Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മാഡ്രിഡില്‍ 'മാറ്റങ്കം'

mangalam malayalam online newspaper

മാഡ്രിഡ്‌: ആദ്യ റൗണ്ടില്‍ വെട്ടിവീഴ്‌ത്താതെ പിരിഞ്ഞ ഇരു സംഘങ്ങളും മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബു അങ്കത്തട്ടില്‍ ഇന്ന്‌ മാറ്റങ്കത്തിനിറങ്ങും.
ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ആദ്യ റൗണ്ടിലെ നാലാം മത്സരത്തില്‍ റയാല്‍ മാഡ്രിഡിനെ ഇന്നു പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്‍ മടയിലെത്തി നേരിടും.
കഴിഞ്ഞ മാസം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ശേഷമാണ്‌ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും സംഘവും മാഡ്രിഡിലേക്ക്‌ വിരുന്നെത്തുന്നത്‌. ഇന്നത്തെ പോരാട്ടത്തില്‍ ഇബ്രായെ നേരിടാന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ഫ്രഞ്ച്‌ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയും ഗാരെത്‌ ബെയ്‌ലും ഹാമിഷ്‌ റോഡ്രിഗസുമെല്ലാം സ്വന്തം കാണികളുടെ മുന്നില്‍ അണിനിരക്കുമ്പോള്‍ സമനിലകുരുക്ക്‌ അഴിയുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.
ഗ്രൂപ്പ്‌ എയിലെ ചാമ്പ്യന്മാരെ നിശ്‌ചയിക്കുന്ന പോരാട്ടം കൂടിയാകും ഇത്‌. ഷക്‌തര്‍ ഡോണസ്‌ക്, മാല്‍മോ എന്നീ ടീമുകളെ തോല്‍പിച്ചു മുഴുവന്‍ പോയിന്റുകളും നേടിയ റയാലും പി.എസ്‌.ജിയും തമ്മില്‍ കൊമ്പുകോര്‍ത്ത്‌ ഒരുപോയിന്റ്‌ വീതം പങ്കിട്ടു നില്‍ക്കുകയാണ്‌.
പി.എസ്‌.ജിയെ റയാല്‍ ഭയക്കുന്നുണ്ടെന്ന്‌ റൊണാള്‍ഡോ അംഗീകരിക്കില്ല. എന്നാല്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ്‌ ഇക്കാര്യം തുറന്നുപറഞ്ഞു കഴിഞ്ഞു. റയാലിനെ മുറവില്‍േപ്പിക്കാന്‍ ഏതുനിമിഷവും പി.എസ്‌.ജിക്കു കഴിയുമെന്നാണ്‌ നവാസ്‌ ഇന്നലെ പറഞ്ഞത്‌.
മാഡ്രിഡിന്‌ ഭയമുണ്ടെങ്കില്‍ തങ്ങള്‍ക്ക്‌ അതിന്റെ തരിമ്പുപോലുമില്ലെന്നാണ്‌ ഇബ്രാഹിമോവിച്ചിന്റെ പക്ഷം. ആദ്യ മത്സരത്തിനു മുന്നോടിയായും ഇബ്രാ വാക്‌ശരം തൊടുത്തിരുന്നു.
ലോകത്തിലെ ഒന്നാംകിട ക്ലബുകളിലൊന്ന്‌ എന്നു റയാലിനെ വിശേഷിപ്പിച്ച ഇബ്രാഹിമോവിച്ച്‌ അവരെ തോല്‍പിക്കാന്‍ പി.എസ്‌.ജി. തയാറായിക്കഴിഞ്ഞുവെന്നുമാണ്‌ അന്നു പറഞ്ഞത്‌. എന്നാല്‍ സ്വന്തം മണ്ണില്‍ വാക്കുപാലിക്കാനായില്ല.
