Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സാഫ്‌ ഗെയിംസ്‌ ഫുട്‌ബോള്‍ : ഇന്ത്യ ജേതാക്കളായി

mangalam malayalam online newspaper

തിരുവനന്തപുരം: സാഫ്‌ ഗെയിംസ്‌ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യനായ അഫ്‌ഗാനിസ്‌ഥാനെ ഒന്നിനെതിരേ രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ഇന്ത്യ ജേതാക്കളായി.
കളിയുടെ എക്‌സ്ട്രാ ടൈമില്‍ (100-ാം മിനിട്ടില്‍ ) ഗോളടിച്ച നായകന്‍ സുനില്‍ ഛേത്രിയാണ്‌ ഇന്ത്യക്ക്‌ സാഫ്‌ കിരീടം തിരികെ നല്‍കിയത്‌. ഏഴാം തവണയാണ്‌ ഇന്ത്യ സാഫ്‌ ഫുട്‌ബോള്‍ കിരീടം നേടുന്നത്‌. സുനില്‍ ഛേത്രിയുടെ ബൂട്ടില്‍നിന്നും പിറന്ന ഗോളിനു മറുപടി നല്‍കാന്‍ അവസാന നിമിഷംവരെ അഫ്‌ഗാനായില്ല. ടൂര്‍ണമെന്റിന്റെ ആരംഭമുതല്‍ കരുത്തുറ്റ കളി കാഴ്‌ചവെച്ച ടീമാണ്‌ അഫ്‌ഗാന്‍.
ഇന്ത്യയാകട്ടേ ആദ്യ റൗണ്ട്‌ മുതല്‍ സെമി ഫൈനല്‍ വരെ ശരാശരി നിലവാരത്തിലുള്ള കളിമാത്രമായിരുന്നു. സ്‌റ്റീഫന്‍ കോണ്‍സ്‌റ്റാന്റിന്‍ രണ്ടാം വട്ടവും കോച്ചായ ശേഷം ആദ്യമായാണ്‌ ഇന്ത്യ രാജ്യാന്തര കിരീടം നേടുന്നത്‌. എന്നാല്‍ കലാശപോരാട്ടത്തില്‍ സ്‌ഥിതി മാറി ആക്രമണത്തിനും പ്രതിരോധത്തിനും ഒരു പോലെ മൂര്‍ച്ചകൂട്ടിയെത്തിയ ഇന്ത്യയുടെ മുന്നില്‍ അഫ്‌ഗാന്റെ യൂറോപ്യന്‍ കരുത്ത്‌ മുട്ടുമടക്കി. ഛേത്രിക്കു പുറമേ ജെജെ ലാല്‍പെഖുലയാണ്‌ ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്‌തത്‌. തങ്ങള്‍ കിരീടം നിലനിര്‍ത്തുന്നതിനു സാക്ഷിയാകാന്‍ അഫ്‌ഗാനിസ്‌ഥാനിലെ മന്ത്രിമാരും എംപിമാരും അടക്കം വലിയൊരു സംഘം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഫൈനലിന്റെ ചൂടായതോടെ ഗ്യാലറി നിറഞ്ഞു കവിഞ്ഞു. പതിനായക്കണക്കിന്‌ ആരാധകര്‍ ഇന്ത്യ... ഇന്ത്യ എന്നാര്‍ത്തുവിളിച്ചപ്പോള്‍ ടീമിന്റെ പ്രകടനവും അവസരത്തിനൊത്തുയര്‍ന്നു. ക്രോസ്‌ ബാറിനു കീഴില്‍ ഗുര്‍പ്രീത്‌ സിങ്ങും മധ്യനിരയില്‍ ലിങ്‌ദോയും മുന്നേറ്റത്തില്‍ ഛേത്രിയും ജേജേയും നസ്രേയും നിറഞ്ഞു കളിച്ചു.
