Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എ ടീമിനായി പാഡണിയാന്‍ അനുവദിക്കണമെന്ന്‌ കോഹ്ലി

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായി പരിശീലനമെന്നോണം ഇന്ത്യ എ ടീമിനു വേണ്ടി കളിക്കാന്‍ അനുവദിക്കണമെന്ന്‌ ടെസ്‌റ്റ് നായകന്‍ വിരാട്‌ കോഹ്ലി. ഇന്നലെ സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷമാണ്‌ കോഹ്ലി ഈ ആവശ്യം ബി.സി.സി.ഐ. മുമ്പാകെ ഉന്നയിച്ചത്‌.
ചേതേശ്വര്‍ പൂജാരയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എ ടീം ഓസ്‌ട്രലിയ എ ടീമിനെതിരായ രണ്ടു മത്സര അനൗദ്യോഗിക ടെസ്‌റ്റ് പരമ്പര കളിച്ചുവരികയാണ്‌. ആദ്യ മത്സരം ഇപ്പോള്‍ ചെന്നൈയില്‍ നടക്കുകയാണ്‌.
ജൂലൈ 29-ന്‌ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ എ ടീമിനായി പാഡ്‌ അണിയാന്‍ അനുവദിക്കണമെന്നാണ്‌ കോഹ്ലിയുടെ ആവശ്യം. ബംഗ്ലാദേശിശനതിരായ പരമ്പരയിലാണ്‌ കോഹ്ലി അവസാനമായി കളിച്ചത്‌. ഇതിനു ശേഷം നടന്ന സിംബാബ്‌വേ പര്യടനത്തില്‍ കോഹ്ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു ബോര്‍ഡ്‌ വിശ്രമം അനുവദിച്ചിരുന്നു.
ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുശേഷം ബംഗ്ലാദേശിനെതിരേ ഒരേയൊരു ടെസ്‌റ്റാണ്‌ ഇന്ത്യയും കോഹ്ലിയും കളിച്ചത്‌. ബംഗ്ലാദേശില്‍ മഴമൂലം മത്സരത്തിന്റെ ഭൂരിഭാഗം സമയവും നഷ്‌ടമായിരുന്നു. പിന്നീട്‌ വിശ്രമം അനുവദിക്കുക കൂടിചെയ്‌തതോടെ ഏറെദിവസമായി താന്‍ കളത്തില്‍ നിന്ന്‌ പുറത്തു നില്‍ക്കുകയാണെന്നും ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി മത്സരപരിചയം ലഭിക്കാനാണ്‌ എ ടീമിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.
ടെസ്‌റ്റ് ക്യാപ്‌റ്റനായശേഷമുള്ള കോഹ്ലിയുടെ ആദ്യ സമ്പൂര്‍ണ പരമ്പരയായിരിക്കും ശ്രീലങ്കയിലേത്‌. ശ്രീലങ്കയില്‍ ആദ്യമായാണ്‌ കോഹ്ലി ടെസ്‌റ്റ് കളിക്കുന്നത്‌. 2010ലാണ്‌ ഇന്ത്യ അവസാനമായി ശ്രീലങ്കയില്‍ പര്യടനം നടത്തിയത്‌.
കോഹ്ലിയുടെ ആവശ്യത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ സ്വാഗതം ചെയ്‌തു. ശ്രീലങ്കയുടേതിന്‌ സമാനമായ ചെന്നൈയിലെ കാലാവസ്‌ഥയില്‍ കളിക്കുന്നത്‌ പരമ്പരയില്‍ ഗുണംചെയ്യുമെന്ന്‌ ഗാവസ്‌കര്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top