Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

മഞ്ഞക്കിളികള്‍ ഇന്നിറങ്ങും

mangalam malayalam online newspaper

കാലിഫോര്‍ണിയ: പരുക്കേറ്റു പതറുന്ന മഞ്ഞപ്പട നൂറ്റാണ്ടിന്റെ കോപ്പ തേടി ഇന്നിറങ്ങും. യു.എസ്‌.എയില്‍ നടക്കുന്ന സെന്റിനറി കോപ്പ അമേരിക്ക സ്‌പെഷല്‍ ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന്‌ ഇന്ന്‌ ആദ്യ അങ്കം.
ലാറ്റിനമേരിക്കന്‍ മേഖലയിലെ പ്രമുഖരായ ഇക്വഡോറാണ്‌ മഞ്ഞപ്പടയുടെ ആദ്യ എതിരാളികള്‍. ഗ്രൂപ്പ്‌ ബിയില്‍ ഹെയ്‌തിയും പെറുവുമാണ്‌ മറ്റ്‌ അംഗങ്ങള്‍. അതിനാല്‍ തന്നെ ഇക്വഡോറിനെതിരായ പോരാട്ടമാകും ബ്രസീലിന്റെ ഗ്രൂപ്പ്‌ ചാമ്പ്യന്‍ പദവി നിശ്‌ചിയിക്കുന്നത്‌.
ഗ്രൂപ്പിലെ പ്രബലര്‍ മഞ്ഞക്കിളികള്‍ തന്നെ. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ജര്‍മനിക്കു മുന്നില്‍ 7-1ന്‌ തോറ്റമ്പിയതിനു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്ത ബ്രസീലിന്‌ എത്രദൂരം മുന്നോട്ട്‌ പോകാനാകുമെന്ന്‌ ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്നില്ല.
നൂറ്റാണ്ടിന്റെ ചാമ്പ്യന്‍ഷിപ്പിനായി ദൂംഗ ഒരുക്കുന്ന ടീമില്‍ ഇടമില്ലാത്ത പ്രമുഖരുടെ നീണ്ട നിരയാണ്‌ ഏറെ ശ്രദ്ധേയം. നായകന്‍ നെയ്‌മര്‍ കോപ്പയില്‍ കളിക്കുന്നില്ല. പ്രതിരോധ താരങ്ങളായ തിയാഗോ സില്‍വ, ഡേവിഡ്‌ ലൂയിസ്‌, മാഴ്‌സലോ എന്നിവരെ ദൂംഗ ടീമിലേക്ക്‌ പരിഗണിച്ചതുമില്ല.
ടൂര്‍ണമെന്റിന്‌ തൊട്ടുമുമ്പ്‌ സ്‌ട്രൈക്കര്‍ ഡഗ്ലസ്‌ കോസ്‌റ്റ പരുക്കേറ്റ്‌ പുറത്തായി. പകരക്കാരാനായി എത്തിയ വെറ്ററന്‍ താരം കക്കയും പരുക്കിന്റെ പിടിയിലകപ്പെട്ടതോടെ അക്ഷരാര്‍ഥത്തില്‍ മുടന്തുകയാണ്‌ അവര്‍.
പ്രമുഖരുടെ അഭാവത്തില്‍ ചെല്‍സി താരം വില്ല്യനിലാണ്‌ ബ്രസീലിന്റെ പ്രതീക്ഷയത്രയും. മധ്യനിരയില്‍ വില്യന്‍ കളിനിയന്ത്രിക്കുമ്പോള്‍ വെറ്ററന്‍ താരം ലൂയിസ്‌ ഗുസ്‌താവോ ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ റോളിലാകും ഇറങ്ങുക. ഫെലിപ്പെ കുടീഞ്ഞോ, അഗസ്‌റ്റോ, എലിയാസ്‌ എന്നിവരാണ്‌ മറ്റു താരങ്ങള്‍. സ്‌ട്രൈക്കറായി ജൊനാസ്‌ മുന്നണിയിലുണ്ടാകും. പ്രതിരോധിക്കാന്‍ ബാഴ്‌സലോണയുടെ ഡാനി ആല്‍വ്‌സിനൊപ്പം ഫെലിപ്പെ ലൂയിസ്‌, മിരാന്‍ഡ എന്നിവരടങ്ങിയ വെറ്ററന്‍ പടയാണ്‌.
മറുവശത്ത്‌ ഇക്വഡോര്‍ കരുത്തുറ്റ നിരയെയാണ്‌ ഇറക്കുന്നത്‌. മധ്യനിരയില്‍ അന്റോണിയോ വലന്‍സിയയെ കേന്ദ്രീകരിച്ചാണ്‌ അവരുടെ ഗെയിംപ്ലാന്‍. ഗോളടിക്കാന്‍ പ്രീമിയര്‍ ലീഗ്‌ താരങ്ങളാണ എന്നര്‍ വലന്‍സിയയും ജെഫേഴ്‌സണ്‍ മൊണ്‍ടീറോയും ഉണ്ടാകും. മധ്യനിരയില്‍ ഗ്രൂസോ, നൊബോവ എന്നിവരാണ്‌ മറ്റംഗങ്ങള്‍. അയോവി, എരാസോ, അക്കില്ലര്‍, പരേഡസ്‌ എന്നിവര്‍ക്കാണ്‌ പ്രതിരോധ ചുമതല. ഇന്ത്യന്‍ സമയം നാളെ രാവിലെ 7.30നാണ്‌ മത്സരം.
പരാഗ്വായ്‌ ഇന്ന്‌
കോസ്‌റ്റാറിക്കയ്‌ക്കെതിരേ
കാലിഫോര്‍ണിയ: ഗ്രൂപ്പ്‌ ബിയില്‍ ഇന്നത്തെ ആദ്യ മത്സരം പരാഗ്വായും കോസ്‌റ്റാറിക്കയും തമ്മിലാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ നിന്ന്‌ രണ്ടാം റൗണ്ടിലേക്കുള്ള ഒരു ടിക്കറ്റിനായി മത്സരിക്കുന്ന ടീമുകളാണ്‌ ഇരുവരും.
പരുക്ക്‌ കാരണം ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ്‌ പിന്മാറിയത്‌ കോസ്‌റ്റാറിക്കയ്‌ക്ക് തിരിച്ചടിയാണ്‌.
മറുവശത്ത്‌ പലതും തെളിയിക്കാന്‍ ലക്ഷ്യമിട്ടാണ്‌ പരാഗ്വായ്‌ ഇറങ്ങുന്നത്‌. ഹോസ്‌ ലൂയി ഷിലാവര്‍ട്ട്‌ എന്ന വിഖ്യാത ഗോള്‍കീപ്പറിന്റെ കാലഘട്ടത്തിനു ശേഷം പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും തന്നെ അവര്‍ക്ക്‌ മികവ്‌ പ്രകടിപ്പിക്കാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ കോപ്പയില്‍ അര്‍ജന്റീനയ്‌ക്കെതിരേ 6-1ന്‌ തോറ്റ്‌ പുറത്തായ അവര്‍ക്ക്‌ ഇക്കുറി മികച്ച പ്രകടനം നടത്തിയേ മതിയാകൂ. കോപ്പയില്‍ 1989-നു ശേഷം ആദ്യ നാലില്‍ ഇടംപിടിക്കാന്‍ കഴിയാത്തതിന്റെ കേട്‌ നികത്തുകയാണ്‌ ലക്ഷ്യം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top