കളിയുടെ തുടക്കത്തില്‍ അഫ്‌ഗാന്‍ താരങ്ങളുടെ ആധിപത്യമായിരുന്നു. തുടരെത്തുടരെ ഇന്ത്യന്‍ ഗോള്‍ മുഖത്ത്‌ അഫ്‌ഗാന്‍ ആക്രമണം അഴിച്ചുവിട്ടു. പലപ്പോഴും ഇന്ത്യന്‍ പ്രതിരോധം മറികടക്കാനും അവര്‍ക്കായി എന്നാല്‍ ക്രോസ്‌ബാറിനു കീഴില്‍ ഗുര്‍പ്രീതിന്റെ പ്രകടനം ഇന്ത്യക്കു തുണയായി. 10ാം മിനിറ്റില്‍ത്തന്നെ അഫ്‌ഗാന്‍ ക്യാപ്‌റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെ ഡിബോക്‌സിന്റെ പുറത്ത്‌ ഇടതു മൂലയില്‍നിന്നും തൊടുത്ത ഇടംകാലന്‍ ഷോട്ട്‌ ഗുര്‍പ്രീത്‌ തട്ടിയകറ്റി.
14ാം മിനിറ്റില്‍ അഫ്‌ഗാനെ ഞെട്ടിച്ചുകൊണ്ട്‌ ഇന്ത്യയുടെ ആദ്യ ആക്രമണം. ഇടതു വിങ്ങില്‍ നിന്നും നസ്രേയുടെ ഷോട്ട്‌ അഫ്‌ഗാന്‍ താരത്തിന്റെ കാലില്‍ത്തട്ടി പോസ്‌റ്റിലേക്കു തിരിഞ്ഞെങ്കിലും ഗോളി ഒവയ്‌സ്‌ അസീസി തട്ടിയകറ്റി. അസീസിയുടെ കയ്യില്‍തട്ടിയുയര്‍ന്ന പന്തില്‍ ജെജേ ഉയര്‍ന്നു ചാടി തലവെച്ചു. ഗ്യാലറി ഗോള്‍ എന്ന്‌ ആര്‍ത്തുവിളിച്ചു. എന്നാല്‍ നിരാശ സമ്മാനിച്ചുകൊണ്ട്‌ ഹെഡര്‍ ക്രോസ്‌ബാറിലിടിച്ച്‌ ആളൊഴിഞ്ഞ സെക്കന്‍ഡ്‌ പോസ്‌റ്റിലേക്കു തെറിച്ചു. 32ാം മിനിറ്റില്‍ വീണ്ടും ഇന്ത്യന്‍ ആക്രമണം. നസ്രേയുടെ പാസ്‌ ബോക്‌സിനുള്ളില്‍ സ്വീകരിച്ച ഛേത്രിയുടെ ഇടംകാലന്‍ ഷോട്ട്‌, അസീസി വീണ്ടും അഫ്‌ഗാന്റെ രക്ഷകനായി. ക്ലോസ്‌ റേഞ്ചില്‍ നിന്നുള്ള ബുള്ളറ്റ്‌ ഷോട്ട്‌ സമര്‍ഥമായി അസീസി കയ്യിലൊതുക്കി. 45ാം മിനിറ്റില്‍ വീണ്ടും അഫ്‌ഗാന്‍ ഗോള്‍മുഖം ആക്രമിക്കപ്പെട്ടു ഛേത്രിയുടെ ഗ്രൗണ്ട്‌ പാസ്‌ സിംഗിള്‍ ടച്ചിലൂടെ ജെജെ ബോക്‌സിനുള്ളിലേക്കു തള്ളിയിട്ടു. ഒടിയെത്തുന്ന ഛേത്രിക്ക്‌ വെടുതിര്‍ക്കാന്‍ പാകത്തിനുള്ള ഷോട്ട്‌.
