Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ഗോവയില്‍ ചെന്നൈയിനു തകര്‍പ്പന്‍ ജയം

mangalam malayalam online newspaper

മഡ്‌ഗാവ്‌: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ എഫ്‌.സി. ഗോവയ്‌ക്കെതിരേ ചെന്നൈയിന്‍ എഫ്‌.സിക്കു തകര്‍പ്പന്‍ ജയം. ഗോവയുടെ തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത നാല്‌ ഗോളിനാണ്‌ ചെന്നൈയിന്റെ ജയം. കൊളംബിയക്കാരന്‍ സ്‌ട്രൈക്കര്‍ ജോണ്‍ സ്‌റ്റീവന്‍ മെന്‍ഡോസ സീസണിലെ ആദ്യ ഹാട്രിക്കിനുടമയായി.
ബ്രസീലുകാരന്‍ എലാനോ ബ്ലൂമറാണ്‌ ഒരു ഗോളടിച്ചത്‌. 10, 63, 75 മിനിട്ടുകളിലായിരുന്നു മെന്‍ഡോസയുടെ ഹാട്രിക്ക്‌. ചെന്നൈയിന്‍ ടീം രണ്ടാമത്തെ സീസണില്‍ നേടുന്ന ആദ്യ ജയമെന്ന പ്രത്യേകത കൂടിയുണ്ട്‌. രണ്ട്‌ കളികളില്‍നിന്ന്‌ ആറ്‌ പോയിന്റ്‌ നേടിയ എഫ്‌.സി. പുനെ സിറ്റി എഫ്‌. സിയാണ്‌ ഒന്നാമത്‌. രണ്ട്‌ കളികളില്‍നിന്ന്‌ ഒരു ജയവും സമനിലയും അടക്കം നാല്‌ പോയിന്റ്‌ നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സാണു രണ്ടാമത്‌. നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ്‌ മൂന്നാമത്‌. അവര്‍ക്കും രണ്ട്‌ കളികളില്‍നിന്ന്‌ ഒരു ജയവും സമനിലയും അടക്കം നാല്‌ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലാണ്‌. മൂന്ന്‌ കളികളില്‍നിന്ന്‌ ഓരോ ജയവും സമനിലയും തോല്‍വിയും നേടിയ ഗോവ നാല്‌ പോയിന്റുമായി നാലാം സ്‌ഥാനത്താണ്‌. ആദ്യ ജയം നേടിയ ചെന്നൈയിന്‍ മൂന്ന്‌ പോയിന്റുമായി അഞ്ചാമതാണ്‌. എഫ്‌.സി. ഗോവയുടെ കോച്ച്‌ സീക്കോ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ലൈന്‍ അപ്പില്‍ മാറ്റം വരുത്താതെയാണു കളിച്ചത്‌. ചെന്നൈയിന്‍ കോച്ച്‌ മാര്‍ക്കോ മറ്റരാസി ജയേഷ്‌ റാണ, റാഫേല്‍ അഗസ്‌റ്റോ, മെഹ്‌റാജുദ്ദീന്‍ വാഡു, മാലിസണ്‍ ആല്‍വ്‌സ് എന്നിവരെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിപ്പിച്ചു. കളിയുടെ മൂന്നാം മിനിട്ടില്‍ തന്നെ ചെന്നൈയിന്‍ ഗോളിനടുത്തെത്തി. എലാനോ ഗോവന്‍ ഗോള്‍മുഖത്തേക്കു നീട്ടി നല്‍കിയ ത്രോബോള്‍ ജയേഷ്‌ റാണെ കണക്‌ട് ചെയ്‌തിരുന്നെങ്കില്‍ കഥ അല്‍പം നീളുമായിരുന്നു. പിന്നീടുള്ള നിമിഷങ്ങള്‍ ഗോള്‍ കീപ്പര്‍ ആന്ദ്രാദെയ്‌ക്കു പിടിപ്പതു പണിയായിരുന്നു.
മെന്‍ഡോസയുടെ ബുള്ളറ്റ്‌ ഷോട്ട്‌ ആന്ദ്രാദെയുടെ കൈയില്‍ തട്ടിത്തെറിച്ചെങ്കിലും ഗോളിലേക്കു വീണില്ല. ഹര്‍മന്‍ജ്യോത്‌ സിങ്‌ ഖാബ്രയുടെ 25 വാര അകലെനിന്നുള്ള ഷോട്ട്‌ ആന്ദ്രാദെ കഷ്‌ടിച്ചാണു പിടിച്ചെടുത്തത്‌. പത്താം മിനിട്ടില്‍ ഗോവയുടെ പ്രതിരോധം പൊളിഞ്ഞു. എലാനോ ത്രോബോളാണു ഗോളിലേക്കുള്ള വഴി തെളിച്ചത്‌. എലാനോയുടെ പന്ത്‌ കിട്ടിയ മെന്‍ഡോസ ആന്ദ്രാദെയെ സമര്‍ഥമായി കബളിപ്പിച്ചു.
18-ാം മിനിട്ടില്‍ ലിയോ മൗറ ചെന്നൈയിന്‍ ബോക്‌സിലേക്കു മറിച്ചു നല്‍കിയ പന്ത്‌ കീനാന്‍ അല്‍മേഡ ഗോളിലേക്കു വഴിതിരിച്ചു വിട്ടെങ്കിലും റാണെയുടെ ഗോള്‍ ലൈന്‍ സേവ്‌ അപകടമൊഴിവാക്കി. മൗറയുടെ ക്രോസ്‌ പിടിക്കാന്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ ഈഡന്‍ മുന്നോട്ടു കയറി നില്‍ക്കുകയായിരുന്നു.
പിന്നീടൊരിക്കലും ഗോവക്കാര്‍ക്കു തങ്ങളുടെ മേഖല കടന്നു പോകാനുള്ള അവസരം ചെന്നൈയിന്‍ പിന്‍നിര നല്‍കിയില്ല. 43-ാം മിനിട്ടിലാണു രണ്ടാം ഗോള്‍ പിറന്നത്‌. തോയ്‌ സിങ്‌, റാണെ, എലാനോ എന്നിവരുടെ യോജിച്ച മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്‌. പ്രത്യാക്രമണത്തില്‍നിന്നാണ്‌ മെന്‍ഡോസ അവസാന രണ്ട്‌ ഗോളും കണ്ടെത്തിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top