Ads by Google

പരീക്ഷയെ നേരിടാം മികച്ച വിജയം സ്വന്തമാക്കാം

mangalam malayalam online newspaper

പരീക്ഷയ്‌ക്കുവേണ്ടിയാവരുത്‌ പഠിത്തം. അത്‌ അറിവിനുവേണ്ടിയാവണം. ഇനി പരീക്ഷയ്‌ക്കു വേണ്ടിയാണെങ്കില്‍ക്കൂടി പഠിക്കാന്‍ കുറുക്കുവഴികളില്ല. പക്ഷേ ശ്രദ്ധയോടെ പഠിച്ചാല്‍ ഓര്‍ത്തിരിക്കാനും നല്ല മാര്‍ക്കു വാങ്ങാനുമാവും. അതിനുവേണ്ടിയുള്ള ചില നിര്‍ദ്ദേശങ്ങളാണിവിടെ.

പരീക്ഷാക്കാലം മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കും ഒരുപോലെ സമ്മര്‍ദ്ദം നല്‌കുന്നവയാണ്‌. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്‌ മികച്ച വിജയം സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കാവും. അതിനു സഹായകരമായ ഏതാനും നിര്‍ദ്ദേശങ്ങളിതാ.

1. പഠനത്തിനായി ആവശ്യത്തിന്‌ സമയം നീക്കിവയ്‌ക്കുക.

പലയാളുകളും പഠനം അവസാനനിമിഷത്തേയ്‌ക്ക് മാറ്റിവയ്‌ക്കുന്നവരാണ്‌. എന്നാല്‍ ഇതൊരു നല്ല നടപടിയല്ല. പരീക്ഷകളുടെ എണ്ണം, ലഭ്യമായ സമയം, വിഷയം പഠിച്ചു തീര്‍ക്കാനുള്ള ബുദ്ധിമുട്ട്‌ ഇവയുടെ അടിസ്‌ഥാനത്തില്‍ ഒരു ടൈംടേബിള്‍ തയാറാക്കുക. ഇത്‌ പരീക്ഷയ്‌ക്ക് ഒരുങ്ങുമ്പോഴുള്ള സമ്മര്‍ദ്ദം കുറയ്‌ക്കുവാന്‍ സഹായകരമാകും.

2. പഠനസ്‌ഥലം ക്രമീകരിക്കുക

പഠനസ്‌ഥലം വൃത്തിയുള്ളതും, ചിട്ടയായി ക്രമീകരിച്ചിരിക്കുന്നതുമാണെന്ന്‌ ഉറപ്പുവരുത്തുക. പുസ്‌തകങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യമനുസരിച്ച്‌ അടുക്കിവയ്‌ക്കുക. പഠനസ്‌ഥലം ഭക്ഷണം കഴിക്കാനോ, ടി.വി. കാണാനോ ഒന്നും ഉപയോഗിക്കരുത്‌. അങ്ങനെയാണെങ്കില്‍ പഠിക്കാനിരിക്കുമ്പോള്‍ ടി.വി. കാണാനും, ഭക്ഷണം കഴിക്കാനുമൊക്കെയുള്ള തോന്നല്‍ ഉണ്ടാകാനിടയുണ്ട്‌.

3.ചോദ്യപേപ്പറുകള്‍ ചെയ്‌ത് പരിശീലിക്കാം

കഴിഞ്ഞ 5-10 വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ചെയ്‌ത് പരിശീലിക്കുന്നത്‌ പരീക്ഷാരീതി മനസിലാക്കാനും, തെറ്റു തിരുത്താനും സഹായിക്കും. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഏതാണെന്ന്‌ മനസിലാക്കുന്നതിനും ഇത്‌ സഹായകരമാണ്‌.

4. പ്രാര്‍ഥനയ്‌ക്കായി സമയം കണ്ടെത്തുക

പരീക്ഷാക്കാലത്തെ ടെന്‍ഷനെ നേരിടാനുള്ള മികച്ച മാര്‍ഗമാണ്‌ പ്രാര്‍ഥന. മനസിനെ ശാന്തമാക്കാനും, ആത്മവിശ്വാസം വര്‍ധിപ്പിക്കാനും, ശുഭാപ്‌തിവിശ്വാസമുള്ളവരായിത്തീരാനും പ്രാര്‍ഥന സഹായകമാണ്‌.

