Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഗോള്‍മാരി: എഫ്‌.സി. ഗോവ 7 മുംബൈ സിറ്റി എഫ്‌.സി. 0

mangalam malayalam online newspaper

ഫറ്റോര്‍ദ: മുംബൈ സിറ്റി എഫ്‌.സിക്കെതിരേ എഫ്‌.സി. ഗോവയ്‌ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ രണ്ടാമത്‌ സീസണിലെ ഏറ്റവും മികച്ച ജയം. ഫറ്റോര്‍ദയിലെ സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഏഴ്‌ ഗോളിലാണ്‌ ഗോവയുടെ ജയം. ഡുഡു ഒമാഗ്‌ബമി, തോങ്‌ഖോസിം ഹായ്‌കോപ്‌ എന്നിവര്‍ ഹാട്രിക്കടിച്ച്‌ മുംബൈ വലനിറച്ചു. കളിയുടെ അവസാന മിനിട്ടില്‍ ഗോളടിച്ച്‌ റെയ്‌നാള്‍ഡോ പട്ടിക തികച്ചു.
സീസണില്‍ ആദ്യമായാണ്‌ ഒരു കളിയില്‍ രണ്ട്‌ താരങ്ങള്‍ ഹാട്രിക്കടിക്കുന്നത്‌. തകര്‍പ്പന്‍ ജയത്തോടെ ഗോവ പോയിന്റ്‌ പട്ടികയില്‍ ഒന്നാംസ്‌ഥാനത്ത്‌ ഒന്നുകൂടി അമര്‍ന്നിരുന്നു. ഐ.എസ്‌.എല്ലിലെ ഏറ്റവും ദയനീയ തോല്‍വി വഴങ്ങിയ മുംബൈയുടെ സ്‌ഥിതി കൂടുതല്‍ ദയനീയമായി. ആറാം സ്‌ഥാനം നിലനിര്‍ത്തിയെങ്കിലും അവര്‍ക്ക്‌ ഇനി ആദ്യ നാലിലെത്താന്‍ വന്‍ മാര്‍ജിന്‍ ജയങ്ങള്‍ കൂടിയേ തീരു. മുംബൈക്കാരുടെ അടുത്ത മത്സരം ഗുവാഹാട്ടിയില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌ എഫ്‌.സിക്കെതിരേയാണ്‌. 3-4-1-2 എന്ന ഫോര്‍മേഷനിലാണ്‌ സീക്കോ മുംബൈക്കെതിരേ സ്വന്തം ടീമിനെ അണിനിരത്തിയത്‌. ഹായ്‌കോപ്പും ഡുഡുവും മുന്‍നിരയില്‍ കളിച്ചു. ജോഫ്രിയായിരുന്നു ഇവര്‍ക്കു പിന്നിലുണ്ടായിരുന്നത്‌. മധ്യനിരയും പ്രതിരോധവും ഉണര്‍ന്നു കളിച്ചിരുന്നതിനാല്‍ ഗോവയുടെ ഗോള്‍ കീപ്പര്‍ ലക്ഷ്‌മികാന്ത്‌ കട്ടിമാണിക്ക്‌ ഇന്നലെ വിശ്രമദിവസമായിരുന്നു. പിക്വലോണിനെ മുന്‍നിര്‍ത്തിയ 4-2-3-1 ശൈലിക്കാണു മാര്‍ക്വി താരവും കോച്ചുമായ നിക്കോളാസ്‌ അനല്‍ക്ക താല്‍പര്യപ്പെട്ടത്‌. സുനില്‍ ഛെത്രി, അനല്‍ക്ക, കീഗന്‍ പെരേര എന്നിവര്‍ പിക്വലോണിനു പിന്നില്‍നിന്നു. ഗോവന്‍ താരങ്ങള്‍ ഗോളടിച്ചു കൂട്ടുന്നത്‌ അനല്‍ക്കയും ഛെത്രിക്കും നോക്കിനില്‍ക്കാനെ സാധിച്ചുള്ളു.
കളിയുടെ 34-ാം മിനിട്ടില്‍ ഹായ്‌കോപിലൂടെയാണ്‌ ഗോവ ഗോള്‍ വേട്ട തുടങ്ങിയത്‌. മുംബൈ പ്രതിരോധത്തിന്റെ പാളിച്ച മുതലാക്കി ഹായ്‌കോപ്‌ തൊടുത്ത ഷോട്ട്‌ മുംബൈ ഗോള്‍ കീപ്പര്‍ സുബ്രതോ പാലിനെ മറികടന്നു. ഹായ്‌കോപ്‌ വലകുലുക്കിയതോടെ ഐ.എസ്‌.എല്‍. രണ്ടാമത്‌ സീസണില്‍ നൂറാം ഗോള്‍ പിറന്നു. 42-ാം മിനിട്ടിലാണ്‌ ഡുഡു ആദ്യ ഗോളടിച്ചത്‌. ബോക്‌സിലൂടെ ഓടിക്കയറിയ ഡുഡുവിനെ തടുക്കാന്‍ മുംബൈ താരങ്ങള്‍ക്കായില്ല. ലൂസിയോയുടെ കണിശമായ പാസ്‌ ഡുഡു വലയിലേക്കു പായിച്ചു. 52-ാം മിനിട്ടിലായിരുന്നു ഹായ്‌കോപ്‌ രണ്ടാം ഗോളടിച്ചത്‌. ജോഫ്രിയുടെ ഇടംകാലന്‍ ക്രോസാണ്‌ ഗോളില്‍ കലാശിച്ചത്‌. പന്ത്‌ കിട്ടിയ ഹായ്‌കോപ്‌ പിഴവ്‌ വരുത്തിയില്ല. പത്ത്‌ മിനിട്ട്‌ കഴിഞ്ഞായിരുന്നു ഡുഡുവിന്റെ രണ്ടാം ഗോള്‍. ബുസ്‌റ്റോസ്‌ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ജോഫ്രിയുടെ ഫ്രീകിക്കാണ്‌ ഡുഡു ഗോളാക്കിയത്‌. ജോഫ്രിയുടെ കിക്ക്‌ ഗോള്‍ കീപ്പര്‍ തടുത്തെങ്കിലും ഡുഡുവിനാണു കിട്ടിയത്‌. 67-ാം മിനിട്ടില്‍ ഡുഡു ഹാട്രിക്ക്‌ പൂര്‍ത്തിയാക്കി. സീസണിലെ നാലാം ഹാട്രിക്കായിരുന്നു അത്‌. മെന്‍ഡോസ, സുനില്‍ ഛെത്രി, ഇയാന്‍ ഹ്യൂം എന്നിവരാണു ഡുഡുവിനു മുന്‍പ്‌ ഹാട്രിക്കടിച്ചത്‌. കളി പുരോഗമിക്കവേ 79-ാം മിനിട്ടില്‍ ഹായ്‌കോപും ഹാട്രിക്ക്‌ പൂര്‍ത്തിയാക്കി. ഗോവയുടെ മുന്നേറ്റത്തില്‍ പതറിയ മുംബൈ ക്ലബിനു മികച്ച ഒരു മുന്നേറ്റവും നെയ്‌തെടുക്കാനായില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top