Ads by Google

കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

ശില്‍പ ശിവ വേണുഗോപാല്‍

 1. Kathakali Artist
 2. Ranjini Suresh
 3. Sasikala
mangalam malayalam online newspaper

സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും സാധിക്കുമെന്ന്‌ തങ്ങളുടെ നടനവൈഭവത്തിലൂടെ തെളിയിച്ച രഞ്‌ജിനി സുരേഷും, ശശികല എസ്‌.വെള്ളോടിയും.

കഥകളിയെന്ന്‌ കേള്‍ക്കുമ്പോള്‍ കലാമണ്ഡലം കരുണാകരനെ ഓര്‍ക്കാത്തവരായി ആരുമുണ്ടാവില്ല. കരുണാകരന്‍ ചെയ്‌ത ഓരോ കഥാപാത്രങ്ങളും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയാണ്‌.

കരുണാകരന്‍ മാഷ്‌ കഥകളിയോട്‌ വിടപറഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നുമദ്ദേഹത്തെ മലയാളികള്‍ മറന്നിട്ടില്ല. എന്നാലിന്ന്‌ മാഷിന്റെ ചടുലമായ പാദചലനങ്ങളും മുദ്രകളും അതേപോലെ സ്വായത്തമാക്കി കഥകളിക്ക്‌് പുതുജീവനേകുകയാണ്‌ അദ്ദേഹത്തിന്റെ മകള്‍ രഞ്‌ജിനി സുരേഷ്‌.

അച്‌ഛനെക്കുറിച്ച്‌ പറയുമ്പോള്‍ നൂറൂനാവാണ്‌ രഞ്‌ജിനിക്ക്‌. ഒരിറ്റ്‌ മിഴിനീര്‍ പൊഴിക്കാതെ രഞ്‌ജിനിക്ക്‌ അച്‌ഛനെക്കുറിച്ചോര്‍ക്കാനാവുന്നില്ല.

രാവണവേഷവും കൃഷ്‌ണവേഷവും ഗംഭീരമായി അവതരിപ്പിച്ച്‌ കഥകളിയില്‍ മികവുപുലര്‍ത്തുന്ന രഞ്‌ജിനി തന്റെ വിശേഷങ്ങളിലേക്ക്‌...

പാരമ്പര്യമായി ലഭിച്ച കഥകളിയെക്കുറിച്ച്‌ ?

പാരമ്പര്യമായെനിക്ക്‌ ലഭിച്ചതാണ്‌ ഈ സിദ്ധി. അഞ്ച്‌ വയസുമുതല്‍ ഞാന്‍ കഥകളി അഭ്യസിച്ച്‌ തുടങ്ങി. അച്‌ഛന്‍ കലാമണ്ഡലം കരുണാകരന്‍ പേരുകേട്ട കഥകളി നടനായിരുന്നു.

എന്റെ അമ്മയുടെ വലിയൊരാഗ്രഹമായിരുന്നു അമ്മയ്‌ക്ക്‌ പെണ്‍കുട്ടിയുണ്ടാവണമെന്നത്‌. ഒരിക്കല്‍ കഥകളി കാണാന്‍ അമ്മ തിരുവല്ലക്ഷേത്രത്തില്‍ പോയി.

കഥകളി വഴിപാടായി നേര്‍ന്നാല്‍ പെണ്‍കുട്ടിയുണ്ടാകുമെന്നാണ്‌ അവിടത്തെ വിശ്വാസം. പെണ്‍കുട്ടിയുണ്ടായാല്‍ അവളെ കഥകളി അഭ്യസിപ്പിച്ചോളാം എന്നും നേര്‍ന്നു. എന്റെ ജനനത്തിന്‌ ശേഷം ആ വഴിപാട്‌ ഞാന്‍ തന്നെ കഥകളി കളിച്ച്‌ തീര്‍ത്തു.

ഏറ്റവും കൂടുതല്‍ ചെയ്‌ത വേഷം ഏതായിരുന്നു ?

