Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

സുവര്‍ണ്ണ മല്‍സ്യം

ശ്യാം ശശീന്ദ്രന്‍

mangalam malayalam online newspaper

തിരുവനന്തപുരം: സര്‍വത്ര റെക്കോഡുകള്‍ പിറന്ന നാലാം ദിനത്തില്‍ നീന്തല്‍ക്കുളത്തില്‍ നാലാം സ്വര്‍ണവുമായി സാജന്‍ പ്രകാശ്‌ കേരളത്തിന്റെ അഭിമാനമായി. മിഹിര്‍സെന്‍ അക്വാട്ടിക്‌ കോംപ്ലക്‌സില്‍ ഇന്നലെ നടന്ന ആറു ഫൈനലുകളില്‍ നിന്ന്‌ കേരളം നേടിയത്‌ ഒരു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം.

പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്‌റ്റ്‌ സ്‌ട്രോക്കിലാണ്‌ സാജന്‍ പ്രകാശ്‌ റെക്കോഡ്‌ സ്വര്‍ണം നേടിയത്‌. 4-200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ പുരുഷന്മാര്‍ വെള്ളി സമ്മാനിച്ചപ്പോള്‍ വനിതകള്‍ നീന്തിയെടുത്തത്‌ വെങ്കലം.
നീന്തല്‍ക്കുളത്തില്‍ ഇന്നലെയും മഹാരാഷ്‌ട്രയുടെ ആധിപത്യമായിരുന്നു. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ്‌ ഇന്നലെ അവര്‍ നീന്തിയെടുത്തത്‌. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമായി മധ്യപ്രദേശാണ്‌ രണ്ടാമത്‌.

അവിശ്വസനീയ കുതിപ്പില്‍ സാജന്‍

നിറഞ്ഞ ഗാലറിയെ ആവേശത്തിരയിലാഴ്‌ത്തി കുതിച്ച സാജന്‍ പ്രകാശിന്റെ അവിശ്വസനീയ പ്രകടനത്തോടെയാണ്‌ ഇന്നലെ നീന്തല്‍ക്കുളം ഉണര്‍ന്നത്‌. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ റെക്കോഡ്‌ തിരുത്തിയ സാജന്‍ പിരപ്പന്‍കോട്‌ നീന്തല്‍ക്കുളത്തില്‍ ആവേശത്തിരകളുയര്‍ത്തി. ആദ്യ മുന്നു ലാപ്പിലും മൂന്നാം സ്‌ഥാനത്തായിരുന്ന സാജന്‍ അവസാന 50 മീറ്ററില്‍ നടത്തിയ അവിശ്വസനീയ കുതിപ്പിലാണ്‌ റെക്കോഡ്‌ സ്വര്‍ണം പിടിച്ചെടുത്തത്‌.

പതിനേഴു വര്‍ഷം പഴക്കമുള്ള റെക്കോഡാണ്‌ സാജന്‍ തകര്‍ത്തത്‌. 1997-ല്‍ കേരളത്തിന്റെ തന്നെ കെ. സുരേഷ്‌ കുമാര്‍ സ്‌ഥാപിച്ച 2:06.88 എന്ന സമയം 2:00.69 ആക്കി പുതുക്കിയാണ്‌ സാജന്‍ റെക്കോഡിട്ടത്‌. ഇന്നലെ രാവിലെ നടന്ന ഹീറ്റ്‌സില്‍ പശ്‌ചിമ ബംഗാളിന്റെ സുപ്രിയ മണ്ഡല്‍ 2:04.85 എന്ന സമയം കുറിച്ച്‌ റെക്കോഡില്‍ കണ്ണുവച്ചിരുന്നു. എന്നാല്‍ വൈകീട്ട്‌ നടന്ന ഫൈനലില്‍ 2:00.69 എന്ന സമയത്തില്‍ മണ്ഡല്‍ വെള്ളി നേടി തൃപ്‌തിയടഞ്ഞു.

2:03.89 സമയം കുറിച്ച മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസയാണ്‌ മൂന്നാം സ്‌ഥാനത്ത്‌. സാജനൊപ്പം നീന്തിയ മറ്റൊരു മലയാളി താരം എ.ആര്‍. നിഖിലിന്‌ 2:08.71 സെക്കന്‍ഡില്‍ ഏഴാമതെത്താനേ കഴിഞ്ഞുള്ളു. ഇതേയിനം വനിതാ വിഭാഗത്തില്‍ കേരളം നിരാശപ്പെടുത്തി. പൂജ ആര്‍. ആല്‍വ നാലാം സ്‌ഥാനത്തായപ്പോള്‍ ഒപ്പം ഇറങ്ങിയ എം. സ്വാതി സുന്ദര്‍ അവസാനക്കാരിയായിയാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. സ്വന്തം റെക്കോഡ്‌ തിരുത്തി 2:21.66 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത മധ്യപ്രദേശിന്റെ റിച്ച മിശ്രയ്‌ക്കാണ്‌ സ്വര്‍ണം. ഇതോടെ റിച്ച ട്രിപ്പിള്‍ നേട്ടം തികയ്‌ക്കുകയും ചെയ്‌തു.

