Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ഹൃദയത്തില്‍ സ്‌നേഹത്തിന്റെ പ്രകാശം നിറയ്ക്കുക: മാതാ അമൃതാനന്ദമയി

  1. Matha amrithanadamayi
mangalam malayalam online newspaper

തൃശൂര്‍: ലക്ഷ്യംതെറ്റിയ മനുഷ്യരും ലക്ഷ്യം തെറ്റാത്ത യുദ്ധോപകരണങ്ങളുമുളള നാടാണിതെന്ന് മാതാ അമൃതാനന്ദമയി. പഞ്ചിക്കല്‍ മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
അടുക്കും ചിട്ടയിലും ശബ്ദങ്ങളെ ക്രമീകരിക്കുമ്പോഴാണു സംഗീതമുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് ശബ്ദകോലാഹലമായി തീരും. സംഗീതത്തെപോലെ ജീവിതത്തിനും അടുക്കും ചിട്ടയും ഉണ്ടാകണം. സമൂഹത്തില്‍ മനുഷ്യന്‍ മാത്രമാണ് ജീവിത യാത്രയുടെ താളം തെറ്റിക്കുന്നത്. ഈ സ്ഥിതി മാറണം.

കര്‍മ്മബോധവും ലക്ഷ്യബോധവുമുളള തലമുറയെയാണ് വേണ്ടത്. മൂല്യനഷ്ടം സംഭവിച്ച സമൂഹമാണ് ഇന്നത്തേത്. കളള്, കാമം, കാഞ്ചനം എന്നിവയില്‍നിന്നും മുക്തിനേടിയാലെ സമൂഹത്തിന് രക്ഷയുളളു. ഇതിനായി മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. സ്‌നേഹവും സേവനമനോഭാവവും വിനയവും ലക്ഷ്യബോധവുമുളള തലമുറയെ വളര്‍ത്തിയെടുക്കണം. മനുഷ്യജീവിതം ശബ്ദ കോലാഹലം പോലെ മലിനമായി. സമൂഹത്തിന്റെ എല്ലാ തുറകളിലും ഇത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.

ലോകത്തിനും പ്രയോജനപ്പെടുംവിധം ജീവിക്കണം. ഒരു മിന്നല്‍പിണറിന് ഒരു നിമിഷത്തെ ആയുസ്സ് മാത്രമേ ഈശ്വരന്‍ നല്‍കിയിട്ടുള്ളു. മഴവില്ലിനാകട്ടെ കുറച്ച് നിമിഷങ്ങള്‍ മാത്രം. പൂവിന് ഒരു പകല്‍ മാത്രം. പൂര്‍ണചന്ദ്രന് ഒരു രാവ്. പൂമ്പാറ്റക്ക് ഏതാനും ദിവസങ്ങള്‍. എന്നിട്ടും കുറഞ്ഞ സമയംകൊണ്ട് അവ ലോകത്തെ മാറ്റിമറിക്കുന്നു. മനുഷ്യനും ആ മാതൃക ഉള്‍ക്കൊളളണം. ചുണ്ടുകളില്‍ സത്യവാക്കുകളുടെ നിറം പകരാം. കൈകളില്‍ പരോപകാരത്തിന്റെ മൈലാഞ്ചിയണിയാം. പെരുമാറ്റത്തില്‍ വിനയത്തിന്റെ മാധുര്യം ചേര്‍ക്കാം. ഹൃദയത്തില്‍ മനുഷ്യസ്‌നേഹത്തിന്റെയും ഈശ്വരപ്രേമത്തിന്റേയും പ്രകാശം നിറയ്ക്കാം. അങ്ങനെ ലോകത്തേയും നമ്മെത്തന്നെയും സുന്ദരമാക്കി മാറ്റാനാകും. പ്രകൃതി ഒന്നുചേര്‍ന്നൊരുക്കുന്ന ശ്രുതിയും താളവും ആണ് മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് ഭക്തര്‍ പൂര്‍ണകുംഭം നല്‍കിയാണ് അമൃതാനന്ദമയി സ്വീകരിച്ചത്.

രാവിലെ അമ്മ വേദിയില്‍ എത്തിയപ്പോള്‍ ഐ.ജി എസ്. ഗോപിനാഥ്, മേയര്‍ ഐ.പി. പോള്‍, ധനലക്ഷ്മി ബാങ്ക് എം.ഡി. പി. ജയകുമാര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി അമൃതാനന്ദമയി മഠം വിധവകള്‍ക്കും അശരണര്‍ക്കുംവേണ്ടി നടപ്പിലാക്കിയ അമൃത നിധി പെന്‍ഷന്‍ വിതരണം മേയര്‍ ഐ.പി. പോള്‍ നിര്‍വഹിച്ചു. രാസമാലിന്യമുക്തമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനുവേണ്ടി മഠം നടപ്പിലാക്കിയ ഹരിതാമൃതം പദ്ധതിയില്‍ ജൈവവിത്തുകളുടെ വിതരണവും അമൃതാ സ്വാശ്രയ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനുവേണ്ട മൂലധന വിതരണവും നടത്തി. അമൃത രാഗം സോവിനീര്‍ പ്രകാശനം ഐ.ജി എസ്. ഗോപിനാഥ് നിര്‍വഹിച്ചു. സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി തുരിയാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമി രാമകൃഷ്ണാനന്ദപുരി, സ്വാമി അമൃതഗീതാനന്ദപുരി, സ്വാമിനി കൃഷ്ണാമൃത പ്രാണ തുടങ്ങി സന്യാസി ശിഷ്യരും വിദേശീയരുമടക്കം 700 ല്‍പരം ആളുകള്‍ അനുഗമിക്കുന്നുണ്ട്.

അമൃതോത്സവവേദിയില്‍ ഇന്നലെ ധ്യാനം, ശ്രീ ലളിതാ സഹസ്രനാമാര്‍ച്ചന,അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം, ദര്‍ശനം എന്നിവ നടന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top