കൃഷ്‌ണനാണ്‌ ഞാനേറ്റവും കൂടുതല്‍ ചെയ്‌തിത്തുള്ളത്‌. പക്ഷേ ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി രാവണനാണ്‌ കൂടുതല്‍ ചെയ്യുന്നത്‌. കൃഷ്‌ണനില്‍ നിന്നൊരു മാറ്റമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

കൂടുതല്‍ പ്രശംസ ലഭിച്ച വേഷമേതാണ്‌ ?

രാവണന്റെ കഥാപാത്രം ചെയ്‌തശേഷമാണ്‌ എന്നിലെ കലാകാരിയെ ജനങ്ങള്‍ കൂടുതലറിഞ്ഞുതുടങ്ങിയത്‌. രാവണന്റെ വേഷത്തോടുകൂടിയാണ്‌ എല്ലാവരുമെന്നെ അംഗീകരിക്കാന്‍ തൂടങ്ങിയത്‌. അതുവരെ അച്‌ഛന്റെ മകള്‍ എന്നൊരു വാത്സല്യമാണ്‌ എനിക്ക്‌ തന്നുകൊണ്ടിരുന്നത്‌.

രൂപത്തിലും ഭാവത്തിലുമെല്ലാമെനിക്ക്‌ അച്‌ഛന്റെ ഛായയാണെന്നാണ്‌ പൊതുവെയുള്ള അഭിപ്രായം. അതുകൊണ്ട്‌ തന്നെ അച്‌ഛന്റെ മകള്‍ അല്ലെങ്കില്‍ അച്‌ഛന്‍ തന്നെ എന്നാണെല്ലാവരും പറഞ്ഞിരുന്നത്‌. പിന്നീടതിനൊതു മാറ്റമുണ്ടായത്‌ രാവണന്‍ ചെയ്‌തുതുടങ്ങിയപ്പോഴാണ്‌.

കലാമണ്ഡലം ശ്രീകുമാറാണെന്റെ ഗുരു. അദ്ദേഹമാണെനിക്ക്‌ രാവണവേഷം പഠിപ്പിച്ചുതന്നത്‌. കുറച്ചധികം കഷ്‌ടതകള്‍ അനുഭവിച്ചാണ്‌ ആ വേഷം പഠിച്ചെടുത്തത്‌. മനസ്സും ശരീരവും ഒരുപോലെ ബുദ്ധിമുട്ടി ചെയ്യേണ്ട കഥാപാത്രമാണ്‌ രാവണന്റേത്‌.

രാവണനെ അവതരിപ്പിച്ചശേഷം ആളുകള്‍ വളരെ കൗതുകത്തോടെയാണ്‌ എന്റെ ഓരോ വേഷവും ശ്രദ്ധിച്ചുതുടങ്ങിയത്‌. കഥകളി ആര്‍ട്ടിസ്‌റ്റുകളില്‍ പലരും ഇപ്പോഴെന്നെ വിളിക്കുന്നത്‌ രാവണി എന്നാണ്‌.

തമാശയിലൂടെയാണത്‌ പറയുന്നതെങ്കിലും ഇന്ന്‌ ഞാനതൊരുപാട്‌ ആസ്വദിക്കുന്നുണ്ട്‌. അടുത്തകാലത്തായി പുറത്തിറങ്ങിയ പുതിയനിയമം എന്ന ചിത്രത്തിലെന്റെ പേര്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. അതില്‍ നയന്‍താര ചെയ്യുന്ന കഥാപാത്രം ഒരു കഥകളി ആര്‍ട്ടിസ്‌റ്റിന്റേതാണ്‌. അതെനിക്കൊരുപാട്‌ സന്തോഷം തരുന്നു.

പഠനകാലഘട്ടത്തെക്കുറിച്ച്‌ ?

പ്രീഡിഗ്രിക്ക്‌ ശേഷം എറണാകുളം ലോ കോളേജില്‍ അഡ്‌മിഷന്‍ ലഭിച്ചു. അവിടെത്തന്നെ എല്‍.എല്‍.എം. പൂര്‍ത്തിയാക്കി. അതിനുശേഷം 10 വര്‍ഷം പ്രാക്‌ടീസ്‌ ചെയ്‌തു. വക്കീലാവുക എന്നതെന്റെ ആഗ്രഹമായിരുന്നു.

