Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ട്രാക്കിലെ റാണിക്ക്‌ വീടെന്ന സ്വപ്‌നം ബാക്കി

mangalam malayalam online newspaper

അടിമാലി : ട്രാക്കില്‍ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‌ടിക്കുമ്പോഴും തലചായ്‌ക്കാന്‍ സ്വന്തമായൊരു വീടെന്നത്‌ അനുമോള്‍ക്ക്‌ സ്വപ്‌നമാകുന്നു.
ഇന്ത്യയുടെ അഭിമാനതാരം ഒളിമ്പ്യന്‍ കെ.എം. ബീനാമോളുടെ നാട്ടുകാരിയായ ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്‌ കളത്തില്‍ അനുമോള്‍ തമ്പിയാണ്‌ ഓരോ മത്സരങ്ങളിലും പുതിയ റെക്കോഡുകള്‍ സൃഷ്‌ടിക്കുന്നതിനിടെയും വീട്‌ എന്ന സ്വപ്‌നത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നത്‌. കോഴിക്കോട്‌ സമാപിച്ച സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ മൂന്നിനം ഓട്ട മത്സരങ്ങള്‍ക്കാണ്‌ അനുമോള്‍ പങ്കെടുത്തത്‌. ഇതില്‍ 3000 മീറ്ററിലും 1500 മീറ്ററിലും നിലവിലുണ്ടായിരുന്ന റെക്കോഡുകള്‍ തിരുത്തിയാണ്‌ സ്വര്‍ണം നേടിയത്‌. 9.41.57 സെക്കന്റിലാണ്‌ മൂവായിരം മീറ്ററില്‍ റെക്കോഡ്‌ തിരുത്തിയത്‌. 800 മീറ്ററില്‍ വെള്ളിയണിഞ്ഞ്‌ സ്വന്തം സ്‌കൂളായ കോതമംഗലം മാര്‍ ബേസിലിനെ ഒന്നാമതെത്തിക്കാനും അനുമോള്‍ക്കു കഴിഞ്ഞു.
കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ മൂവായിരം മീറ്ററില്‍ റെക്കോര്‍ഡ്‌ വിജയം നേടിയാണ്‌ അനുമോള്‍ വെള്ളി നേടിയത്‌. കഴിഞ്ഞ മെയ്‌ മാസത്തില്‍ ഖത്തറിലെ ദോഹയില്‍ നടന്ന പ്രഥമ ഏഷ്യന്‍ യൂത്ത്‌ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കലം അണിഞ്ഞ്‌ ഇന്ത്യയുടെ അഭിമാനം കാത്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയാണ്‌ അനുമോള്‍ ദോഹയിലെത്തിയത്‌.
സ്വന്തമായി വീടോ ജീവിത സാഹചര്യങ്ങളോ ഇല്ലാത്ത അനുമോള്‍ തന്റെ മാനസിക സംഘര്‍ഷങ്ങള്‍ മറികടന്നാണ്‌ ട്രാക്കില്‍ കുതിക്കുതെന്നത്‌ ശ്രദ്ധേയമാണ്‌. കഴിഞ്ഞ വര്‍ഷമാണ്‌ അനുമോള്‍ പാറത്തോട്‌ സ്‌കൂളില്‍ നിന്ന്‌ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലേക്ക്‌ പഠനം മാറ്റിയത്‌. കായികരംഗത്തുള്ള കഴിവ്‌ മനസിലാക്കിയ സുമനസുകളുടെ സഹായത്തോടെയാണ്‌ പരിശീലനത്തിന്‌ മികച്ച സൗകര്യങ്ങളുള്ള കോതമംഗലം സ്‌കൂളിലേക്ക്‌ ചേര്‍ന്നത്‌. എട്ടുവരെ പാറത്തോട്ടില്‍ പഠിക്കുമ്പോഴും സംസ്‌ഥാന തലത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ അനുമോള്‍ക്ക്‌ കഴിഞ്ഞിരുന്നു.
മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതു മൂലം അനുമോള്‍ക്ക്‌ നന്നേ ചെറുപ്പത്തിലേ പിതാവിന്റെ സ്‌നേഹം നഷ്‌ടപ്പെട്ടിരുന്നു. പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ എല്‍.പി. സ്‌കൂളിലെ പാചകത്തൊഴിലാളിയായ അമ്മ ഷൈനിയുടെ തുച്‌ഛമായ വരുമാനം കൊണ്ടാണ്‌ കുടുംബം കഴിഞ്ഞുപോരുന്നത്‌. അനുമോളുടെ സഹോദരന്‍ ബേസില്‍ പണിക്കന്‍കുടി സ്‌കൂളില്‍ പ്ലസ്‌ടുവിന്‌ 85 ശതമാനം മാര്‍ക്കില്‍ വിജയിച്ചെങ്കിലും ദാരിദ്യംമൂലം തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല.
ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്‌പ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോളജിലെത്തിയെങ്കിലും പട്ടയഭൂമിയോ വീട്ടുനമ്പരോ ഇല്ലാത്തതിനാല്‍ വായ്‌പ ലഭിച്ചില്ലെന്ന്‌ മാതാവ്‌ ഷൈനി പറഞ്ഞു. ഇതോടെ കൂലിപ്പണിയിലേക്ക്‌ തിരിഞ്ഞിരിക്കുകയാണ്‌ ബേസില്‍.
കായിക കേരളത്തിന്‌ അഭിമാനമായി മാറിയ അനുമേളുടെ കുടുംബം പാറത്തോട്‌ കണ്ണാടിപ്പാറയിലെ കുന്നിന്‍മുകളിലെ പട്ടയം ഇല്ലാത്ത പത്തുസെന്റിലെ കുടിലിലാണ്‌ കഴിഞ്ഞിരുന്നത്‌. ഇടക്ക്‌ ഇടിഞ്ഞു ചാടിയ കുടില്‍ സന്നദ്ധ പ്രവര്‍ത്തകരും കമ്പിളികണ്ടം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ ആളുകളും ചേര്‍ന്നാണ്‌ ഷീറ്റ്‌ മേഞ്ഞ്‌ നല്‍കിയത്‌. പ്രാരാബ്‌ദങ്ങള്‍ക്കൊടുവില്‍ അന്‍പതിനായിരം രൂപക്ക്‌ ഇതു വിറ്റ ശേഷം വാടകക്കാണ്‌ ഇപ്പോള്‍ ഇതേവീട്ടില്‍ കഴിയുന്നത്‌. രണ്ടുമാസത്തിനുള്ളില്‍ ഇവിടെനിന്നും മാറി കൊടുക്കേണ്ട സാഹചര്യമാണ്‌.
വിജയവാഡയില്‍ ദേശീയ അമച്വര്‍ മീറ്റില്‍ സ്വര്‍ണം നേടിയതറിഞ്ഞ്‌ കട്ടപ്പന ഇരട്ടയാര്‍ സ്‌കൂളിലെ എന്‍.എസ്‌.എസ്‌. അധികൃതര്‍ മുന്നിട്ടിറങ്ങി വീട്‌ പണിതു നല്‍കാമെന്ന്‌ അറിയിച്ച്‌ എത്തിയെങ്കിലും പട്ടയമുള്ള സ്‌ഥലം സൗകര്യപ്രദമായി ഇല്ലാത്തതിനാല്‍ പദ്ധതി തുടക്കത്തിലേ മുടങ്ങിയിരിയിരുന്നു.
തുടര്‍ന്ന്‌ മുഖ്യമന്ത്രി അനുവദിച്ച അന്‍പതിനായിരം രൂപയും, ഷൈനി പാചകജോലി ചെയ്യുന്ന സ്‌കൂളിലെ മൂന്ന്‌ അധ്യാപകര്‍ അവരുടെ പേരില്‍തന്നെ വായ്‌പയെടുത്ത്‌ നല്‍കിയ മൂന്നുലക്ഷം രൂപയും, ബാക്കി പണം കട
ം വാങ്ങിയും പാറത്തോട്‌ കെ.എം. ബീനാമോള്‍ സ്‌റ്റേഡിയത്തിനു സമീപം പത്തുസെന്റ്‌ സ്‌ഥലം വാങ്ങിയിട്ടുണ്ട്‌.
കഴിഞ്ഞ വര്‍ഷം ഗ്രാമസഭയില്‍ എത്തി വീടിന്‌ അപേക്ഷ നല്‍കിയെങ്കിലും വാര്‍ഡു മാറിയെന്ന കാരണത്താല്‍ ലഭിച്ചില്ല. ഭാരതത്തിന്‌ അഭിമാനമായ അനുമോള്‍ക്ക്‌ ഭൗതിക സാഹചര്യങ്ങള്‍ും ഒരുക്കി നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ പാറത്തോട്‌ നിവാസികള്‍.

സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: എം.എല്‍.എ.

അടിമാലി: കായിക കേരളത്തിന്‌ അഭിമാനമാകുന്ന അനുമോള്‍ തമ്പിക്ക്‌ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വീടും അനുബന്ധസൗകര്യങ്ങളും ലഭിക്കുന്നതിന്‌ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. മംഗളത്തോടു പറഞ്ഞു.
മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ ഇക്കാര്യം അറിയിക്കും. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭാരവാഹികളെയും അനുമോളുടെ ദുരവസ്‌ഥ മനസിലാക്കുമെന്നും, തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ നിയമപരമായി കഴിയില്ലെന്നും റോഷി പറഞ്ഞു.
എന്നാല്‍ കായിക താരം അനുമോള്‍ തമ്പിയുടെ കുടുംബം പാറത്തോട്‌ വാങ്ങിയിട്ടുള്ള സ്‌ഥലത്ത്‌ വീടു നിര്‍മിക്കുന്നതിന്‌ രണ്ടുലക്ഷം രൂപ അനുവദിക്കുമെന്ന്‌ കൊന്നത്തടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മോഹനന്‍നായര്‍ മംഗളത്തോടു പറഞ്ഞു.
ഈ തുക കൊണ്ട്‌ വീടു നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന്‌ തങ്ങള്‍ക്ക്‌ അറിയാമെന്നും മറ്റു സുമനസുകള്‍ ഇവരെ സഹായിക്കുന്നതിന്‌ മുന്‍പോട്ടുവന്നാല്‍ അത്‌ ഏകോപിപ്പിച്ച്‌ ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്യുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

ബിജു ലോട്ടസ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top