എന്നാല്‍ ഛേത്രിക്കു മുന്‍പെത്തിയ അസീസി ആ പന്തും കൈപ്പിടിയിലൊതുക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇന്ത്യക്കനുകൂലമായി ഒരു കോര്‍ണര്‍ കിക്ക്‌ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അഫ്‌ഗാന്‍ ക്യാപ്‌റ്റന്‍ ഷെയ്‌സ്‌തെയുടെ ചില മികച്ച മുന്നേറ്റങ്ങളും ആദ്യ പകുതിയില്‍ക്കണ്ടു. പക്ഷേ ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. രണ്ടാം പകുതിയിലും ഇന്ത്യയുടെ ആധിപത്യമാണു കണ്ടത്‌. 55 അഞ്ചാം മിനിറ്റില്‍ മുന്നോട്ടു കയറിനിന്ന അഫ്‌ഗാന്‍ കീപ്പര്‍ക്കു മുകളിലൂടെ ബോക്‌സിനു പുറത്തുനിന്നു ജേജെ കോരിയിട്ട പന്ത്‌ വലയിലേക്ക്‌ ഈര്‍ന്നിറങ്ങുമെന്നു തോന്നിപ്പിച്ചെങ്കിലും ക്രോസ്‌ബാറില്‍ത്തട്ടി പുറത്തേക്കു പോയി. 61ാം മിനിറ്റില്‍ അഫ്‌ഗാന്‍ പ്രതിരോധതാരത്തിന്റെ സേവ്‌. ബോക്‌സിനു പുറത്തുനിന്നും ഒറ്റക്കു പന്തു പിടിച്ചെടുത്ത നസ്രേയുടെ ഷോട്ട്‌ അഫ്‌ഗാന്‍ പ്രതിരോധത്തില്‍തട്ടി പുറത്തേക്കു പോയി. 63ാം മിനിറ്റില്‍ ഛേത്രിയുമെ മികച്ച ഒരു ഹെഡറും അഫ്‌ഗാന്‍ പോസ്‌റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്‌. എന്നാല്‍ കളിയുടെ 70ാം മിനിറ്റില്‍ അഫ്‌ഗാന്‍ കരുത്തുകാട്ടി. പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ അഫ്‌ഗാന്‍ താരങ്ങളുടെ ഭാഗത്തുനിന്നുള്ള മിന്നലാക്രമണമാണ്‌ 70ാം മിനിറ്റില്‍ കണ്ടത്‌. സുബൈര്‍ അമീരിയും ഷെയ്‌സ്‌തെയും ചേര്‍ന്നു നടത്തിയമുന്നേറ്റം ഷെയ്‌സ്‌തെയുടെ പാസില്‍ സുബൈര്‍ അമീരിയുടെ ഷോട്ട്‌ ഇന്ത്യന്‍ വലയിലെത്തി. അഫ്‌ഗാന്‍ താരങ്ങള്‍ ഗോള്‍ ആഘോഷിച്ചു കളിയിലേക്കു തിരിച്ചെത്തും മുന്‍പേ 71ാം മിനിറ്റില്‍ ജെജെ ലക്ഷ്യം കണ്ടു. ഇടതുവിങ്ങില്‍ നിന്നും ന്രേസ നല്‍കിയ പാസ്‌ രണ്ട്‌ അഫ്‌ഗാന്‍ പ്രതിരോധക്കാര്‍ക്കു മുകളിലൂടെ ഛേത്രി ഹെഡ്‌ ചെയ്‌തിട്ടു. അഫ്‌ഗാന്‍ ഗോളിയെ കബളിപ്പിച്ച്‌ ചെറിയ ടച്ചിലൂടെ ജേജെ ബോള്‍ വലയിലേക്കു ഗതിമാറ്റിവിട്ടു. പിന്നീടങ്ങോട്ട്‌ ഇന്ത്യയുടെ കടന്നാക്രമണമായിരുന്നു. അഫ്‌ഗാന്‍ പ്രതിരോധം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു. എന്നാല്‍ ഒവയ്‌സ്‌ അസീസി എന്ന ഗോളി ഇന്ത്യക്കു