5. കുറിപ്പുകള്‍/ ചാര്‍ട്ടുകള്‍ തയാറാക്കുക

ഓരോ വിഷയവും പഠിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട കുറിപ്പുകളും ചാര്‍ട്ടുകളും തയാറാക്കുക. പരീക്ഷയ്‌ക്ക് തൊട്ടുമുമ്പുള്ള റിവിഷനിത്‌ സഹായകരമാണ്‌. ഓര്‍മയില്‍ കാര്യങ്ങള്‍ നിലനിര്‍ത്താന്‍ ചിത്രങ്ങളും, ഗ്രാഫുകളും സഹായിക്കും.

6. ബന്ധപ്പെടുത്തി പഠിക്കുക

നമ്മുടെ മനസില്‍ രൂഢമൂലമായ ആളുകള്‍, വര്‍ഷങ്ങള്‍, സ്‌ഥലങ്ങള്‍ ഇവയൊക്കെയായി ബന്ധപ്പെടുത്തി കാര്യങ്ങള്‍ പഠിക്കുന്നത്‌ വളരെ സഹായകരമാണ്‌.
ഉദാഹരണത്തിന്‌ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ അവസാനം ചേര്‍ക്കപ്പെട്ട ഭാഷകള്‍ മൈഥിലി, ബോഡോ, ഡോഗ്രി, സാന്താളി എന്നിവയാണ്‌.

ഇത്‌ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൈഥിലി എന്ന പെണ്‍കുട്ടി ബി.ഡി.എസ്‌ പൂര്‍ത്തിയാക്കി ദന്തഡോക്‌ടറായതിനെക്കുറിച്ച്‌ ആലോചിക്കുക. അപ്പോള്‍ മൈഥിലി ബി.ഡി.എസ്‌. എന്ന സൂത്രവാക്യം രൂപപ്പെടുത്താനാകും.

ബോഡോ, സോഗ്രി, സാന്താളി എന്നിവയുടെ ചുരുക്കെഴുത്താണ്‌ ബി.ഡി.എസ്‌.ഇത്തരത്തില്‍ യോജിക്കല്‍ അല്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നത്‌ ഓര്‍ത്തിരിക്കാന്‍ സഹായകമാണ്‌.

7. ചര്‍ച്ച ചെയ്‌ത് പഠിക്കുക/ മറ്റുള്ളവരെ പഠിപ്പിക്കുക

ഗ്രൂപ്പ്‌ സ്‌റ്റഡിയുടെ ഏറ്റവും വലിയ നേട്ടം കാര്യങ്ങള്‍ ചര്‍ച്ചചെയ്‌ത് പഠിക്കാം എന്നതാണ്‌. ഒറ്റയ്‌ക്ക് പഠിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനുമാവും. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കുന്നതും, മറ്റുള്ളവരെ പഠിപ്പിക്കുന്നതും ഓര്‍മശക്‌തിയെ ഉണര്‍ത്തും.

പഠനം രസകരമാക്കാനും ഗ്രൂപ്പ്‌ സ്‌റ്റഡി സഹായമാണ്‌. എന്നാല്‍ പഠനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും, സമയം പാഴാക്കുന്നതും ഒഴിവാക്കുക.

8. പഠനത്തിനിടയിലെ ഒഴിവുവേളകള്‍

നിശ്‌ചിതസമയത്തിനിടയ്‌ക്ക് ബ്രേക്ക്‌ എടുക്കാന്‍ മറക്കരുത്‌. ഈ സമയത്ത്‌ പത്രം വായിക്കുകയോ, വെയില്‍ കായുകയോ, നടക്കുകയോ ഒക്കെയാകാം. പ്രഭാതത്തിലെ സൂര്യരശ്‌മികളേറ്റ്‌ നടക്കുന്നത്‌ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ തലച്ചോറിന്‌ വിറ്റാമിന്‍ ഡി വളരെ പ്രാധാന്യമേറിയതാണ്‌.

9. പരീക്ഷാ ദിവസം

പരീക്ഷയ്‌ക്ക് അരമണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാഹാളിലെത്തുക. ഓരോ ഉത്തരത്തിനും വേണ്ട സമയം ക്രമീകരിക്കുക. ചോദ്യപേപ്പര്‍ വായിച്ച്‌ മനസിലാക്കുക. കുപ്പിയില്‍ വെള്ളം കരുതുക. പെന്‍സില്‍, റബര്‍, പേന ഇവയൊക്കെ കരുതുക. വാച്ച്‌ സമയബന്ധിതമായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ സഹായകരമാകും.

ഏറ്റവും മികച്ച രീതിയില്‍ പരീക്ഷയെഴുതും എന്ന്‌ നിങ്ങളുടെ ഉപബോധമനസിന്‌ ആജ്‌ഞ നല്‌കുക. ആവശ്യത്തിന്‌ വെള്ളം കുടിക്കുന്നത്‌ തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കും.

