Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

പെയ്‌സ് ഇന്നെത്തും; ലക്ഷ്യം ഡേവിസ്‌ കപ്പ്‌ , ഇന്ത്യ - ചെക്ക്‌ മത്സരം 18 മുതല്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം നേടിയ ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാന്‍ഡര്‍ പെയ്‌സ് ഇന്നെത്തും.
ചെക്ക്‌ റിപ്പബ്ലിക്കിനെതിരേ വാരാന്ത്യത്തില്‍ നടക്കുന്ന ഡേവിസ്‌ കപ്പ്‌ പ്ലേഓഫ്‌ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി മത്സരിക്കാനാണ്‌ പെയ്‌സ് ന്യൂഡല്‍ഹിയിലെത്തുന്നത്‌. പെയ്‌സ് രാവിലെ തന്നെ ടീമിനൊപ്പം ചേരുമെന്നാണു സൂചന. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ലിയാന്‍ഡര്‍ പെയ്‌സ്- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിങ്കിസ്‌ സഖ്യം മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം നേടിയത്‌.
കിരീടം നേടിയതിനു പിന്നാലെ ഡേവിസ്‌ കപ്പാണ്‌ അടുത്ത ലക്ഷ്യമെന്ന്‌ പെയ്‌സ് പ്രഖ്യാപിച്ചിരുന്നു. പെയ്‌സിന്റെ സഹ താരങ്ങളായ യൂകി ഭാംബ്രി, സോംദേവ്‌ ദേവ്വര്‍മന്‍, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നു. 18 മുതല്‍ 20 വരെ യാണ്‌ ഇന്ത്യ- ചെക്ക്‌ ഡേവിസ്‌ കപ്പ്‌ മത്സരങ്ങള്‍. ഇന്ത്യ ജയിച്ചാല്‍ 2016 ല്‍ വേള്‍ഡ്‌ ഗ്രൂപ്പിലേക്കു സ്‌ഥാനംകയറ്റം ലഭിക്കും.
പെയ്‌സെത്തി വൈകാതെ ഡല്‍ഹി ലോണ്‍ ടെന്നീസ്‌ അസോസിയേഷന്റെ കോര്‍ട്ടില്‍ പരിശീലനം തുടങ്ങുമെന്ന്‌ ഇന്ത്യയുടെ നോണ്‍ പ്ലേയിങ്‌ ക്യാപ്‌റ്റന്‍ ആനന്ദ്‌ അമൃതരാജ്‌ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരേ നടന്ന ഗ്രൂപ്പ്‌ 1 ഏഷ്യ/ഓഷ്യാനിയ രണ്ടാം റൗണ്ടില്‍ പെയ്‌സിനു കളിക്കാനായില്ല. പെയ്‌സ് രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം പുരുഷ ഡബിള്‍സിലാണു മത്സരിക്കുന്നത്‌. ലോക ഒന്നാം നമ്പര്‍ ടീമായ ചെക്ക്‌ ഇന്ത്യക്കെതിരേ നടന്ന മൂന്ന്‌ റൗണ്ടുകളിലും തോല്‍വിയറിഞ്ഞില്ല. 1997 ലാണ്‌ ഇന്ത്യയും ചെക്കും അവസാനം കളിച്ചത്‌.
2012, 2013 സീസണുകളില്‍ ചെക്ക്‌ റിപ്പബ്ലിക്ക്‌ ഡേവിസ്‌ കപ്പ്‌ ജേതാക്കളായിരുന്നു. ചെക്കും സ്ലോവാക്യയും പിരിയും മുന്‍പ്‌ 1980 ല്‍ ചെക്കോസ്ലോവാക്യയും ഡേവിസ്‌ കപ്പില്‍ മുത്തമിട്ടു. ഡല്‍ഹിയിലെ ചൂട്‌ സഹിക്കാവുന്നതല്ലെന്ന്‌ ചെക്ക്‌ ഡേവിസ്‌ കപ്പ്‌ താരം റാദെക്‌ സ്‌റ്റെഫാനക്‌ പറഞ്ഞു. പെയ്‌സും സ്‌റ്റെഫാനകും പുരുഷ ഡബിള്‍സില്‍ ജോഡിയായി കളിച്ചിട്ടുണ്ട്‌. ഡല്‍ഹിയിലെ താപനില ശരാശരി 36 ഡിഗ്രി സെല്‍ഷ്യസിലാണ്‌. അന്തരീക്ഷത്തിലെ ഈര്‍പ്പം 49 ഡിഗ്രിക്കു മേലെയുമാണ്‌. ചെക്കിനു വേണ്ടി 2012 ലും 2013 ലും നിര്‍ണായക മത്സരങ്ങള്‍ ജയിച്ച സ്‌റ്റെഫാനക്കിന്‌ ഈ കാലാവസ്‌ഥ അപരിചിതമല്ല. യു.എസിലെ ഫളോറിഡയിലാണ്‌ സ്‌റ്റെഫാനക്ക്‌ താമസിക്കുന്നത്‌. യു.എസ്‌. ഓപ്പണിലും ഡല്‍ഹിക്കു സമാനമായ കാലാവസ്‌ഥയായിരുന്നു. സ്‌റ്റെഫാനക്കിന്റെ സഹ താരങ്ങള്‍ക്ക്‌ ഈ ചൂട്‌ അത്ര പരിചിതമല്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top