രാഷ്ര്‌ടീയരംഗത്തേക്കുമെത്തുകയുണ്ടായല്ലോ.?

ആ സമയത്താണ്‌ രാഷ്ര്‌ടീയത്തിലേക്കെത്തുന്നത്‌. പലരുടെയും നിര്‍ബന്ധപ്രകാരമാണ്‌ അതിലേക്കെത്തിയത്‌. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാനായത്‌ ഞാനൊരിക്കലും മറക്കില്ല.

ക്‌ളീന്‍ മുന്‍സിപ്പാലിറ്റി അവാര്‍ഡും എന്റെ ഭരണകാലഘട്ടത്തില്‍ ലഭിച്ചു. വലിയ പരിക്കൊന്നും കൂടാതെ അഞ്ച്‌ വര്‍ഷം ഭരിച്ചു. ആ കാലഘട്ടം ഞാനൊരുപാട്‌ ആസ്വദിച്ചെങ്കിലും കഥകളിയാണെന്നുമെന്റെ ഇഷ്‌ടവേഷം.

കഥകളി ഒരു പുരുഷമേധാവിത്വകലയാണെന്ന്‌ തോന്നിയിട്ടുണ്ടോ ?

അങ്ങനെ പറയാന്‍ സാധിക്കില്ല. പുരുഷന്മാര്‍ പൊതുവേ കൂടുതലുള്ള മേഖലയാണിത്‌. കാരണം കഥകളിയുടെ അഭ്യാസമുറകള്‍ വളരെ ബുദ്ധിമുട്ടുള്ളവയാണ്‌. പണ്ട്‌ കാലങ്ങളില്‍ കളരി അഭ്യസിപ്പിച്ചിരുന്നവരെയാണ്‌ കഥകളി പഠിപ്പിച്ചിരുന്നത്‌.

കളരിയുമായി ബന്ധപ്പെട്ട അഭ്യാസമുറകളാണ്‌ ഇവയില്‍ പലതും. നല്ല മെയ്‌വഴക്കവും ശ്രദ്ധയും ഇതിനാവശ്യമാണ്‌.

അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ സ്‌തീകള്‍ ഇതിന്‌ വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. അന്നത്തെ സാമൂഹികസ്‌ഥിതി അങ്ങെനെയായിരുന്നു.

ദിവസങ്ങളോളം അമ്പലങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച്‌ കഥകളി നടത്തുന്ന രീതിയായിരുന്നു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നൊരു യാത്ര തന്നെ ഇതിന്‌ ആവശ്യമായിരുന്നു.

പുരുഷമേധാവിത്വമെന്ന്‌ പറയുന്നതിനേക്കാള്‍ പുരുഷന്മാരുടെ മേഖലയാണ്‌ അതെന്ന്‌ പറയുന്നതാവും നല്ലത്‌. എന്നാല്‍ ഇന്നതിലൊരുപാട്‌ മാറ്റം വന്നിട്ടുണ്ട്‌. സ്‌ത്രീകളെ പഠിപ്പിക്കാന്‍ ആരും തയ്യാറാവുന്നില്ല. അച്‌ഛന്റെ മകളായതുകൊണ്ടാണ്‌ ഈ മേഖലയില്‍ തടസങ്ങളൊന്നും എനിക്കുണ്ടാവാത്തത്‌്്.

മറക്കാനാവാത്ത അനുഭങ്ങളെന്തെല്ലാം ?

തിരുവനന്തപുരത്ത്‌് കല്യാണസൗഗന്ധികത്തിലെ ഹനുമാന്റെ കഥാപാത്രം ചെയ്‌ത്‌ കഴിഞ്ഞപ്പോള്‍ നെടുമുടി വേണുച്ചട്ടന്‍ എന്നെ അഭിനന്ദിച്ചു. ഒരു പെണ്‍കുട്ടിയാണിത്‌ ചെയ്യതെന്നെനിക്ക്‌ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നദ്ദേഹം പറഞ്ഞു.