സെജ്‌വാളിനു ഡബിള്‍

വേഗപ്പോരാട്ടങ്ങളില്‍ ഒന്നായ 50 മീറ്റര്‍ ബ്രസ്‌റ്റ്‌ സ്‌ട്രോക്കില്‍ മധ്യപ്രദേശിന്റെ സന്ദീപ്‌ സെജ്‌വാളിന്‌ എതിരില്ല. കഴിഞ്ഞ ഗെയിംസില്‍ സ്‌ഥാപിച്ച 0:29.03 സെക്കന്‍ഡ്‌ എന്ന സമയം 00:27.98 ആക്കി തിരുത്തിയ മധ്യപ്രദേശ്‌ താരം റെക്കോഡ്‌ ഡബിള്‍ തികച്ചു. 0:29.23 സമയത്തില്‍ ഹരിയാനയുടെ പുനീത്‌ റാണ വെള്ളിയും 0:29.40 സമയത്തില്‍ പഞ്ചാബിന്റെ ജഷന്‍ദീപ്‌ സിംഗ്‌ വെങ്കലവും നേടിയപ്പോള്‍ കേരള താരങ്ങളായ അനൂപ്‌ അഗസ്‌റ്റിന്‍ അഞ്ചാമതും എസ്‌. അരുണ്‍ അവസാന സ്‌ഥാനക്കാരനുമായി.

വനിതകളുടെ വിഭാഗത്തില്‍ ഗ്ലാമര്‍ പോരാട്ടമായിരുന്നു. തമിഴ്‌-മലയാള നടന്‍ തലൈവാസല്‍ വിജയ്‌യുടെ മകള്‍ എ.ആര്‍. ജയവിണയ്‌ക്കാണ്‌ ഈയിനത്തില്‍ സ്വര്‍ണം. തമിഴ്‌നാടിനു വേണ്ടിയിറങ്ങിയ ജയവീണ 0:34.43 സമയത്തിലാണ്‌ റെക്കോഡ്‌ സ്വര്‍ണമണിഞ്ഞത്‌. മഹാരാഷ്‌ട്രയുടെ മോണിക്‌ ഗാന്ധി വെള്ളിയും പൂര്‍വ ഷെട്ടി വെങ്കലവും നേടി. കേരള താരം എസ്‌. ആരതിക്ക്‌ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു.

റിലേയില്‍ കേരളം ഖാഡെയോട്‌ തോറ്റു

പുരുഷന്മാരുടെ 4-200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ കേരളം മഹാരാഷ്‌ട്രയോടല്ല തോറ്റത്‌; വീര്‍ധവാല്‍ ഖാഡെയോടാണ്‌. ആദ്യ മൂന്നു ലാപ്പിലും ഒന്നാമത്‌ കേരളമായിരുന്നു. അവസാന ലാപ്പില്‍ കേരളത്തിനായി സുവര്‍ണ താരം സാജന്‍ പ്രകാശും മഹാരാഷ്‌ട്രയ്‌ക്കായി ദേശീയ ചാമ്പ്യന്‍ ഖാഡെയും. നീന്തല്‍ക്കുളത്തിലെ വേഗമേറിയ താരമായ ഖാഡെയുടെ കുതിപ്പിനും പരിചയസമ്പത്തിനും മുന്നില്‍ സാജനും പിടിച്ചു നില്‍ക്കാനായില്ല.

അതുവരെ രണ്ടും മുന്നും സ്‌ഥാനത്തായിരുന്ന മഹാരാഷ്‌ട്ര ഖാഡെയുടെ ചുമലിലേറി വ്യക്‌തമായ ലീഡോടെ സ്വര്‍ണം ഉറപ്പിച്ചു. അതും റെക്കോഡ്‌ തിളക്കത്തോടെ. കഴിഞ്ഞകുറി കര്‍ണാടക സ്‌ഥാപിച്ച 8:01.77 എന്ന സമയം പുതുക്കി 7:44.24 എന്ന സമയത്തിലാണ്‌ മഹാരാഷ്‌ട്ര സ്വര്‍ണമണിഞ്ഞത്‌. എ.എസ്‌. ആനന്ദ്‌, അനൂപ്‌ അഗസ്‌റ്റിന്‍, ശര്‍മ എസ്‌.പി. നായര്‍, സാജന്‍ എന്നിവരടങ്ങിയ കേരളം 7:48.02 സമയത്തില്‍ വെള്ളിയണിഞ്ഞു. ഗുജറാത്തിനാണ്‌ വെങ്കലം.

വനിതകളുടെ റിലേില്‍ കേരളത്തിന്‌ വെങ്കലത്തില്‍ ഒതുങ്ങേണ്ടി വന്നു. 8:54.73 എന്ന റെക്കോഡ്‌ സമയത്തില്‍ ഫിനിഷ്‌ ചെയ്‌ത മഹാരാഷ്‌ട്രയ്‌ക്കാണ്‌ സ്വര്‍ണം. 9:00.52 സെക്കന്‍ഡില്‍ നീന്തിയെത്തിയ കര്‍ണാടക വെള്ളി നേടിയപ്പോള്‍ ജോമി ജോര്‍ജ്‌, എസ്‌. ആരതി, സി. പ്രിയ, എസ്‌. സന്ധ്യ എന്നിവരടങ്ങിയ കേരളാ ടീം 9:09.76 സെക്കന്‍ഡിലാണ്‌ വെങ്കലം നീന്തിയെടുത്തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top