പരീക്ഷാക്കാലത്തെ ഭക്ഷണശീലങ്ങള്‍

പരീക്ഷാക്കാലത്ത്‌ പല വിദ്യാര്‍ഥികളും കാണിക്കുന്ന മണ്ടത്തരം ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാതിരിക്കുകയാണ്‌. ആരോഗ്യകരമായ ഭക്ഷണക്രമം ബുദ്ധിശക്‌തിയെ ഉണര്‍ത്തുന്നതിനൊപ്പം ഊര്‍ജസ്വലരായിരിക്കാനും സഹായിക്കും.

പരീക്ഷാക്കാലത്ത്‌ ഫാസ്‌റ്റ്ഫുഡ്‌ ഒഴിവാക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക്‌ നല്‌കുക. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിനനുയോജ്യമായ മറ്റൊരു ഭക്ഷണം മുട്ടയാണ്‌. പരീക്ഷാക്കാലത്ത്‌ കുട്ടികള്‍ക്ക്‌ ദിവസേന ഒരു മുട്ടയെങ്കിലും നല്‌കാം. മുട്ടയില്‍ ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ പരീക്ഷാക്കാലത്തെ മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇത്‌ സഹായിക്കും. ധാരാളം ന്യൂട്രിയന്റ്‌സ് അടങ്ങിയ സമീകൃതാഹാരമാണ്‌ മുട്ട.

ആപ്പിള്‍, അവോക്കാഡോ, സ്‌ട്രോബറി, പഴം തുടങ്ങിയവയ്‌ക്കൊപ്പം പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
പലയാളുകളും ചിന്തിക്കുന്നത്‌ പീനട്ട്‌ ബട്ടര്‍ ഒരു ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ്‌ എന്നാണ്‌. ഈ ധാരണ തെറ്റാണ്‌.

ശരീരത്തിനാവശ്യമുള്ള കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍ എന്നിവയൊക്കെയുള്ള മികച്ച ഭക്ഷണമാണിത്‌. പഠനത്തിനിടയ്‌ക്ക് കുട്ടികള്‍ക്ക്‌ കൊടുക്കാവുന്ന മികച്ച സ്‌നാക്കാണ്‌ പീനട്ട്‌ ബട്ടര്‍ തേച്ച ബ്രഡ്‌.

തൈര്‌, കഞ്ഞിവെള്ളം തുടങ്ങിയവയൊക്കെയും തലച്ചോറിന്റെ ഉദ്ദീപനത്തിന്‌ സഹായകരമായ ഭക്ഷണങ്ങളാണ്‌. ചായ, കാപ്പി, പെപ്‌സി തുടങ്ങിയവയൊക്കെ പരീക്ഷാക്കാലത്ത്‌ ഒഴിവാക്കണം. പകരം ഫ്രഷ്‌ ജ്യൂസുകള്‍, ഗ്രീന്‍ടീ മുതലായവ ശീലിപ്പിക്കുക. ഇപ്രകാരം ഭക്ഷണശീലങ്ങള്‍ക്കൂടി ശ്രദ്ധിച്ച്‌ മികച്ച റിസള്‍ട്ട്‌ സ്വന്തമാക്കാം.

(രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിജയ പരിശീലകനും മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധനുമായ ജോബിന്‍ എസ്‌. കൊട്ടാരം ഇരുപതോളം സെല്‍ഫ്‌ ഹെല്‍പ്‌ പുസ്‌തകങ്ങളുടെ രചയിതാവാണ്‌.)

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    ഞാനും സ്‌കൂളില്‍ പോകുവാ....

    ആദ്യമായി സ്‌കൂളുകളിലേക്ക്‌ പിച്ചവെച്ച്‌ നടന്നുകയറുന്ന കുരുന്നുകള്‍ നിരവധിയാണ്‌. ആദ്യമായി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ നിരവധി തയ്യാറെടുപ്പുകള്‍...

  • mangalam malayalam online newspaper

    കുഞ്ഞുമനസ്സിനെയറിയാം

    കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട്‌ സംസാരിക്കേണ്ട രീതികള്‍,...

  • mangalam malayalam online newspaper

    കുട്ടികള്‍ കളിച്ചുവളരട്ടെ...

    കുടുംബങ്ങളുടെ കേന്ദ്ര ബിന്ദുക്കളായി കുട്ടികള്‍ മാറിക്കഴിഞ്ഞു. അവരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചാണ്‌ പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്‌. ഈ...

Back to Top