ഹനുമാന്‍ കളിക്കുമ്പോള്‍ പലരുമെന്നോട്‌ പറഞ്ഞിട്ടുള്ളത്‌ അച്‌ഛന്റെ ഹനുമാനെയാണ്‌ ഞങ്ങള്‍ക്ക്‌ കാണാന്‍ സാധിച്ചതെന്ന്‌്. അച്‌ഛന്‍ അറുപതാമത്തെ വയസ്സിലാണ്‌ മരിക്കുന്നത്‌.

ഒരുപാട്‌ നല്ല ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം തന്നിട്ടാണ്‌ അച്‌ഛന്‍ പോയത്‌. നിരവധി വേദികളില്‍ അച്‌ഛനൊപ്പമെനിക്ക്‌ വേദി പങ്കിടാന്‍ സാധിച്ചിട്ടുണ്ട്‌.

പുതിയതലമുറയ്‌ക്ക്‌ താല്‌പര്യം കുറവാണെന്ന്‌ തോന്നിയിട്ടുണ്ടോ ?

ഇല്ല. ഞാനിവിടെ കുട്ടികളെ കഥകളി പഠിപ്പിക്കുന്നുണ്ട്‌. 12 പേരില്‍ പതിനൊന്നും പെ ണ്‍കുട്ടികളാണ്‌. നല്ല മിടുക്കികള്‍. യൂത്ത്‌ ഫെസ്‌റ്റിവെലിന്‌ സമ്മാനം നേടാനുള്ളൊരുപാധിയായി മാത്രം ഇതിനെ കാണുന്നവര്‍ ഇന്ന്‌ സമൂഹത്തിലുണ്ട്‌. പലരും ഇതിനെയൊരു സപര്യയായി കാണാന്‍ തയ്യാറല്ല.

കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച്‌ ?

ഭര്‍ത്താവ്‌ സുരേഷ്‌ ഖത്തറിലാണ്‌. മീഡിയയുമായി ബന്ധപ്പെട്ട ജോലിയാണ്‌. മക്കള്‍ സിദ്ദാര്‍ഥ,്‌ കരുണ്‍, കാമ്യ. കൂടുംബമാണെനിക്കെല്ലാം. എന്റെ മകന്‍ നന്നായി പാടും. അല്ലാതെ കഥകളിയോട്‌ മകന്‌ താല്‌പര്യമില്ല.

മകള്‍ക്ക്‌ കുറച്ച്‌ താല്‌പര്യമുണ്ടെന്ന്‌ തോന്നുന്നുണ്ട്‌. മുദ്രകള്‍ കാണിക്കാനവള്‍ക്ക്‌ താല്‌പര്യമുണ്ട്‌. അഞ്ച്‌ വയസ്സ്‌ മാത്രമേയുള്ളൂ. കഥകളി ഒരുപാട്‌ അവള്‍ക്കിഷ്‌ടമാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ആതുരസേവനരംഗത്തെ ദൈവസാന്നിദ്ധ്യം

  അക്യുപങ്‌ചര്‍ ചികിത്സാരീതിയില്‍ തന്റേതായ വ്യക്‌തിമുദ്രപതിപ്പിച്ച ഡോക്‌ടര്‍ സിസ്‌റ്റര്‍ സോണിയ കന്യകയ്‌ക്കൊപ്പം.. ആതുരസേവനരംഗത്ത്‌ അക്യുപങ്‌ചറെന്ന...

 • mangalam malayalam online newspaper

  കഥകളിയിലെ സ്‌ത്രീത്വഭാവങ്ങള്‍

  സ്‌ത്രീവേഷവും പുരുഷവേഷവും ഒപ്പം ചെയ്‌ത്‌ കഥകളിയെന്ന കലയില്‍ തങ്ങളുടേതായ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍. കഥകളിയില്‍ ശോഭിക്കാന്‍ സ്‌ത്രീകള്‍ക്കും...

 • Rajesh Pillai

  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍

  മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ചലച്ചിത്ര ആഖ്യാന രീതി കൊണ്ടുവന്ന വ്യക്‌തിയാണ്‌ മണ്‍മറഞ്ഞുപോയ ചലച്ചിത്ര സംവിധായകന്‍ രാജേഷ്‌പിള്ള. ട്രാഫിക്‌...

Back to Top