സീസണില്‍ ഹോം-എവേ മണ്ണുകളില്‍ കളിച്ച എട്ടു മത്സരങ്ങള്‍ക്കിടയില്‍ പി.എസ്‌.ജി ജയിക്കാതിരുന്നതും അന്നുമാത്രമാണ്‌. റയാലിനെതിരേ പി.എസ്‌.ജിക്കു മികച്ച റെക്കോഡാണുള്ളത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ 1992-93 സീസണില്‍ ആദ്യമായി ഏറ്റുമുട്ടിയതു മുതല്‍ ഇന്നുവരെ കളിച്ച അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ്‌ അവര്‍ തോല്‍വി വഴങ്ങിയിട്ടുള്ളത്‌.
പി.എസ്‌.ജിക്ക്‌ മികച്ച റെക്കോഡാണെങ്കില്‍ ഫ്രഞ്ച്‌ ടീമിനെതിരേ മാഡ്രിഡിന്‌ ക്ലീന്‍ സ്ലേറ്റാണ്‌. ചാമ്പ്യന്‍സ്‌ ലീഗിനു പുറത്ത്‌ ഇരുവരും ഏറ്റുമുട്ടിയ അവസാന മൂന്നു മത്സരങ്ങളും ജയിച്ച റയാല്‍ ഒമ്പതു ഗോളുകള്‍ നേടിയപ്പോള്‍ ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല.
ഇവര്‍ക്കു പുറമേ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും മാഞ്ചസ്‌റ്റര്‍ സിറ്റിയും സെവിയയും ഇന്ന്‌ ഇറങ്ങുന്നുണ്ട്‌. യുണൈറ്റഡ്‌ സ്വന്തം തട്ടകത്തില്‍ സി.എസ്‌.കെ.എ. മോസ്‌കോവയെ നേരിടുമ്പോള്‍ സെവിയയെ അവരുടെ തട്ടകത്തില്‍ സിറ്റി നേരിടും.
റയാല്‍-പി.എസ്‌.ജി. മത്സരത്തിനു പിന്നില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാണ്‌ സെവിയ-സിറ്റി മത്സരം. ലീഗില്‍ സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ പരാജയം രുചിച്ചതിന്‌ പകരം വീട്ടാനാണ്‌ സെവിയ ഒരുങ്ങുന്നത്‌.
2011ന്‌ ശേഷം സെവിയയ്‌ക്കെതിരേ സിറ്റി നേടുന്ന ആദ്യ വിജയമായിരുന്നു അത്‌. അതിനു മുമ്പ്‌ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും സിറ്റി സ്‌പാനിഷ്‌ ടീമിനോടു തോറ്റിരുന്നു. ഒരു മത്സരം സമനിലയായി.
വിജയത്തുടര്‍ച്ച തേടി ഇറങ്ങുമ്പോഴും സിറ്റിയെ വലയ്‌ക്കുന്നത്‌ ചരിത്രമാണ്‌. സെവിയയുടെ തട്ടകത്തില്‍ കഴിഞ്ഞു മൂന്നു മത്സരങ്ങളിലും അവര്‍ തോറ്റിരുന്നു. സ്‌പാനിഷ്‌ ടീമിന്റെ ജയം എല്ലാം തന്നെ ഒരു ഗോളിനായിരുന്നു താനും. എതിരാളികളെ പ്രതിരോധിച്ച്‌ വശംകെടുത്തിയ ശേഷം കിട്ടുന്ന അവസരത്തില്‍ സ്‌കോര്‍ ചെയ്യുന്ന തന്ത്രമാണ്‌ സെവിയ പയറ്റുന്നത്‌. ഇതിന്‌ മറുതന്ത്രം മെനഞ്ഞായിരിക്കും സിറ്റി ഇന്നിറങ്ങുക.
ബെന്‍ഫിക്ക- ഗളത്സരെ, ബൊറൂസിയ മക്‌ഗ്ലാബാഷ്‌-യുവന്റസ്‌, പി.എസ്‌.വി. - വൂള്‍ഫ്‌സ്ബര്‍ഗ്‌, ഷക്‌തര്‍ ഡോണസ്‌ക് - മാല്‍മോ എന്നിവയാണ്‌ ഇന്നത്തെ മറ്റുമത്സരങ്ങള്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top