Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍: ആന്ധ്രയെ ഗോള്‍മഴയില്‍ മുക്കി

mangalam malayalam online newspaper

മഞ്ചേരി: ആന്ധ്രാപ്രദേശിനെ ഗോള്‍മഴയില്‍ മുക്കി സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ കേരളത്തിന്‌ തകര്‍പ്പന്‍തുടക്കം.
മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണു എതിരില്ലാത്ത ആറു ഗോളുകള്‍ക്കു കേരളം ആന്ധ്രയെ തറപറ്റിച്ചത്‌. കളിയുടെ മുഴുവന്‍സമയവും ആധിപത്യമുറപ്പിച്ച കേരളത്തിന്റെ പ്രതിരോധ നിരയെ വിറപ്പിക്കാന്‍പോലുമാകാതെയാണു ആന്ധ്രയുടെ കീഴടങ്ങല്‍. പാലക്കാടന്‍താരം വി.പി സുഹൈറിന്റെ ഹാട്രിക്കും തിരുവനന്തപുരംതാരം എം. ഷൈജുമോന്റെ ഇരട്ടഗോളുകളും വി.കെ ഷിബിന്‍ലാലിന്റെ ഒരു ഗോളുമാണു കേരളത്തിനു ഉജ്വല വിജയമൊരുക്കിയത്‌. ഇതോടെ കേരളത്തിനു മൂന്നു പോയിന്റായി.
മന്ദഗതിയില്‍ ആരംഭിച്ച മത്സരത്തില്‍ ആദ്യപകുതിയിലെ അരമണിക്കൂറോളം വിരസമായ മത്സരംകണ്ടുകാണികളും മടുത്തു. ആദ്യഗോള്‍ കണ്ടെത്താന്‍ നാല്‍പ്പത്തിയൊന്നു മിനിട്ടുവരെ കാത്തിരിക്കേണ്ടിവന്നു. പിന്നീടങ്ങോട്ട്‌ ഗോള്‍മഴതന്നെയായിരുന്നു. ആന്ധ്രയുടെ ഗോള്‍മുഖത്തേക്കു തുരുതുരാ ഷോട്ടുകള്‍ തൊടുത്തുവിട്ട കേരളാതാരങ്ങള്‍ ഒന്നാകെ ആന്ധ്രയുടെ ഗോള്‍മുഖത്തേക്കു ഇരച്ചുകയറുകയായിരുന്നു. തുടക്കത്തില്‍ കേരളത്തിന്റെ മധ്യനിര ഒട്ടേറെ അവസരങ്ങള്‍ സൃഷ്‌ടിച്ചുവെങ്കിലും മുന്നേറ്റക്കാരായ വി.പി.സുഹൈറിനും ജോബി ജസ്‌റ്റിനും പിഴയ്‌ക്കുകയായിരുന്നു. മധ്യനിരയില്‍ യു. ജിംഷാദാണ്‌ ആന്ധ്രയുടെ ഗോള്‍മുഖത്തേക്ക്‌ ആദ്യമെത്തിയത്‌. ആന്ധ്രയുടെ ബോക്‌സിന്റെ ഇടതുവശത്തു നിന്നു ഉയര്‍ന്ന വന്ന പന്തിന്‌ ജിംഷാദ്‌ തലവച്ചെങ്കിലും അല്‍പം വ്യത്യാസത്തിനു പുറത്തുപോവുകയായിരുന്നു. ജിംഷാദ്‌, സുഹൈര്‍, ജോബി ജസ്‌റ്റിന്‍ ഇങ്ങനെ അവസരങ്ങള്‍ പാഴാക്കുന്നതിനിടയൊണ്‌ 41-ാം മിനിറ്റില്‍ കേരളം ആദ്യ ഗോള്‍ നേടുന്നത്‌. ആന്ധ്ര ഗോള്‍മുഖത്തെ ഇടതുഭാഗത്തു നിന്നു ജിംഷാദ്‌ നല്‍കിയ പന്ത്‌ ഷിബിന്‍ സ്വീകരിച്ചു ബോക്‌സിലുള്ള വി.പി. സുഹൈറിനു നല്‍കി. ഒരുനിമിഷം പോലും പാഴാക്കാതെ സുഹൈറിന്റെ തകര്‍പ്പന്‍ഷോട്ട്‌ ആന്ധ്രയുടെ ഗോള്‍കീപ്പര്‍ രാജി റെഡി നായിഡുവിനെ കീഴടക്കി പോസ്‌റ്റിന്റെ മോന്തായത്തിലേക്കു കയറി. ഇതാണു കേരളത്തിന്റെ ആദ്യഗോള്‍.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആന്ധ്രയുടെ പോസ്‌റ്റിലേക്കു ഉയര്‍ന്നെത്തിയ പന്ത്‌ തട്ടിമാറ്റാന്‍ പ്രതിരോധക്കാരന്‍ കാദര്‍ഖാന്‍ ശ്രമിച്ചെങ്കിലും അതു പാഴായി. തക്കം പാര്‍ത്തിരുന്ന സുഹൈര്‍ പതുക്കെ പന്ത്‌ പോസ്‌റ്റിലേക്കു തള്ളിയിട്ടു. ഇതോടെ കേരളം രണ്ടുഗോളുകള്‍ക്കു മുന്നിലായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജോബി ജസ്‌റ്റിനെ പിന്‍വലിച്ച്‌ ഷൈജുമോനെ ഇറക്കി. ഇതിനു ഫലവും കണ്ടു. മധ്യത്തു നിന്നു ഷിബിന്‍ലാല്‍ നല്‍കിയ മനോഹരമായ പാസ്‌ സ്വീകരിച്ച ഷൈജുമോന്‍ പോസ്‌റ്റിനരികില്‍ നിന്നു പായിച്ച മനോഹരമായ ഷോട്ട്‌ ആന്ധ്ര ഗോളിയെ കാഴ്‌ചക്കാരനാക്കി വലയില്‍ പതിച്ചു. കേരളത്തിന്റെ മൂന്നാഗോള്‍. ഷൈജുമോന്‍ ഇറങ്ങിയതോടെ കളിക്കു വേഗത കൂടുകയും ചെയ്‌തു. ഇടതടവില്ലാതെ കേരളം, ആന്ധ്ര ഗോള്‍മുഖത്തു കുതിച്ചപ്പോള്‍ അവരെ തടയാന്‍ കാദര്‍ഖാന്‍, ജോണ്‍ റോഡ്രിഗ്‌സ്‌ അടങ്ങുന്ന പ്രതിരോധനിര വിയര്‍ക്കുകയായിരുന്നു. എഴുപത്തിയൊന്നാം മിനിറ്റില്‍ ഷിബിന്‍ലാല്‍ ആന്ധ്രയുടെ പോസ്‌റ്റിന്റെ പുറത്തു നിന്നു പായിച്ച ലോംഗ്‌ റേഞ്ചര്‍ വല തുളച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ വി.എസ്‌ അഷ്‌ക്കറിന്റെ പാസില്‍ വി.പി. സുഹൈര്‍ ഹാട്രിക്‌ നേടിയതോടെ കേരളം അഞ്ചുഗോളുകള്‍ക്കു മുന്നിലായി. കളിഅവസാനിക്കാന്‍ നിമിഷങ്ങള്‍
മാത്രമുള്ളപ്പോഴായിരുന്നു ഷൈജുമോന്റെ അവസാന ഗോള്‍.

വി.പി. നിസാര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top