Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

സ്വര്‍ണമായി ഇന്ത്യയുടെ ശ്രീ

mangalam malayalam online newspaper

ഇഞ്ചിയോണ്‍: മലയാളിക്കരുത്തില്‍ ഒന്നര പതിറ്റാണ്ടിനു ശേഷം ഹോക്കി സ്വര്‍ണം. ഗാന്ധി ജയന്തി ദിനത്തില്‍ ചിരവൈരികളായ പാകിസ്‌താനെ തകര്‍ത്ത്‌ ഇന്ത്യ ഏഷ്യന്‍ ഹോക്കിയുടെ നെറുകയില്‍ കയറിയപ്പോള്‍ കരുത്തായത്‌ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ വിശ്വസ്‌ത കരങ്ങള്‍.
ഈ സ്വര്‍ണനേട്ടത്തിന്റെ ബലത്തില്‍ ഒളിംപിക്‌ യോഗ്യതയും ഇന്ത്യ സ്വന്തമാക്കി. സ്വപ്‌നഫൈനലില്‍ പരമ്പരാഗത വൈരികളായ പാകിസ്‌താനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്‌ ഇന്ത്യ തോല്‍പിച്ചത്‌. സ്‌കോര്‍ 4-2. ഷൂട്ടൗട്ടില്‍ പാകിസ്‌താന്റെ രണ്ടു ഷോട്ടുകളാണ്‌ ശ്രീജേഷ്‌ തടുത്തിട്ടത്‌. പ്രാഥമിക റൗണ്ട്‌ മത്സരത്തില്‍ പാകിസ്‌താന്‍ ഇന്ത്യയെ തോല്‍പിച്ചിരുന്നു. ഇതിനു മധുര പ്രതികാരം കൂടിയായി ഇന്ത്യന്‍ ജയം. 1998ലാണ്‌ ഇന്ത്യ ഇതിനു മുമ്പ്‌ അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി സ്വര്‍ണം നേടിയത്‌.
നേരത്തെ നിശ്‌ചിത സമയത്ത്‌ ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞതിനേത്തുടര്‍ന്നാണ്‌ പെനാല്‍റ്റി ഷൂട്ടൗട്ട്‌ വേണ്ടി വന്നത്‌. ഷൂട്ടൗട്ടില്‍ ശ്രീജേഷ്‌ മൂന്ന്‌ ഷോട്ട്‌ തടഞ്ഞെങ്കിലും ഒരെണ്ണം തലനാരിഴയ്‌ക്ക് ഗോളായി മാറുകയായിരുന്നു. ഇന്ത്യ നാല്‌ ഷോട്ടുകള്‍ വലയിലെത്തിച്ചു. ഒരെണ്ണം പാഴായി.
നിശ്‌ചിത സമയത്തിന്റെ നാലാം മിനിറ്റില്‍ റിസ്‌വാന്‍ മുഹമ്മദിലൂടെയാണ്‌ പാകിസ്‌താനാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. ആദ്യ ക്വാര്‍ട്ടര്‍ പാകിസ്‌താനു പിന്നിലായി അവസാനിപ്പിച്ച ഇന്ത്യക്കു വേണ്ടി രണ്ടാം ക്വാര്‍ട്ടറില്‍ കൊട്‌ജിത്‌ സിംഗ്‌ സമനില ഗോള്‍ കണ്ടെത്തി.
സമനില ഗോള്‍ വന്നതോടെ ഇന്ത്യ തുടരെ ആക്രമിച്ചു അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. നിശ്‌ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ലഭിച്ച സുവര്‍ണാവസരവും തുലച്ചാണ്‌ ഇന്ത്യ ഷൂട്ടൗട്ടിലേക്കു മത്സരം നീട്ടിയത്‌.
ഷൂട്ടൗട്ടില്‍ ശ്രീജേഷ്‌ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. ആദ്യ ഷൂട്ടൗട്ട്‌ എടുത്ത ഗുര്‍വീന്ദര്‍സിങ്‌ അനായാസമായി തന്നെ ഇന്ത്യയ്‌ക്ക് ലീഡ്‌ നേടിത്തന്നു. പാകിസ്‌താന്‍ എടുത്ത രണ്ടാമത്തെ ഷോട്ട്‌ ശ്രീജേഷ്‌ തടഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷ ജ്വലിച്ചുതുടങ്ങി. തുടര്‍ന്ന്‌ രണ്ടാം ഷോട്ടെടുത്ത്‌ രൂപീന്ദറും ഇന്ത്യയ്‌ക്ക് വേണ്ടി ലക്ഷ്യം കണ്ടു.
പാകിസ്‌താന്റെ മൂന്നാം ഷോട്ട്‌ രണ്ടു തവണ ശ്രീജേഷ്‌ തടഞ്ഞെങ്കിലും അത്‌ കഷ്‌ടിച്ച്‌ നെറ്റില്‍ കയറി. ഇന്ത്യയ്‌ക്കുവേണ്ടി മൂന്നാം ഷോട്ടെടുത്ത മന്‍പ്രീതിന്‌ പിഴച്ചതോടെ ഇന്ത്യ ആശങ്കയിലായി. എന്നാല്‍, പാകിസ്‌താന്‍ എടുത്ത അടുത്ത ഷോട്ട്‌ ശ്രീജേഷ്‌ അത്ഭുതകരമായി തടഞ്ഞതോടെ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷ ഉറച്ചു.
അവസാന ഷോട്ടെടുത്ത ബീരേന്ദ്ര ലാക്ര ഗോളിയെ കബളിപ്പിച്ച്‌ പന്ത്‌ വലയില്‍ കയറ്റിയതോടെ ഇന്ത്യ ചരിത്രം കുറിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top