മുന്നില്‍ പ്രതിരോധം തീര്‍ത്തു ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകള്‍ അസീസി തട്ടിയകറ്റി. അവസാന മിനിറ്റുകളിലും ഇന്ത്യ ആക്രമിച്ചു തന്നെ കളിച്ചു. മൂന്നു മിനിറ്റ്‌ ഇഞ്ചുറി ടൈമിലും ഗോള്‍ പിറക്കാത്തതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്കു നീണ്ടു. എക്‌സ്‌ട്രാ ടൈമിലും ഒട്ടും മൂര്‍ച്ച കുറയാതെ ഇന്ത്യ ആക്രമണം തുടര്‍ന്നു. ഛേത്രിയും ജേജേയും നസ്രേയും അഫ്‌ഗാന്‍ ഗോള്‍ മുഖത്തേക്ക്‌ തുടരെത്തുടരെ ആക്രമിച്ചു കയറി. 100 മിനിറ്റില്‍ വിജയഗോള്‍ പിറന്നു. സെന്റര്‍ ലൈനില്‍ ജെജെയെ ഫൗള്‍ ചെയ്‌തതിനു ലഭിച്ച ഫ്രീകിക്ക്‌. ജെജെ എടുത്ത ഫ്രീകിക്ക്‌ ബോക്‌സിനുള്ളില്‍ ഛേത്രി സ്വീകരിച്ചു. ശക്‌തമായി പ്രതിരോധിച്ച അഫ്‌ഗാന്‍ താരങ്ങള്‍ക്കെതിരെ കരുത്തുകാട്ടിയ ഛേത്രി തട്ടിയിട്ട ബോള്‍ വലയിലേക്ക്‌ ഉരുണ്ടുകയറുമ്പോള്‍ അതുവരെ മികച്ച പ്രകടനം കാഴ്‌ചവെച്ച ഒവയ്‌സ്‌ അസീസി നിസഹായനായി നോക്കി നിന്നു. ലീഡ്‌ നേടിയതോടെ ഇന്ത്യ പ്രതിരോധം ശക്‌തമാക്കി. അഫ്‌ഗാന്റെ ഭാഗത്തുനിന്നും സമനിലയ്‌ക്കായുള്ള ആക്രമമണവും ശക്‌തമായി. അതോടെ പരുക്കന്‍ അടവുകളും ആരംഭിച്ചു. ഇന്ത്യന്‍ ബോക്‌സിനുള്ളില്‍ നിലത്തുവീണ നാരായണ്‍ദാസ്‌ ഫൈസല്‍ ഷെയ്‌സ്‌തെയുടെ ഷോട്ട്‌ തടുത്തിട്ടു. ഈ സേവ്‌ ഹാന്റ്‌ബോളാണെന്നാരോപിച്ച്‌ അഫ്‌ഗാന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ജപ്പാന്‍കാരനായ റഫറി കിമൗറ ഹിറോയുകി ഹാന്റ്‌ അനുവദിച്ചില്ല. ഇതിനെതിരെ ആക്രോശിച്ചു ഗ്രൗണ്ടിലിറങ്ങിയ അഫ്‌ഗാന്‍ കോച്ച്‌ പീറ്റര്‍ സെഗ്രറ്റിനോടു റഫറി ഗ്രൗണ്ടിനു പുറത്തേക്കു പോകാന്‍ ആവശ്യപ്പെട്ടു. കളിയുടെ അവസാന നിമിഷങ്ങില്‍ കടന്നാക്രമിച്ച അഫ്‌ഗാനെ തടയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവന്നു. അവസാന നിമിഷം വരെ അഫ്‌ഗാന്‍ പൊരുതിയെങ്കിലും ഫൈനല്‍വിസിലിനൊപ്പം ആരവങ്ങളുയര്‍ന്നപ്പോള്‍ അഫ്‌ഗാന്‍ നിരാശരായി മടങ്ങി. 2013 ലെ പരാജയത്തിനു പകരം വീട്ടിയ ആശ്വാസത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്യാലറിക്ക്‌ അഭിവാദ്യമര്‍പ്പിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top