ്പയില്‍ പുഷ്‌പവൃഷ്‌ടി നടത്തി.
പുലര്‍ച്ചെ അഞ്ചിനു നട തുറന്ന്‌ ഉഷഃപൂജയ്‌ക്കു ശേഷം മൂലബിംബത്തില്‍ നിന്നു ദേവചൈതന്യം ശ്രീബലി വിഗ്രഹത്തിലേക്കാവാഹിച്ച്‌ വിളക്കുവച്ച്‌ പാണികൊട്ടി. ആറാട്ടുബലി തൂകിയശേഷം ശ്രീബലി വിഗ്രഹവുമായി തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയും പതിനെട്ടാംപടിയിറങ്ങി ആനപ്പുറത്ത്‌ തിടമ്പേറ്റിയതോടെ പമ്പയിലേക്കുളള ആറാട്ടെഴുന്നള്ളത്ത്‌ ആരംഭിച്ചു. 11.15 നു പമ്പയില്‍ എഴുന്നള്ളത്തിനു വരവേല്‍പ്‌ നല്‍കി.
11.30 ന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ആറാട്ടിനുള്ള കര്‍മങ്ങള്‍ ആരംഭിച്ചു. ജലദ്രോണിപൂജ കഴിച്ച്‌ ഗംഗയെ പമ്പയിലേക്ക്‌ ആവാഹിച്ച ശേഷം ആറാട്ട്‌ ആരംഭിച്ചു. ദേവകടാക്ഷത്താല്‍ അമൃതതുല്യമായി മാറിയ പമ്പയില്‍ ശ്രീഭൂതനാഥന്‍ മൂന്നു തവണ ആറാടി.
തുടര്‍ന്ന്‌ പ്രസന്നപൂജ നടന്നതോടെ കര്‍മങ്ങള്‍ അവസാനിച്ചു. നീരാടി എത്തിയ ഭഗവാന്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെ ഗണപതി ക്ഷേത്രത്തില്‍ വിശ്രമിച്ചു. മടക്കയാത്രയില്‍ പറകള്‍ സ്വീകരിച്ച്‌ പരമ്പരാഗതപാതയിലൂടെ രാത്രി ഒന്‍പതിന്‌ സന്നിധാനത്ത്‌ എത്തിയതോടെ പത്തുനാള്‍ നീണ്ടു നിന്ന ഉല്‍സവത്തിനു കൊടിയിറങ്ങി. രാത്രി 10 ന്‌ ഹരിവരാസനം പാടി നടയടച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top